ജെ. ഐ. പാക്കർ എന്നറിയപ്പെടുന്ന ജെയിംസ് ഇന്നൽ പാക്കർ 2020-ൽ തന്റെ തൊണ്ണൂറ്റി നാലാമത്തെ ജന്മദിനത്തിന് വെറും അഞ്ചു ദിവസം ബാക്കിനിൽക്കെ മരണപ്പെട്ടു. പണ്ഡിതനും എഴുത്തുകാരനുമായ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം, നോയിംഗ് ഗോഡ്, 1.5 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടു. വേദപുസ്തക ആധികാരികത, ശിഷ്യത്വ-രൂപീകരണം എന്നി വിഷയങ്ങളിൽ അഗാധ പണ്ഡിതനായിരുന്ന പാക്കർ യേശുവിനു വേണ്ടി ജീവിക്കുന്നതു ഗൗരവമായി എടുക്കാൻ ലോകത്തെമ്പാടുമുള്ള ക്രിസ്തു വിശ്വാസികളെ പ്രേരിപ്പിച്ചിരുന്നു. സഭയോടുള്ള തന്റെ അവസാന വാക്കുകൾക്കായി ജീവിതത്തിന്റെ വൈകിയ വേളയിൽ അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി. പാക്കറിന് ഒരു വരി മാത്രമേ ഉണ്ടായിരുന്നുള്ളൂ പറയാൻ, വെറും നാലു വാക്കുകൾ: “എല്ലാ വിധത്തിലും ക്രിസ്തുവിനെ മഹത്വപ്പെടുത്തുക.”

നാടകീയമായ തന്റെ മാനസാന്തരത്തിനുശേഷം, തന്റെ മുമ്പിലുള്ള വേല വിശ്വസ്തതയോടെ ചെയ്യാൻ ഒരുങ്ങുകയും ഫലങ്ങൾക്കായി ദൈവത്തിൽ ആശ്രയിക്കുകയും ചെയ്ത അപ്പൊസ്തലനായ പൗലൊസിന്റെ ജീവിതത്തെയാണ് ആ വാക്കുകൾ പ്രതിഫലിപ്പിക്കുന്നത്. റോമർക്കെഴുതിയ ലേഖനത്തിൽ കാണപ്പെടുന്ന പൗലൊസിന്റെ വാക്കുകൾ, പുതിയ നിയമത്തിൽ ഏറ്റവും കൂടുതൽ ദൈവശാസ്ത്രം നിറഞ്ഞിരിക്കുന്നവയാണ്. അപ്പൊസ്തലൻ എഴുതിയതുമായി ചേർന്നുനിന്നു കൊണ്ടു പാക്കർ സംഗ്രഹിക്കുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു… കൃപ നല്കുമാറാകട്ടെ” (റോമർ 15:5-6).

പൗലൊസിന്റെ ജീവിതം നമുക്കൊരു മാതൃകയാണ്. നമുക്കു പല തരത്തിൽ ദൈവത്തെ മഹത്വപ്പെടുത്താൻ (ആദരിക്കാൻ) കഴിയുമെങ്കിലും നമുക്കു മുന്നിൽ വെച്ചിരിക്കുന്ന ജീവിതം നയിക്കുകയും അതിന്റെ ഫലങ്ങൾ ദൈവത്തിന്റെ മാറ്റമില്ലാത്ത കരങ്ങളിൽ ഏൽപ്പിക്കുകയും ചെയ്യുക എന്നതാണ് അതിൽ ഏറ്റവും മികച്ച ഒന്ന്. പുസ്തകങ്ങൾ എഴുതുകയോ മിഷനറി യാത്രകൾ നടത്തുകയോ പ്രാഥമിക വിദ്യാഭ്യാസം നൽകുകയോ പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കുകയോ ചെയ്താലും അതിന്റെയെല്ലാം ലക്ഷ്യം ഒന്നാണ്: ക്രിസ്തുവിനെ എല്ലാ വിധത്തിലും മഹത്വപ്പെടുത്തുക! നാം പ്രാർത്ഥിക്കുകയും തിരുവെഴുത്ത് വായിക്കുകയും ചെയ്യുമ്പോൾ, അർപ്പണബോധത്തോടെയുള്ള അനുസരണയിൽ ജീവിക്കാനും നാം പറയുന്നതും ചെയ്യുന്നതുമായ എല്ലാറ്റിലും യേശുവിനെ മഹത്വപ്പെടുത്തുന്നതിനായി നമ്മുടെ ദൈനംദിന ജീവിതം ഉപയോഗപ്പെടുത്താനും ദൈവം നമ്മെ സഹായിക്കുന്നു.