1955 ജൂൺ 29 ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ വിന്യസിക്കാനുള്ള ഉദ്ദേശ്യം പ്രഖ്യാപിച്ചു. താമസിയാതെ, സോവിയറ്റ് യൂണിയനും സമാനമായ പദ്ധതി പ്രഖ്യാപിച്ചു. അങ്ങനെ ബഹിരാകാശ മത്സരം ആരംഭിച്ചു. സോവിയറ്റ് യൂണിയൻ ആദ്യത്തെ ഉപഗ്രഹം (സ്പുട്നിക്) വിക്ഷേപിച്ചുകൊണ്ടു ആദ്യത്തെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുകയും യൂറി ഗഗാറിൻ നമ്മുടെ ഗ്രഹത്തെ ഒരു പ്രാവശ്യം വലം വയ്ക്കുകയും ചെയ്തു. 1969 ജൂലൈ 20-നു ചന്ദ്രോപരിതലത്തിൽ നീൽ ആംസ്ട്രോങ്ങ് നടത്തിയ “മനുഷ്യരാശിയുടെ കുതിച്ചു ചാട്ടത്തിലൂടെ” അനൗദ്യോഗികമായി മത്സരം അവസാനിപ്പിക്കുന്നതു വരെ മത്സരം തുടർന്നുകൊണ്ടിരുന്നു. സഹകരണത്തിന്റെ ഒരു കാലഘട്ടം ഉടൻ ഉദിച്ചുയർന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം സൃഷ്ടിക്കുന്നതിലേക്കു അതു നയിച്ചു.
ചിലപ്പോഴൊക്കെ മത്സരം ആരോഗ്യകരമാകാം. അല്ലാത്തപക്ഷം നമ്മൾ ശ്രമിക്കാത്ത കാര്യങ്ങൾ നേടിയെടുക്കാൻ അത്തരം മത്സരങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, മറ്റു സമയങ്ങളിൽ, മത്സരം വിനാശകരമാണ്. കൊരിന്തിലെ സഭയിൽ ഇത് ഒരു പ്രശ്നമായിരുന്നു. വിവിധ സംഘങ്ങൾ വിവിധ സഭാ നേതാക്കളെ തങ്ങളുടെ പ്രത്യാശാകിരണങ്ങളായി കണ്ടുകൊണ്ട് അവരോടു പറ്റിച്ചേർന്നു നിന്നു. “ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല” (1 കൊരിന്ത്യർ 3:7) എന്ന് എഴുതിക്കൊണ്ടു പൗലൊസ് അതിനെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു. “ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ” (വാ. 9) എന്നു പറഞ്ഞു അവൻ ഉപസംഹരിച്ചു.
കൂട്ടുവേലക്കാർ അത്രേ – എതിരാളികളല്ല. അന്യോന്യം മാത്രമല്ല, ദൈവത്തോടും! അവന്റെ ശക്തിപ്പെടുത്തലിലൂടെയും അവന്റെ നടത്തിപ്പിലൂടെയും, നമ്മുടെ മഹത്വത്തിനല്ല, അവന്റെ മഹത്വത്തിനായി യേശുവിന്റെ സന്ദേശം മുന്നോട്ടു കൊണ്ടുപോകാൻ കൂട്ടുവേലക്കാരായി നമുക്ക് ഒരുമിച്ചു ശുശ്രൂഷിക്കാം.
എപ്പോഴെങ്കിലും നിങ്ങൾ അനാരോഗ്യകരമായ മത്സരം അനുഭവിച്ചിട്ടുണ്ടോ, അത് എപ്രകാരമായിരുന്നു? മറ്റുള്ളവരെ താഴ്മയോടെ ശുശ്രൂഷിക്കാൻ യേശു നിങ്ങളെ സഹായിക്കുന്നത് എങ്ങനെയാണ്?
സ്നേഹമുള്ള ദൈവമേ, അങ്ങയെ സേവിക്കാനുള്ള പദവിക്കു നന്ദി. അങ്ങയെ മഹത്വപ്പെടുത്തുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുമായി പ്രവർത്തിക്കുന്നതിന്റെ മൂല്യം ദയവായി എന്നെ പഠിപ്പിക്കേണമേ.