സ്ഥലത്തെ സൂപ്പർമാർക്കറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചവിട്ടുമെത്തകൾ നോക്കിക്കൊണ്ടിരിക്കവേ, അവയുടെ പ്രതലങ്ങളിൽ പതിപ്പിച്ചിരിക്കുന്ന സന്ദേശങ്ങൾ ഞാൻ ശ്രദ്ധിച്ചു. “ഹലോ!” “ഹോം” എന്നീ വാക്കുകളും അവയുടെ “ഓ” എന്ന അക്ഷരത്തിനു പകരം ഹൃദയത്തിന്റെ ചിഹ്നവും കൊടുത്തിരിക്കുന്നു. സാധാരണ കണ്ടുവരാറുള്ള “സ്വാഗതം” എന്നെഴുതിയ ചവിട്ടുമെത്ത ഞാൻ തിരഞ്ഞെടുത്തു. വീടിന്റെ വാതിൽ പടിയിൽ അതിട്ടുകൊണ്ടു ഞാൻ എന്റെ ഹൃദയം പരിശോധിച്ചു. ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ എന്റെ ഭവനം ശരിക്കും സ്വാഗതം ചെയ്യുന്നുണ്ടോ? ദുരിതത്തിലോ കുടുംബ കലഹത്തിലോ അകപ്പെട്ട ഒരു കുട്ടിയേ? ആവശ്യത്തിലിരിക്കുന്ന ഒരു അയൽക്കാരനെ? നഗരത്തിനു പുറത്തുനിന്നു വന്നു പെട്ടെന്നു വിളിച്ച ഒരു കുടുംബാംഗത്തെ?
മര്ക്കൊസ് 9-ൽ, തന്റെ വിശുദ്ധ സാന്നിധ്യത്തിൽ പത്രൊസും യാക്കോബും യോഹന്നാനും ഭയഭക്തിയോടെ നിലകൊണ്ട മറുരൂപ മലയിൽ നിന്നു (വാ. 1-13) പ്രത്യാശ നഷ്ടപ്പെട്ട ഒരു പിതാവിന്റെ ദുരാത്മാവു ബാധിച്ച ബാലനെ സുഖപ്പെടുത്താൻ (വാ. 14-29) യേശു സഞ്ചരിക്കുന്നു. അതേത്തുടർന്ന്, ആസന്നമായ തന്റെ മരണത്തെക്കുറിച്ചു യേശു ശിഷ്യന്മാർക്കു സ്വകാര്യ പാഠങ്ങൾ പറഞ്ഞുകൊടുത്തു (വാ. 30-32). അവർക്ക് അവന്റെ ആശയം തീരെ മനസ്സിലാക്കാൻ കഴിയാതെ പോയി (വാ. 33-34). അതിനോടു പ്രതികരിച്ചുകൊണ്ട്, യേശു ഒരു ശിശുവിനെ മടിയിലിരുത്തി പറഞ്ഞു: “ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു” (വാ. 37). ഇവിടെ സ്വാഗതം എന്ന വാക്കിന്റെ അർത്ഥം അതിഥിയായി സ്വീകരിക്കുക, കൈക്കൊള്ളുക എന്നാണ്. നാം അവനെ എപ്രകാരം സ്വാഗതം ചെയ്യുമോ അതുപോലെ അവഗണിക്കപ്പെടുന്നവരെയും അസൗകര്യമായി കരുതപ്പെടുന്നവരെയും ഉൾപ്പെടെ ഏവരെയും തന്റെ ശിഷ്യന്മാർ സ്വാഗതം ചെയ്യണമെന്നു യേശു ആഗ്രഹിക്കുന്നു.
സ്വാഗതമരുളുന്ന എന്റെ ചവുട്ടിയെക്കുറിച്ചു ഞാൻ ചിന്തിച്ചു. അവന്റെ സ്നേഹം ഞാൻ എപ്രകാരം മറ്റുള്ളവരിലേക്കു പകരുമെന്നതിനെക്കുറിച്ചു ഞാൻ വിചിന്തനം നടത്തി. യേശുവിനെ ഒരു അമൂല്യ അതിഥിയായി സ്വാഗതം ചെയ്തുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്. അവൻ ആഗ്രഹിക്കുന്ന രീതിയിൽ മറ്റുള്ളവരെ സ്വാഗതം ചെയ്തുകൊണ്ട് എന്നെ നയിക്കാൻ ഞാൻ അവനെ അനുവദിക്കുമോ?
എപ്പോൾ, എങ്ങനെയാണ് നിങ്ങൾ യേശുവിനെ നിങ്ങളുടെ ഹൃദയത്തിലേക്കു സ്വാഗതം ചെയ്തത്? മറ്റുള്ളവരെ നിങ്ങൾ സ്വാഗതം ചെയ്യുന്ന രീതിയിൽ ഇത് എന്തു സ്വാധീനമാണ് ചെലുത്തേണ്ടത്?
പ്രിയ യേശുവേ, ഞാൻ അങ്ങയിൽ എന്റെ ഭവനം സൃഷ്ടിക്കുന്നതു പോലെ എന്നിലും അങ്ങയുടെ ഭവനം സൃഷ്ടിക്കേണമേ.