ഹൃദയഭേദകമായിരുന്നു ആ കാഴ്ച. അമ്പത്തിയഞ്ചു പൈലറ്റ് തിമിംഗലങ്ങളുടെ ഒരു സംഘം ഒരു സ്കോട്ടിഷ് കടൽത്തീരത്തടിഞ്ഞു. സന്നദ്ധ സേവകർ അവയെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ അവ ചത്തുപോയി. എന്തുകൊണ്ടാണ് ഇത്തരത്തിൽ അവ കൂട്ടമായി കരയ്ക്കടിയുന്നതെന്ന് ആർക്കും അറിയില്ല. ഒരുപക്ഷേ, തിമിംഗലങ്ങളുടെ ശക്തമായ സാമൂഹിക ബന്ധങ്ങൾ മൂലമാകാം ഇതു സംഭവിക്കുന്നത്. ഒരെണ്ണം പ്രശ്നത്തിൽ അകപ്പെടുമ്പോൾ, ബാക്കിയുള്ളവർ സഹായിക്കാൻ വരുന്നു—വിരോധാഭാസമായി ദോഷത്തിലേക്കു നയിച്ചേക്കാവുന്ന കരുതലുള്ള ഒരു സഹജാവബോധം.

മറ്റുള്ളവരെ സഹായിക്കാൻ വ്യക്തമായി തന്നെ വേദപുസ്തകം നമ്മെ വിളിക്കുന്നു. എന്നാൽ, നാം അപ്രകാരം ചെയ്യുന്നതിൽ ജ്ഞാനികളായിരിക്കാനും വേദപുസ്തകം നമ്മെ ഉപദേശിക്കുന്നു. ഉദാഹരണത്തിന്, പാപത്തിൽ അകപ്പെട്ട ഒരാളെ മടങ്ങിവരാനായി സഹായിക്കുമ്പോൾ, ആ പാപത്തിലേക്കു നാമും വലിച്ചിഴക്കപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട് (ഗലാത്യർ 6:1). നമ്മുടെ അയൽക്കാരെ സ്നേഹിക്കേണ്ടിയിരിക്കുമ്പോൾ തന്നെ, നാം സ്വയം സ്നേഹിക്കുകയും വേണം (മത്തായി 22:39). “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്നു സദൃശവാക്യങ്ങൾ 22:3 പറയുന്നു. മറ്റുള്ളവരെ സഹായിക്കുന്നതു നമ്മെ ഉപദ്രവിക്കാൻ തുടങ്ങുന്ന വേളയിൽ ഇതൊരു നല്ല ഓർമ്മപ്പെടുത്തലാണ്.

കുറച്ചു വർഷങ്ങൾക്കു മുമ്പ്, വളരെയധികം നിർദ്ധനരായ രണ്ടു വ്യക്തികൾ ഞങ്ങളുടെ സഭയിൽ പങ്കെടുത്തു തുടങ്ങി. കരുതലുള്ള സാഭാംഗങ്ങൾ അവരുടെ നിലവിളികളോടു തുടർച്ചായി പ്രതികരിച്ചതിന്റെ ഫലമായി താമസിയാതെ അവരും ഞെരുക്കത്തിലേക്കു നീങ്ങാൻ ആരംഭിച്ചു. ആ ദമ്പതികളെ അകറ്റി നിർത്തുകയല്ല, പകരം, സഹായിക്കുന്നവർക്കു തിക്താനുഭവം ഉണ്ടാകാതിരിക്കാൻ അതിർവരമ്പുകൾ സ്ഥാപിക്കുക എന്നതായിരുന്നു അതിനുള്ള പരിഹാരം. ആത്യന്തിക സഹായിയായ യേശു വിശ്രമത്തിനായി സമയം ചിലവഴിച്ചു (മര്‍ക്കൊസ് 4:38). തന്റെ ശിഷ്യന്മാരുടെ ആവശ്യങ്ങൾ മറ്റുള്ളവരുടെ ആവശ്യങ്ങളാൽ അവഗണിക്കപ്പെടുന്നില്ലെന്ന് അവൻ ഉറപ്പുവരുത്തി (6:31). ജ്ഞാനപൂർവ്വമായ കരുതൽ അവന്റെ മാതൃക പിന്തുടരുന്നു. നമ്മുടെ സ്വന്തം ആരോഗ്യം പരിപാലിക്കുന്നതിലൂടെ, ദീർഘകാലം അധികമായി കരുതൽ കാണിക്കാൻ നാം പ്രാപ്തരാക്കപ്പെടുന്നു.