ഞാൻ ഒരു യുവ വിശ്വാസിയായിരുന്നപ്പോൾ, “പർവതമുകൾ” അനുഭവങ്ങളിൽ വച്ചായിരിക്കും യേശുവിനെ കണ്ടുമുട്ടുക എന്നു ഞാൻ കരുതി. എന്നാൽ ആ ഉയരങ്ങൾ അപൂർവ്വമായി മാത്രം നീണ്ടുനിൽക്കുകയോ വളർച്ചയിലേക്കു നയിക്കുകയോ ചെയ്യുന്നവയായിരുന്നു. മരുഭൂമിയിലാണു നാം ദൈവത്തെ കണ്ടുമുട്ടുകയും വളരുകയും ചെയ്യുന്നത് എന്ന് എഴുത്തുകാരി ലിന അബുജംറ പറയുന്നു. “നമ്മുടെ ജീവിതത്തിലെ മരുപ്രദേശങ്ങൾ നമ്മെ ശക്തരാക്കുന്നതിന് ഉപയോഗിക്കുക എന്നതാണു ദൈവത്തിന്റെ ലക്ഷ്യം” എന്നു “മരുഭൂമിയിലൂടെ” എന്ന അവരുടെ വേദപുസ്തക പഠനത്തിൽ അവർ എഴുതുന്നു. “നിങ്ങളുടെ വേദനയുടെ നടുവിൽ ലഭിക്കുന്നതാണ് ദൈവത്തിന്റെ കൃപ. വേദനയുടെ അഭാവത്താൽ തെളിയിക്കപ്പെടേണ്ടതല്ല ആ കൃപ” എന്ന്  അവർ തുടരുന്നു.

വ്യസനം, വിയോഗം, വേദന എന്നിവയുടെ കഠിനമായ ഇടങ്ങളിലാണു നമ്മുടെ വിശ്വാസത്തിൽ വളരാനും അവനോടു കൂടുതൽ അടുക്കാനും ദൈവം നമ്മെ സഹായിക്കുന്നത്. ലിന മനസ്സിലാക്കിയതുപോലെ, “ദൈവത്തിന്റെ പദ്ധതിയിലെ ഒരു നോട്ടപ്പിശകല്ല മരുഭൂമി, മറിച്ചു [നമ്മുടെ] വളർച്ചാ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണത്.”

പഴയനിയമത്തിലെ അനേകം ഗോത്രപിതാക്കന്മാരെ ദൈവം മരുഭൂമിയിലേക്കു നയിക്കുകയുണ്ടായി. അബ്രഹാമിനും യിസഹാക്കിനും യാക്കോബിനും മരുഭൂമിയിലെ അനുഭവങ്ങൾ ഉണ്ടായിരുന്നു. മരുഭൂമിയിൽ വച്ചാണു ദൈവം മോശെയുടെ ഹൃദയം ഒരുക്കിയെടുത്തുകൊണ്ടു തന്റെ ജനത്തെ അടിമത്തത്തിൽ നിന്നു പുറപ്പെടുവിച്ചു കൊണ്ടുവരാൻ അവനെ വിളിച്ചത് (പുറപ്പാട് 3:1-2, 9-10). മരുഭൂമിയിൽ വച്ചാണു ദൈവം തന്റെ സഹായം പ്രദാനം ചെയ്തും മാർഗനിർദേശം നൽകിയും നാൽപ്പതു വർഷത്തോളം യിസ്രായേൽമക്കളുടെ യാത്രയെ കരുതലോടെ കാത്തത് (ആവർത്തനപുസ്തകം 2:7).

മരുഭൂമിയിലൂടെയുള്ള അവരുടെ ഓരോ ചുവടു വയ്പ്പിലും ദൈവം മോശയോടും യിസ്രായേൽ ജനത്തോടുമൊപ്പം ഉണ്ടായിരുന്നു. നിങ്ങളുടെയും എന്റെയും ചുവടു വയ്പ്പിലും അവൻ നമ്മോടൊപ്പമുണ്ട്. മരുഭൂമിയിൽ നാം ദൈവത്തിൽ ആശ്രയിക്കാൻ പഠിക്കുന്നു. അവിടെ അവൻ നമ്മെ കണ്ടുമുട്ടുന്നു — അവിടെവച്ചു നാം വളരുന്നു.