അർജന്റീനിയൻ ഗാനമായ “എൽ സീലോ കാന്റ അലെഗ്രിയ” ഹൈസ്കൂൾ ഗായകസംഘം ആലപിച്ചപ്പോൾ അവരുടെ ശബ്ദത്തിൽ ആനന്ദം പ്രകടമായിരുന്നു. ഞാൻ പ്രകടനം ആസ്വദിച്ചുവെങ്കിലും എനിക്കു സ്പാനിഷ് അറിയാത്തതിനാൽ വരികൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ അധികം താമസിയാതെ, പരിചിതമായ ഒരു പദം ഞാൻ തിരിച്ചറിഞ്ഞു. ഗായകസംഘം “അലേലൂയാ!” എന്ന് ആഹ്ലാദത്തോടെ പ്രഖ്യാപിക്കാൻ തുടങ്ങി. ലോകമെമ്പാടുമുള്ള മിക്ക ഭാഷകളിലും സമാനമായി തോന്നുന്ന ദൈവത്തോടുള്ള സ്തുതിയുടെ ഒരു പ്രഖ്യാപനമായ “അലേലൂയ” ഞാൻ ആവർത്തിച്ചു കേട്ടു. ഗാനത്തിന്റെ പശ്ചാത്തലം അറിയാനുള്ള ആകാംക്ഷയിൽ, സംഗീതമേളക്കു ശേഷം ഞാൻ ഓൺലൈനിൽ പോയി, “സ്വർഗ്ഗം സന്തോഷം പാടുന്നു” എന്നാണ് ഗാനത്തിന്റെ തലക്കെട്ടിന്റെ അർത്ഥം എന്നു കണ്ടെത്തി.

വെളിപ്പാട് 19-ലെ ആഘോഷത്തിന്റെതായ ഒരു വചനഭാഗത്ത്, ആ ഗായകസംഘത്തിന്റെ ഗാനത്തിൽ പ്രകടിപ്പിക്കുന്ന യാഥാർത്ഥ്യത്തിന്റെ ഒരു നേർക്കാഴ്ച നമുക്കു ലഭിക്കുന്നു — സ്വർഗ്ഗം മുഴുവൻ സന്തോഷിക്കുന്നു! പുതിയ നിയമത്തിലെ അവസാന പുസ്തകത്തിൽ കൊടുത്തിരിക്കുന്ന  ഭാവിയെക്കുറിച്ചുള്ള അപ്പൊസ്തലനായ യോഹന്നാന്റെ ദർശനത്തിൽ, സ്വർഗത്തിൽ ദൈവത്തോടു കൃതജ്ഞത പ്രഖ്യാപിക്കുന്ന ഒരു വലിയ ജനക്കൂട്ടത്തെയും ദൂത സൃഷ്ടികളെയും അവൻ കണ്ടു. തിന്മയെയും അനീതിയെയും അതിജീവിച്ച ദൈവത്തിന്റെ ശക്തിയെയും, മുഴുവൻ ഭൂമിയുടെയും മേലുള്ള അവന്റെ ഭരണത്തെയും, അവനോടൊപ്പമുള്ള നിത്യജീവനെയും ഗായകസംഘത്തിന്റെ ശബ്ദം ആഘോഷിക്കുന്നുവെന്നു യോഹന്നാൻ എഴുതി. സ്വർഗ്ഗത്തിലെ എല്ലാ നിവാസികളും വീണ്ടും വീണ്ടും “ഹല്ലേലൂയാ!” (വാ. 1, 3, 4, 6), അഥവാ “ദൈവത്തിനു സ്തുതി!” എന്നു പ്രഖ്യാപിക്കുന്നു.

ഒരു ദിവസം “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള” (5:9) ജനം ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കും. എല്ലാ ഭാഷകളിലുമുള്ള നമ്മുടെ ശബ്ദങ്ങൾ സന്തോഷത്തോടെ ഒരുമിച്ചു “ഹല്ലേലൂയാ” എന്നു ആർക്കും!