മിലിട്ടറി മാൻ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ, “ദിവസേന നിങ്ങളുടെ കിടക്ക ഒരുക്കുക’’ എന്നതിനെക്കുറിച്ചുള്ള പ്രഭാഷണ വീഡിയോ 10 കോടി പേരാണ് ഓണ്ലൈനിൽ കണ്ടത്. എന്നാൽ വിരമിച്ച ആ നേവി സീൽ അഡ്മിറൽ വില്യം മക്റേവൻ മറ്റൊരു പാഠം പങ്കുവയ്ക്കുന്നു. മധ്യപൂർവദേശത്തെ ഒരു സൈനിക നടപടിക്കിടെ, ഒരു കുടുംബത്തിലെ നിരപരാധികളായ നിരവധി അംഗങ്ങൾ അബദ്ധവശാൽ കൊല്ലപ്പെട്ടതായി മക്റേവൻ ദുഃഖപൂർവ്വം സമ്മതിച്ചിട്ടുണ്ട്. കുടുംബത്തോട് ആത്മാർത്ഥമായ ക്ഷമാപണത്തിനു താൻ കടപ്പെട്ടിരിക്കുന്നുവെന്നു വിശ്വസിച്ച്, ഹൃദയം തകർന്ന ആ പിതാവിനോടു ക്ഷമ ചോദിക്കാൻ മക്റേവൻ ധൈര്യപ്പെട്ടു.
“ഞാനൊരു സൈനികനാണ്,” മക്റേവൻ ഒരു വിവർത്തകൻ മുഖേന പറഞ്ഞു. “എന്നാൽ എനിക്കും കുട്ടികളുണ്ട്, എന്റെ ഹൃദയം നിങ്ങളെയോർത്തു ദുഃഖിക്കുന്നു.” ആ മനുഷ്യന്റെ പ്രതികരണം? മാപ്പ് എന്ന ഉദാരമായ ദാനം അദ്ദേഹം മക്റേവനു നൽകി. ആ മനുഷ്യന്റെ ജീവിച്ചിരിക്കുന്ന മകൻ മക്റേവനോടു പറഞ്ഞു, “വളരെയധികം നന്ദി. ഞങ്ങൾ താങ്കൾക്കെതിരെ ഞങ്ങളുടെ ഹൃദയത്തിൽ ഒന്നും സൂക്ഷിക്കുകയില്ല.”
അത്തരം ഉദാരമായ കൃപയെക്കുറിച്ച് അപ്പൊസ്തലനായ പൗലൊസ് എഴുതുകയുണ്ടായി: “അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു…” (കൊലൊസ്സ്യർ 3:12). ജീവിതം നമ്മെ പലവിധത്തിൽ പരീക്ഷിക്കുമെന്ന് അവനറിയാമായിരുന്നു. അതിനാൽ, കൊലൊസ്സ്യ സഭയിലെ വിശ്വാസികളെ അവൻ ഇപ്രകാരം ഉപദേശിച്ചു: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ” (കൊലൊസ്സ്യർ 3:13).
അത്തരം അനുകമ്പ നിറഞ്ഞതും ക്ഷമിക്കുന്നതുമായ ഹൃദയങ്ങളോടുകൂടി ആയിരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത് എന്താണ്? ദൈവത്തിന്റെ ഉദാരമായ സ്നേഹം. പൗലൊസ് ഉപസംഹരിച്ചതുപോലെ, “എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ” (വാ. 14).
ക്ഷമ ഉദാരമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഇന്നു നിങ്ങൾ ആരോടാണ് ക്ഷമിക്കുക?
ക്ഷമിക്കുന്ന ദൈവമേ, ക്ഷമിക്കാനുള്ള അങ്ങയുടെ ഉദാരമായ ഇച്ഛാശക്തി ദയവായി ഇന്ന് എനിക്കും നൽകേണമേ.