ഒരമ്മ വർഷങ്ങളോളം, തന്റെ മുതിർന്ന മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ആരോഗ്യസംരക്ഷണ സംവിധാനം ഉപയോഗപ്പെടുത്താനും കൗൺസിലിംഗും മികച്ച മരുന്നുകളും കണ്ടെത്താനും അവളെ സഹായിച്ചു. മകളുടെ അങ്ങേയറ്റത്തെ ഉയർച്ചകളും ആഴത്തിലുള്ള താഴ്ചകളും ആ അമ്മയുടെ ഹൃദയത്തെ ദിവസം തോറും ഭാരപ്പെടുത്തികൊണ്ടിരുന്നു. പലപ്പോഴും സങ്കടത്താൽ തളർന്നു പോകുമ്പോൾ, സ്വന്തം കാര്യത്തിൽ കരുതൽ കാണിക്കേണ്ടതുണ്ടെന്ന് അവൾ മനസ്സിലാക്കി. അവളുടെ ആകുലതകളും അവൾക്കു നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളും ചെറിയ കടലാസുകളിൽ എഴുതി അവളുടെ കിടക്കയുടെ അരികിലുള്ള “ദൈവത്തിന്റെ തളികയിൽ” വയ്ക്കാൻ ഒരു സുഹൃത്തു ഒരിക്കൽ നിർദ്ദേശിച്ചു. ഈ ലളിതമായ പ്രവൃത്തിക്ക് അവളുടെ സമ്മർദ്ദങ്ങൾ എല്ലാം ഇല്ലാതാക്കാൻ കഴിഞ്ഞില്ലെങ്കിലും ആ തളിക കാണുമ്പോഴെല്ലാം ആ ആശങ്കകൾ അവളുടെ പക്കലല്ല, ദൈവത്തിന്റെ തളികയിലാണ് എന്ന് അവളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.

ഒരു വിധത്തിൽ പറഞ്ഞാൽ, തന്റെ വൈഷമ്യങ്ങൾ അക്കമിട്ടു നിരത്തി ദൈവത്തിന്റെ തളികയിൽ വയ്ക്കുകുയായിരുന്നു ദാവീദിന്റെ പല സങ്കീർത്തനങ്ങളും (സങ്കീർത്തനങ്ങൾ 55:1, 16-17). തന്റെ മകൻ അബ്ശാലോമിന്റെ അട്ടിമറി ശ്രമം വിവരിക്കുകയാണെങ്കിൽ, ദാവീദിന്റെ “അടുത്ത സുഹൃത്ത്” അഹീഥോഫെൽ വാസ്തവത്തിൽ അവനെ ഒറ്റിക്കൊടുത്ത്, അവനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടു (2 ശമൂവേൽ 15-16). അതുകൊണ്ടു ദാവീദ് “വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു ” കരയുകയും ദൈവം അവന്റെ പ്രാർത്ഥന കേൾക്കുകയും ചെയ്തു (സങ്കീർത്തനങ്ങൾ 55:1-2, 16-17). അവൻ “[തന്റെ] ഭാരം യഹോവയുടെമേൽ” വച്ചുകൊണ്ടു ദൈവത്തിന്റെ കരുതൽ അനുഭവിക്കാൻ തീരുമാനിച്ചു (വാ. 22).

ആശങ്കകളും ഭയങ്ങളും നമ്മെ ഏവരെയും ബാധിക്കാറുണ്ടെന്നു നമുക്ക് ആധികാരികമായി തന്നെ അംഗീകരിക്കാവുന്നതാണ്. ദാവീദിന്റെ പോലുള്ള ചിന്തകൾ നമുക്കുമുണ്ടായേക്കാം: “പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു” (വാ. 6). ദൈവം സമീപസ്ഥനാണ്. സാഹചര്യങ്ങൾ മാറ്റാനുള്ള ശക്തി അവനു മാത്രമേയുള്ളൂ. ഭാരങ്ങളെല്ലാം അവന്റെ തളികയിൽ വയ്ക്കുക.