പ്രച്ഛന്നവേഷ വിദഗ്ദ്ധനായിട്ടാണ് ഗ്രേറ്റ് ഗ്രേ മൂങ്ങയെ ദൈവം രൂപകല്പന ചെയ്തിരിക്കുന്നത്. അതിന്റെ വെള്ളി-ചാരനിറത്തിലുള്ള തൂവലുകൾക്ക് ഒരു നിറം കൂട്ടിച്ചേർത്ത ഒരു ക്രമം ഉണ്ട്. മരങ്ങളിൽ ചേക്കേറുമ്പോൾ കാഴ്ചയിൽ മരത്തൊലിയോടു സമാനമായിത്തീരാൻ ഇതു ആ മൂങ്ങയെ സഹായിക്കുന്നു. അദൃശ്യരായി ഇരിക്കാൻ മൂങ്ങകൾ ആഗ്രഹിക്കുമ്പോൾ, അവയുടെ തൂവലുകൾ കൊണ്ടുള്ള പ്രച്ഛന്നവേഷത്തിന്റെ സഹായത്തോടെ അവ തങ്ങളുടെ പരിസ്ഥിതിയിൽ ലയിച്ചു ചേർന്നുകൊണ്ടു മറവില്ലാത്ത ഇടങ്ങളിൽ മറഞ്ഞിരിക്കുന്നു.

ദൈവജനം പലപ്പോഴും വലിയ ഗ്രേറ്റ് ഗ്രേ മൂങ്ങയെപ്പോലെയാണ്. മനഃപൂർവമോ അല്ലാതെയോ നമുക്കു ലോകവുമായി എളുപ്പത്തിൽ ലയിച്ചു ചേർന്നുകൊണ്ടു ക്രിസ്തു വിശ്വസികളായി തിരിച്ചറിയപ്പെടാതെ തുടരാൻ സാധിക്കുന്നു. തന്റെ വചനം “പ്രമാണിക്കുന്നവരും” പിതാവു തനിക്കു “ലോകത്തിൽനിന്നു” (യോഹന്നാൻ 17:6) നൽകിയിരിക്കുന്നവരുമായ തന്റെ ശിഷ്യന്മാർക്കു വേണ്ടി യേശു പ്രാർത്ഥിച്ചു. താൻ അവരെ വിട്ടുപോയതിനുശേഷം വിശുദ്ധിയിലും സ്ഥിരതയുള്ള സന്തോഷത്തിലും അവർ ജീവിക്കാനായി അവരെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പിതാവായ ദൈവത്തോട് പുത്രനായ ദൈവം ആവശ്യപ്പെട്ടു (വാ. 7-13). “അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു” (വാ. 15) എന്ന് അവൻ പറഞ്ഞു. താൻ അവരെ അയച്ച ഉദ്ദേശ്യം നിറവേറ്റാൻ അവർക്കു കഴിയും വിധം തന്റെ ശിഷ്യന്മാരെ വിശുദ്ധരാക്കേണ്ടതും വേർതിരിക്കേണ്ടതും ആവശ്യമാണെന്നു യേശുവിന് അറിയാമായിരുന്നു (വാ. 16-19).

ലോകവുമായി ലയിച്ചുച്ചേരുന്ന പ്രച്ഛന്നവേഷ വിദഗ്ദ്ധരായി തീർന്നേക്കാവുന്ന പ്രലോഭനത്തിൽ നിന്നു പിന്തിരിയാൻ പരിശുദ്ധാത്മാവിനു നമ്മെ സഹായിക്കാൻ കഴിയും. ദിവസേന നാം അവനു കീഴ്പ്പെടുമ്പോൾ, നമുക്കു യേശുവിനോട് കൂടുതൽ അനുരൂപരാകാൻ സാധിക്കും. നാം ഐക്യത്തിലും സ്നേഹത്തിലും ജീവിക്കുമ്പോൾ, അവൻ തന്റെ എല്ലാ മഹത്വത്തോടെയും മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കും.