ഒരു തീപിടിത്തത്തിൽ ബൽസോറ ബാപ്റ്റിസ്റ്റ് പള്ളി നിലംപതിക്കുകയുണ്ടായി. തീ അണച്ചതിന് ശേഷം അഗ്നിശമന പ്രവർത്തകരും സമൂഹത്തിലെ അംഗങ്ങളും ഒത്തുകൂടിയപ്പോൾ, പുകയ്ക്കും ചാരത്തിനുമിടയിൽ കത്തിക്കരിഞ്ഞ ഒരു ക്രൂശ് നാട്ടിയ നിലയിൽ നിൽക്കുന്നത് കണ്ട് അവർ ആശ്ചര്യപ്പെട്ടു. തീ “കെട്ടിടത്തെ ഇല്ലാതാക്കിയെങ്കിലും ക്രൂശിനെ ബാക്കിയാക്കി. ആ കെട്ടിടം വെറുമൊരു കെട്ടിടമായിരുന്നു [എന്ന ഓർമ്മപ്പെടുത്തലാണ് ഇത്]. “സഭയെന്നത് അവിടുത്തെ സഭാംഗങ്ങളാണ്” എന്ന് ഒരു അഗ്നിശമന സേനാംഗം അഭിപ്രായപ്പെട്ടു.
സഭ ഒരു കെട്ടിടമല്ല, മറിച്ച് മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റവനായ ക്രിസ്തുവിന്റെ ക്രൂശിനാൽ ഏകീകരിക്കപ്പെട്ട ഒരു സമൂഹമാണ്. താൻ തന്റെ ലോകമെമ്പാടുമുള്ള സഭ പണിയുമെന്നും, ഒന്നും അതിനെ നശിപ്പിക്കില്ല (മത്തായി 16:18) എന്നും ഭൂമിയിൽ ജീവിച്ചിരുന്ന വേളയിൽ യേശു പത്രൊസിനോട് പറഞ്ഞു. ലോകമെമ്പാടുമുള്ള വിശ്വാസികളെ യേശു ഒരു കൂട്ടമായി കൂട്ടിച്ചേർക്കും. അത് കാലകാലങ്ങളോളം തുടരും. തീവ്രമായ കഷ്ടത ഈ സമൂഹം നേരിടേണ്ടിവരുമെങ്കിലും ആത്യന്തികമായി അവർ അതിനെ തരണം ചെയ്യും. ദൈവം അവരുടെ ഉള്ളിൽ വസിച്ച് അവരെ നിലനിർത്തും (എഫെസ്യർ 2:22).
വൈഷമ്യങ്ങളെ തരണം ചെയ്തു പ്രാദേശിക സഭകൾ സ്ഥാപിച്ചിട്ടും അവ സ്തംഭനാവസ്ഥയിലാകുകയും ചിതറിപ്പോകുകയും ചെയ്യുമ്പോൾ, സഭാ കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഞെരുക്കമനുഭവിക്കുന്ന വിശ്വാസികളെക്കുറിച്ചു ഭാരപ്പെടുമ്പോൾ, ദൈവജനത്തെ സഹിഷ്ണുതയോടെ ജീവിക്കാൻ പ്രാപ്തരാക്കുന്ന യേശു ജീവിച്ചിരിക്കുന്നുവെന്ന് നമുക്ക് ഓർക്കാം. അവൻ ഇന്ന് നിർമ്മിക്കുന്ന സഭയുടെ ഭാഗമാണ് നാം. അവൻ നമ്മോടൊപ്പവും നമുക്കുവേണ്ടിയും ഉണ്ട്. അവന്റെ ക്രൂശ് നിലനില്ക്കുന്നു.
ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് സഹവിശ്വാസികളെ പിന്തുണയ്ക്കാം? സുവാർത്ത പങ്കുവയ്ക്കുന്നത് സഭയെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ദൈവമേ, എല്ലായിടത്തുമുള്ള അങ്ങയുടെ ജനത്തെ ശക്തിപ്പെടുത്തേണമേ. അവരെ ജ്ഞാനം കൊണ്ട് നിറയ്ക്കുകയും സംരക്ഷിക്കുകയും നിന്നോട് വിശ്വസ്തരായിരിക്കാൻ അവരെ സഹായിക്കുകയും ചെയ്യേണമേ.