Month: ആഗസ്റ്റ് 2024

ജ്ഞാനപൂർവ്വമുള്ള കരുതൽ

ഹൃദയഭേദകമായിരുന്നു ആ കാഴ്ച. അമ്പത്തിയഞ്ചു പൈലറ്റ് തിമിംഗലങ്ങളുടെ ഒരു സംഘം ഒരു സ്കോട്ടിഷ് കടൽത്തീരത്തടിഞ്ഞു. സന്നദ്ധ സേവകർ അവയെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഒടുവിൽ അവ ചത്തുപോയി. എന്തുകൊണ്ടാണ് ഇത്തരത്തിൽ അവ കൂട്ടമായി കരയ്ക്കടിയുന്നതെന്ന് ആർക്കും അറിയില്ല. ഒരുപക്ഷേ, തിമിംഗലങ്ങളുടെ ശക്തമായ സാമൂഹിക ബന്ധങ്ങൾ മൂലമാകാം ഇതു സംഭവിക്കുന്നത്. ഒരെണ്ണം പ്രശ്നത്തിൽ അകപ്പെടുമ്പോൾ, ബാക്കിയുള്ളവർ സഹായിക്കാൻ വരുന്നു—വിരോധാഭാസമായി ദോഷത്തിലേക്കു നയിച്ചേക്കാവുന്ന കരുതലുള്ള ഒരു സഹജാവബോധം.

മറ്റുള്ളവരെ സഹായിക്കാൻ വ്യക്തമായി തന്നെ വേദപുസ്തകം നമ്മെ വിളിക്കുന്നു. എന്നാൽ, നാം അപ്രകാരം ചെയ്യുന്നതിൽ ജ്ഞാനികളായിരിക്കാനും വേദപുസ്തകം നമ്മെ ഉപദേശിക്കുന്നു. ഉദാഹരണത്തിന്, പാപത്തിൽ അകപ്പെട്ട ഒരാളെ മടങ്ങിവരാനായി സഹായിക്കുമ്പോൾ, ആ പാപത്തിലേക്കു നാമും വലിച്ചിഴക്കപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട് (ഗലാത്യർ 6:1). നമ്മുടെ അയൽക്കാരെ സ്നേഹിക്കേണ്ടിയിരിക്കുമ്പോൾ തന്നെ, നാം സ്വയം സ്നേഹിക്കുകയും വേണം (മത്തായി 22:39). “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്നു സദൃശവാക്യങ്ങൾ 22:3 പറയുന്നു. മറ്റുള്ളവരെ സഹായിക്കുന്നതു നമ്മെ ഉപദ്രവിക്കാൻ തുടങ്ങുന്ന വേളയിൽ ഇതൊരു നല്ല ഓർമ്മപ്പെടുത്തലാണ്.

കുറച്ചു വർഷങ്ങൾക്കു മുമ്പ്, വളരെയധികം നിർദ്ധനരായ രണ്ടു വ്യക്തികൾ ഞങ്ങളുടെ സഭയിൽ പങ്കെടുത്തു തുടങ്ങി. കരുതലുള്ള സാഭാംഗങ്ങൾ അവരുടെ നിലവിളികളോടു തുടർച്ചായി പ്രതികരിച്ചതിന്റെ ഫലമായി താമസിയാതെ അവരും ഞെരുക്കത്തിലേക്കു നീങ്ങാൻ ആരംഭിച്ചു. ആ ദമ്പതികളെ അകറ്റി നിർത്തുകയല്ല, പകരം, സഹായിക്കുന്നവർക്കു തിക്താനുഭവം ഉണ്ടാകാതിരിക്കാൻ അതിർവരമ്പുകൾ സ്ഥാപിക്കുക എന്നതായിരുന്നു അതിനുള്ള പരിഹാരം. ആത്യന്തിക സഹായിയായ യേശു വിശ്രമത്തിനായി സമയം ചിലവഴിച്ചു (മര്‍ക്കൊസ് 4:38). തന്റെ ശിഷ്യന്മാരുടെ ആവശ്യങ്ങൾ മറ്റുള്ളവരുടെ ആവശ്യങ്ങളാൽ അവഗണിക്കപ്പെടുന്നില്ലെന്ന് അവൻ ഉറപ്പുവരുത്തി (6:31). ജ്ഞാനപൂർവ്വമായ കരുതൽ അവന്റെ മാതൃക പിന്തുടരുന്നു. നമ്മുടെ സ്വന്തം ആരോഗ്യം പരിപാലിക്കുന്നതിലൂടെ, ദീർഘകാലം അധികമായി കരുതൽ കാണിക്കാൻ നാം പ്രാപ്തരാക്കപ്പെടുന്നു.

നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു?

ഞാൻ രക്ഷിക്കപ്പെട്ട്‌ എന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ചതിനു ശേഷം, എന്റെ പത്രപ്രവർത്തന ജീവിതം ഉപേക്ഷിക്കാൻ അവൻ എന്നെ പ്രേരിപ്പിക്കുന്നതായി എനിക്കു തോന്നലുണ്ടായി. തൂലിക ഉപേക്ഷിച്ച്, ഞാൻ എന്റെ എഴുത്തു നിർത്തിയപ്പോൾ, എന്നെങ്കിലും ഒരിക്കൽ തന്റെ മഹത്വത്തിനായി എഴുതാൻ എന്നെ ദൈവം വിളിക്കുമെന്ന തോന്നൽ എന്നിലുളവായി. എന്റെ സ്വകാര്യ മരുഭൂമിയിൽ അലഞ്ഞുതിരിയുന്ന വർഷങ്ങളിൽ, പുറപ്പാടു 4-ലെ മോശയുടെയും അവന്റെ വടിയുടെയും കഥ എന്നിൽ പ്രോത്സാഹനം നിറച്ചു. 

നല്ലൊരു ഭാവിയോടെ ഫറവോന്റെ കൊട്ടാരത്തിൽ വളർന്നുവന്ന മോശെ, മിസ്രയീമിൽ നിന്നു പലായനം ചെയ്ത്, ദൈവം അവനെ വിളിച്ച കാലത്ത് ഒരു ഇടയനായി അജ്ഞാതവാസം നയിക്കുകയായിരുന്നു. ദൈവത്തിനു സമർപ്പിക്കാൻ തന്റെ പക്കൽ ഒന്നുമില്ലെന്നു മോശെ കരുതി കാണണം. എന്നാൽ, തന്റെ മഹത്വത്തിനായി ആരെയും എന്തും ഉപയോഗിക്കാൻ ദൈവത്തിനു സാധിക്കുമെന്ന് മോശെ പഠിച്ചു.

“നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു?” ദൈവം ചോദിച്ചു. “ഒരു വടി,” മോശെ മറുപടി പറഞ്ഞു. “അതു നിലത്തിടുക” എന്നു ദൈവം പറഞ്ഞു (പുറപ്പാട് 4:2-3). മോശെയുടെ ആ സാധാരണ വടി ഒരു പാമ്പായി മാറി. അവൻ ആ പാമ്പിനെ പിടിച്ചപ്പോൾ ദൈവം അതിനെ വീണ്ടും വടിയാക്കി മാറ്റി (വാ. 3-4). “അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന്നു” ആ അടയാളം ദൈവം യിസ്രായേൽമക്കൾക്കു നൽകി (വാ. 5). മോശെ തന്റെ വടി താഴെയിടുകയും വീണ്ടും എടുക്കുകയും ചെയ്തപ്പോൾ, ദൈവത്തെ അനുസരിച്ച് ഒരു പത്രപ്രവർത്തകനെന്ന നിലയിലുള്ള എന്റെ ജീവിതം ഞാൻ ഉപേക്ഷിച്ചു. പിന്നീട്, എന്റെ തൂലിക വീണ്ടും എടുക്കാൻ അവൻ എനിക്കു പ്രേരണ നൽകി. ഇപ്പോൾ ഞാൻ അവനുവേണ്ടി എഴുതുന്നു.

ദൈവത്താൽ ഉപയോഗിക്കപ്പെടാൻ നമ്മുടെ പക്കൽ അധികമൊന്നും ആവശ്യമില്ല. അവൻ നമുക്കു നൽകിയ താലന്തുകൾ ഉപയോഗിച്ചു നമുക്ക് അവനെ സേവിക്കാൻ സാധിക്കും. എവിടെ തുടങ്ങണമെന്ന് ഉറപ്പില്ലേ? നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് എന്താണ്?

നീതിയുടെ ദൈവം

റയാന്റെ കൗമാരപ്രായത്തിൽ, അവന്റെ അമ്മ ക്യാൻസർ ബാധിച്ചു മരിച്ചു. അവനു കിടപ്പാടം ഒഴിയേണ്ടിവരികയും, താമസിയാതെ പഠനം ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു. പലപ്പോഴും വിശപ്പു സഹിച്ചുകൊണ്ടു, നിരാശനായി അവൻ ജീവിതം തള്ളിനീക്കി. വർഷങ്ങൾക്കുശേഷം, ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനം റയാൻ സ്ഥാപിച്ചു. മറ്റുള്ളവരെ, പ്രത്യേകിച്ചു കൊച്ചുകുട്ടികളെ, കൃഷിചെയ്യാനും വിളവെടുക്കാനും തങ്ങളുടെ തോട്ടത്തിൽ വളർത്തിയെടുത്ത ആഹാരം തയ്യാറാക്കാനും പ്രാപ്തരാക്കുക എന്നതായിരുന്നു ആ സ്ഥാപനത്തിന്റെ ലക്ഷ്യം. ഭക്ഷണമില്ലായ്മ ആരും അനുഭവിക്കരുതെന്നും എന്തെങ്കിലും ഉള്ളവർ ഇല്ലാത്തവരെ പരിപാലിക്കണമെന്നുമുള്ള വിശ്വാസത്തിൻമേലാണ് സംഘടന കെട്ടിപ്പടുത്തത്. നീതിയോടും കരുണയോടുമുള്ള ദൈവത്തിന്റെ ഹൃദയത്തെ മറ്റുള്ളവരോടുള്ള റയാന്റെ കരുതൽ പ്രതിധ്വനിപ്പിക്കുന്നു.

നാം അഭിമുഖീകരിക്കുന്ന വേദനകളെയും കഷ്ടപ്പാടുകളെയും കുറിച്ചു ദൈവം ആഴത്തിൽ കരുതലുള്ളവനാണ്. യിസ്രായേലിലെ ഭയങ്കരമായ അനീതി കണ്ടപ്പോൾ, അവരുടെ കാപട്യത്തെ വിളിച്ചുപറയാൻ അവൻ ആമോസ് പ്രവാചകനെ അയച്ചു. മിസ്രയീമിലെ അടിമത്തത്തിൽ നിന്നു ദൈവം ഒരിക്കൽ രക്ഷിച്ച ജനം ഇന്നു തങ്ങളുടെ അയൽക്കാരെ ഒരു ജോടി ചെരിപ്പിനു അടിമകളാക്കി വിറ്റുകളഞ്ഞിരിക്കുന്നു (ആമോസ് 2:6). അവർ നിരപരാധികളെ വഞ്ചിച്ചു, അടിച്ചമർത്തപ്പെട്ടവർക്കു നീതി നിഷേധിച്ചു, എളിയവരുടെ “തലയിൽ” ചവിട്ടിമെതിച്ചു (വാ. 6-7). യാഗങ്ങളെല്ലാം അനുഷ്ഠിച്ചും വിശുദ്ധ ദിനങ്ങളെല്ലാം ആചരിച്ചും ദൈവത്തെ ആരാധിക്കുന്നതായി നടിച്ചുകൊണ്ടാണ് അവർ ഇവയൊക്കെ ചെയ്തത് (4:4-5).

“നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു തിന്മയല്ല നന്മ തന്നേ അന്വേഷിപ്പിൻ,” ആമോസ് ജനങ്ങളോട് അപേക്ഷിച്ചു. “അപ്പോൾ നിങ്ങൾ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും” (5:14). റയാനെപ്പോലെ, മറ്റുള്ളവരുമായി താദാത്മ്യം പ്രാപിക്കാനും അവരെ സഹായിക്കാനും കഴിയുന്നത്ര വേദനയും അനീതിയും ജീവിതത്തിൽ നാം ഓരോരുത്തരും അനുഭവിച്ചിട്ടുണ്ട്. “നന്മ അന്വേഷിക്കാനും” എല്ലാത്തരം നീതിയും നട്ടുപിടിപ്പിക്കുന്നതിൽ അവനോടൊപ്പം ചേരാനും സമയം അതിക്രമിച്ചിരിക്കുന്നു.

 

കാത്തിരിപ്പു വെറുതെയാകില്ല

വിമാന യാത്രയിൽ വന്ന ഒരു ഇടവേളയെക്കുറിച്ചു കേൾക്കാം. ഇടിമിന്നൽ കാരണം വൈകിയ വിമാനത്തിൽ പ്രവേശിക്കാൻ ഫിൽ സ്ട്രിംഗറിനു പതിനെട്ടു മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. എന്നിരുന്നാലും, അയാളുടെ ക്ഷമയും സ്ഥിരോത്സാഹവും ഫലം കണ്ടു. തന്റെ ലക്ഷ്യസ്ഥാനത്തേക്കു പറക്കാനും പ്രധാനപ്പെട്ട ബിസിനസ്സ് യോഗങ്ങൾക്കു കൃത്യസമയത്ത് എത്തിച്ചേരാനും കഴിഞ്ഞുവെന്നു മാത്രമല്ല, വിമാനത്തിലെ ഒരേയൊരു യാത്രക്കാരൻ അയാൾ മാത്രമായിരുന്നു! മറ്റെല്ലാ യാത്രക്കാരും യാത്ര ഉപേക്ഷിക്കുകയോ മറ്റു ക്രമീകരണങ്ങൾ ചെയ്യുകയോ ചെയ്തു. ഫ്ലൈറ്റ് അറ്റൻഡൻഡർമാർ അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണ സാധനങ്ങളെല്ലാം കൊടുത്തു. “തീർച്ചയായും, ഞാൻ മുൻനിരയിൽ തന്നെ ഇരുന്നു. വിമാനത്തിൽ നിങ്ങൾ മാത്രം ഉള്ളപ്പോൾ എന്തുകൊണ്ടു ആയിക്കൂടാ?” എന്നു സ്ട്രിംഗർ കൂട്ടിച്ചേർക്കുന്നു. തീർച്ചയായും അതിന്റെ പരിണിതഫലം കാത്തിരിപ്പു വെറുതെയാകാൻ ഇടയാക്കിയില്ല.

ഒരു നീണ്ട കാലതാമസം പോലെ തോന്നിയ ഒരു അവസ്ഥ അബ്രാഹാമിനും തരണം ചെയ്യേണ്ടിവന്നു. അവൻ അബ്രാം എന്ന് അറിയപ്പെട്ടിരുന്ന കാലത്ത്, അവനെ “വലിയോരു ജാതിയാക്കും” എന്നും “നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും” (ഉല്പത്തി 12:2) എന്നും ദൈവം പറഞ്ഞു. എഴുപത്തഞ്ചു വയസ്സുള്ള ആ മനുഷ്യനെ സംബന്ധിച്ച് ഒരു പ്രശ്നമുണ്ടായിരുന്നു (വാക്യം 4): ഒരു അവകാശിയില്ലാതെ അവൻ എങ്ങനെ ഒരു വലിയ ജാതിയാകും? കാത്തിരിപ്പു വേളയിലെ അവന്റെ ക്ഷമ തികവുള്ളതായിരുന്നില്ല എങ്കിലും (അവനും ഭാര്യ സാറായിയും വഴിതെറ്റിയ ആശയങ്ങൾ ഉപയോഗിച്ചു ദൈവത്തെ “സഹായിക്കാൻ” ശ്രമിച്ചു—15:2-3; 16:1-2 കാണുക), അവനു നൂറു വയസ്സുള്ളപ്പോൾ അവന്‌ യിസ്ഹാക്ക് ജനിച്ചു  (21:5). അവന്റെ വിശ്വാസം പിന്നീട് എബ്രായ ലേഖകൻ ആഘോഷിക്കുകയുണ്ടായി (11:8-12).

കാത്തിരിപ്പു ബുദ്ധിമുട്ടുള്ളതായിരിക്കും. കൂടാതെ, അതു തികവുള്ളതായി ചെയ്യാൻ അബ്രഹാമിനെപ്പോലെ നമുക്കും കഴിയാതെ പോയേക്കാം. എന്നാൽ നാം പ്രാർത്ഥനയോടെ ദൈവത്തിന്റെ പദ്ധതികളിൽ വിശ്രാമം പ്രാപിക്കുമ്പോൾ, അവൻ നമ്മെ നിലനിൽക്കാൻ സഹായിക്കട്ടെ. അവനിൽ, കാത്തിരിപ്പ് ഒരിക്കലും വെറുതെയാകില്ല.

യേശുവിനോടു കൂടുതൽ അനുരൂപരാകുക

പ്രച്ഛന്നവേഷ വിദഗ്ദ്ധനായിട്ടാണ് ഗ്രേറ്റ് ഗ്രേ മൂങ്ങയെ ദൈവം രൂപകല്പന ചെയ്തിരിക്കുന്നത്. അതിന്റെ വെള്ളി-ചാരനിറത്തിലുള്ള തൂവലുകൾക്ക് ഒരു നിറം കൂട്ടിച്ചേർത്ത ഒരു ക്രമം ഉണ്ട്. മരങ്ങളിൽ ചേക്കേറുമ്പോൾ കാഴ്ചയിൽ മരത്തൊലിയോടു സമാനമായിത്തീരാൻ ഇതു ആ മൂങ്ങയെ സഹായിക്കുന്നു. അദൃശ്യരായി ഇരിക്കാൻ മൂങ്ങകൾ ആഗ്രഹിക്കുമ്പോൾ, അവയുടെ തൂവലുകൾ കൊണ്ടുള്ള പ്രച്ഛന്നവേഷത്തിന്റെ സഹായത്തോടെ അവ തങ്ങളുടെ പരിസ്ഥിതിയിൽ ലയിച്ചു ചേർന്നുകൊണ്ടു മറവില്ലാത്ത ഇടങ്ങളിൽ മറഞ്ഞിരിക്കുന്നു.

ദൈവജനം പലപ്പോഴും വലിയ ഗ്രേറ്റ് ഗ്രേ മൂങ്ങയെപ്പോലെയാണ്. മനഃപൂർവമോ അല്ലാതെയോ നമുക്കു ലോകവുമായി എളുപ്പത്തിൽ ലയിച്ചു ചേർന്നുകൊണ്ടു ക്രിസ്തു വിശ്വസികളായി തിരിച്ചറിയപ്പെടാതെ തുടരാൻ സാധിക്കുന്നു. തന്റെ വചനം “പ്രമാണിക്കുന്നവരും” പിതാവു തനിക്കു “ലോകത്തിൽനിന്നു” (യോഹന്നാൻ 17:6) നൽകിയിരിക്കുന്നവരുമായ തന്റെ ശിഷ്യന്മാർക്കു വേണ്ടി യേശു പ്രാർത്ഥിച്ചു. താൻ അവരെ വിട്ടുപോയതിനുശേഷം വിശുദ്ധിയിലും സ്ഥിരതയുള്ള സന്തോഷത്തിലും അവർ ജീവിക്കാനായി അവരെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പിതാവായ ദൈവത്തോട് പുത്രനായ ദൈവം ആവശ്യപ്പെട്ടു (വാ. 7-13). “അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു” (വാ. 15) എന്ന് അവൻ പറഞ്ഞു. താൻ അവരെ അയച്ച ഉദ്ദേശ്യം നിറവേറ്റാൻ അവർക്കു കഴിയും വിധം തന്റെ ശിഷ്യന്മാരെ വിശുദ്ധരാക്കേണ്ടതും വേർതിരിക്കേണ്ടതും ആവശ്യമാണെന്നു യേശുവിന് അറിയാമായിരുന്നു (വാ. 16-19).

ലോകവുമായി ലയിച്ചുച്ചേരുന്ന പ്രച്ഛന്നവേഷ വിദഗ്ദ്ധരായി തീർന്നേക്കാവുന്ന പ്രലോഭനത്തിൽ നിന്നു പിന്തിരിയാൻ പരിശുദ്ധാത്മാവിനു നമ്മെ സഹായിക്കാൻ കഴിയും. ദിവസേന നാം അവനു കീഴ്പ്പെടുമ്പോൾ, നമുക്കു യേശുവിനോട് കൂടുതൽ അനുരൂപരാകാൻ സാധിക്കും. നാം ഐക്യത്തിലും സ്നേഹത്തിലും ജീവിക്കുമ്പോൾ, അവൻ തന്റെ എല്ലാ മഹത്വത്തോടെയും മറ്റുള്ളവരെ ക്രിസ്തുവിലേക്ക് ആകർഷിക്കും.