ഫോട്ടോഗ്രാഫർ എന്ന നിലയിൽ ടോണി വക്കാരോയ്ക്കു സൈന്യം ഒരു അവസരം നൽകിയില്ല. പക്ഷേ അത് അവനെ തടഞ്ഞില്ല. മരങ്ങളിൽ നിന്നു മഴ പെയ്യുന്നതു പോലെ പതിക്കുന്ന പീരങ്കി ഷെല്ലുകളും അതിന്റെ കൂർത്ത അവശിഷ്ടങ്ങളും തട്ടിമാറ്റുന്നതിന്റെ ഭയാനകമായ നിമിഷങ്ങൾക്കിടയിൽപോലും അവൻ ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്നു. തുടർന്ന്, തന്റെ സുഹൃത്തുക്കൾ ഉറങ്ങുമ്പോൾ, ഫിലിം ഡവലപ്പ് ചെയ്യുന്നതിനായി അവരുടെ ഹെൽമറ്റ് ഉപയോഗിച്ചു രാസവസ്തുക്കൾ കലർത്തി. രാത്രികാല വനം ഡാർക്ക് റൂം ആയി മാറി. അതിൽ വക്കാരോ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭാഗമായ ഹർട്ട്ജെൻ വനത്തിലെ പോരാട്ടത്തിന്റെ കാലാതീതമായ റെക്കോർഡു സൃഷ്ടിച്ചെടുത്തു.

തന്റെ കാലത്തു ദാവീദു രാജാവു യുദ്ധങ്ങളിലും ഇരുണ്ട കാലങ്ങളിലും കൂടി കടന്നുപോകുകയുണ്ടായി. 2 ശമൂവേൽ 22 പറയുന്നു, “യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽനിന്നും വിടുവിച്ചശേഷം…” (വാ. 1). ദൈവത്തിന്റെ വിശ്വസ്തതയുടെ ഒരു രേഖ സൃഷ്ടിക്കാൻ ദാവീദ് ആ അനുഭവങ്ങൾ ഉപയോഗപ്പെടുത്തി. “മരണത്തിന്റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു” (വാ. 5) എന്നു അവൻ പറഞ്ഞു. 

താമസിയാതെ ദാവീദു നിരാശയിൽ നിന്നു പ്രത്യാശയിലേക്കു നീങ്ങി: “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചു,” അവൻ അനുസ്മരിച്ചു. “അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു” (വാ. 7). ദൈവത്തിന്റെ നിരന്തരമായ സഹായത്തിന് ദൈവത്തെ സ്തുതിക്കുന്നുണ്ടെന്നു ദാവീദ് ഉറപ്പു വരുത്തി. “യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും. നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും” (വാ. 29-30).

ദാവീദു തന്റെ വൈഷമ്യങ്ങളെ തന്റെ വിശ്വസ്ത ദൈവത്തെക്കുറിച്ചു ലോകത്തോടു പറയാനുള്ള അവസരങ്ങളാക്കി മാറ്റി. നമുക്കും ഇപ്രകാരം ചെയ്യാവുന്നതാണ്. എല്ലാത്തിനുമുപരി, ഇരുളിനെ വെളിച്ചമാക്കി മാറ്റുന്നവനിലാണ് നാം ആശ്രയിക്കുന്നത്. 

—റ്റിം ഗസ്റ്റാഫ്‌സൺ

എപ്പോഴാണു നിങ്ങൾക്ക് ഏറ്റവും നിരാശ തോന്നിയിട്ടുള്ളത്? ആ നിമിഷത്തിൽ നിങ്ങൾ അനുഭവിച്ച ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ചു നിങ്ങൾ മറ്റുള്ളവരോടു പറയുമോ?

പ്രിയ ദൈവമേ, പ്രത്യേകിച്ച് ഇരുണ്ട സമയത്ത്, അങ്ങ് എന്നെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന അനേകം വഴികൾ കാണാൻ എന്നെ സഹായിക്കേണേ.