“ഞാൻ അങ്ങനെ ചെയ്തിട്ടില്ല!” അത് ഒരു നുണയായിരുന്നു. ദൈവം എന്നെ തടയുന്നതുവരെ ഞാൻ അങ്ങനെ പറഞ്ഞു രക്ഷപ്പെട്ടു. ഞാൻ മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ, ഒരു പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ വാദ്യസംഘത്തിന്റെ പുറകിൽ സ്പിറ്റ്ബോൾ (കടലാസ് ചുരുട്ടി ഉരുണ്ടരൂപത്തിലാക്കി ഒരു കുഴലിലൂടെ തുപ്പുന്ന വിനോദം) ഉപയോഗിച്ചു ശല്യം ചെയ്യുന്ന ഒരു സംഘത്തിന്റെ ഭാഗമായിരുന്നു ഞാൻ. മുൻ നാവികനും അച്ചടക്കത്തിനു പേരുകേട്ടവനുമായിരുന്നു ഞങ്ങളുടെ ഡയറക്ടർ. എനിക്ക് അദ്ദേഹത്തെ ഭയമായിരുന്നു. അതുകൊണ്ട് എന്റെ സംഘാഗംങ്ങൾ എന്നെയും പ്രതിചേർത്തപ്പോൾ, ഞാൻ അതിനെക്കുറിച്ച് അദ്ദേഹത്തോടു നുണ പറഞ്ഞു. പിന്നീടു ഞാൻ എന്റെ പിതാവിനോടും നുണ പറഞ്ഞു.

എന്നാൽ ഈ നുണ തുടരാൻ ദൈവം അനുവദിച്ചില്ല. അതിനെക്കുറിച്ചു ശക്തമായ കുറ്റബോധം അവൻ എനിക്കു നൽകി. ആഴ്ചകളോളം എതിർത്തതിനു ശേഷം ഞാൻ വഴങ്ങിക്കൊടുത്തു. ഞാൻ ദൈവത്തോടും എന്റെ പിതാവിനോടും ക്ഷമ ചോദിച്ചു. പിന്നീട്, ഞാൻ എന്റെ ഡയറക്ടറുടെ ഭവനത്തിൽ ചെന്നു കണ്ണീരോടെ തെറ്റ് ഏറ്റുപറഞ്ഞു. ഭാഗ്യവശാൽ, അദ്ദേഹം ദയയും ക്ഷമയും ഉള്ളവനായിരുന്നു. 

ആ ഭാരം ഒഴിഞ്ഞപ്പോൾ അനുഭവപ്പെട്ട ശാന്തി ഞാൻ ഒരിക്കലും മറക്കില്ല. ഞാൻ കുറ്റബോധത്തിന്റെ ഭാരത്തിൽ നിന്നു മോചിതനായിരിക്കുന്നു. ആഴ്ചകൾക്കു ശേഷം ഞാൻ ആദ്യമായി സന്തോഷം അനുഭവിച്ചു. തന്റെ ജീവിതത്തിലെ തെറ്റിനെക്കുറിച്ചുള്ള ബോധ്യത്തിന്റെയും ഏറ്റുപറച്ചിലിന്റെയും ഒരു കാലഘട്ടം ദാവീദ് വിവരിക്കുന്നുണ്ട്. “ഞാൻ മിണ്ടാതെയിരുന്നപ്പോൾ… എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി; രാവും പകലും നിന്റെ കൈ എന്റെമേൽ ഭാരമായിരുന്നു” എന്നു അവൻ ദൈവത്തോടു പറയുന്നു. “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു” എന്നു അവൻ തുടരുന്നു (സങ്കീർത്തനങ്ങൾ 32:3-5).

സത്യസന്ധത ദൈവത്തിനു പ്രധാനമാണ്. നമ്മുടെ പാപങ്ങൾ അവനോട് ഏറ്റുപറയണമെന്നും നാം തെറ്റു ചെയ്തവരോടു ക്ഷമ ചോദിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. “നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു” എന്നു ദാവീദ് പ്രഖ്യാപിക്കുന്നു (വാ. 5). ദൈവത്തിന്റെ ക്ഷമയുടെ സ്വാതന്ത്ര്യം അനുഭവിച്ചറിയുന്നത് എത്രയോ നല്ലതാണ്!