വിമാന യാത്രയിൽ വന്ന ഒരു ഇടവേളയെക്കുറിച്ചു കേൾക്കാം. ഇടിമിന്നൽ കാരണം വൈകിയ വിമാനത്തിൽ പ്രവേശിക്കാൻ ഫിൽ സ്ട്രിംഗറിനു പതിനെട്ടു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. എന്നിരുന്നാലും, അയാളുടെ ക്ഷമയും സ്ഥിരോത്സാഹവും ഫലം കണ്ടു. തന്റെ ലക്ഷ്യസ്ഥാനത്തേക്കു പറക്കാനും പ്രധാനപ്പെട്ട ബിസിനസ്സ് യോഗങ്ങൾക്കു കൃത്യസമയത്ത് എത്തിച്ചേരാനും കഴിഞ്ഞുവെന്നു മാത്രമല്ല, വിമാനത്തിലെ ഒരേയൊരു യാത്രക്കാരൻ അയാൾ മാത്രമായിരുന്നു! മറ്റെല്ലാ യാത്രക്കാരും യാത്ര ഉപേക്ഷിക്കുകയോ മറ്റു ക്രമീകരണങ്ങൾ ചെയ്യുകയോ ചെയ്തു. ഫ്ലൈറ്റ് അറ്റൻഡൻഡർമാർ അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങളെല്ലാം കൊടുത്തു. “തീർച്ചയായും, ഞാൻ മുൻനിരയിൽ തന്നെ ഇരുന്നു. വിമാനത്തിൽ നിങ്ങൾ മാത്രം ഉള്ളപ്പോൾ എന്തുകൊണ്ടു ആയിക്കൂടാ?” എന്നു സ്ട്രിംഗർ കൂട്ടിച്ചേർക്കുന്നു. തീർച്ചയായും അതിന്റെ പരിണിതഫലം കാത്തിരിപ്പു വെറുതെയാകാൻ ഇടയാക്കിയില്ല.
ഒരു നീണ്ട കാലതാമസം പോലെ തോന്നിയ ഒരു അവസ്ഥ അബ്രാഹാമിനും തരണം ചെയ്യേണ്ടിവന്നു. അവൻ അബ്രാം എന്ന് അറിയപ്പെട്ടിരുന്ന കാലത്ത്, അവനെ “വലിയോരു ജാതിയാക്കും” എന്നും “നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്പത്തി 12:2) എന്നും ദൈവം പറഞ്ഞു. എഴുപത്തഞ്ചു വയസ്സുള്ള ആ മനുഷ്യനെ സംബന്ധിച്ച് ഒരു പ്രശ്നമുണ്ടായിരുന്നു (വാക്യം 4): ഒരു അവകാശിയില്ലാതെ അവൻ എങ്ങനെ ഒരു വലിയ ജാതിയാകും? കാത്തിരിപ്പു വേളയിലെ അവന്റെ ക്ഷമ തികവുള്ളതായിരുന്നില്ല എങ്കിലും (അവനും ഭാര്യ സാറായിയും വഴിതെറ്റിയ ആശയങ്ങൾ ഉപയോഗിച്ചു ദൈവത്തെ “സഹായിക്കാൻ” ശ്രമിച്ചു—15:2-3; 16:1-2 കാണുക), അവനു നൂറു വയസ്സുള്ളപ്പോൾ അവന് യിസ്ഹാക്ക് ജനിച്ചു (21:5). അവന്റെ വിശ്വാസം പിന്നീട് എബ്രായ ലേഖകൻ ആഘോഷിക്കുകയുണ്ടായി (11:8-12).
കാത്തിരിപ്പു ബുദ്ധിമുട്ടുള്ളതായിരിക്കും. കൂടാതെ, അതു തികവുള്ളതായി ചെയ്യാൻ അബ്രഹാമിനെപ്പോലെ നമുക്കും കഴിയാതെ പോയേക്കാം. എന്നാൽ നാം പ്രാർത്ഥനയോടെ ദൈവത്തിന്റെ പദ്ധതികളിൽ വിശ്രാമം പ്രാപിക്കുമ്പോൾ, അവൻ നമ്മെ നിലനിൽക്കാൻ സഹായിക്കട്ടെ. അവനിൽ, കാത്തിരിപ്പ് ഒരിക്കലും വെറുതെയാകില്ല.
എന്തിനു വേണ്ടിയാണ് നിങ്ങൾ കാത്തിരിക്കുന്നത്? ദൈവത്തിന്റെ ശക്തിയിൽ നിങ്ങൾക്ക് എങ്ങനെ വിശ്രമിക്കാനും നിലനിൽക്കാനും സാധിക്കും?
പ്രിയ ദൈവമേ, അങ്ങയിൽ കാത്തിരിക്കാനും നിലനിൽക്കാനും എന്നെ സഹായിക്കേണമേ.