2023 സെപ്റ്റംബർ 11-ന് – അമേരിക്കയ്ക്കെതിരായ ആക്രമണത്തിന്റെ ഇരുപത്തിരണ്ടാം വാർഷികത്തിന്റെ അന്ന് – ന്യൂയോർക്ക് നഗരത്തിനു മീതേ ആകാശം ഗംഭീരമായ ഇരട്ട മഴവില്ലുകളാൽ അലങ്കരിക്കപ്പെട്ടു. മുൻപ് ഇരട്ട ഗോപുരങ്ങളുടെ ആസ്ഥാനമായിരുന്ന ഈ നഗരമാണ് ആക്രമണങ്ങളിൽ ഏറ്റവും വലിയ നഷ്ടം നേരിട്ടത്. രണ്ടു പതിറ്റാണ്ടുകൾക്കുശേഷം, ഇരട്ട മഴവില്ലു കാണാൻ ഇടയായ അവിടെയുണ്ടായിരുന്നവർക്ക് ഒരു പ്രത്യാശയും ശാന്തിയും അതു നൽകി. ആ സമത്ത് പകർത്തിയ ഒരു വീഡിയോ ക്ലിപ്പ്, ആ മഴവില്ലുകൾ വേൾഡ് ട്രേഡ് സെന്റെർ നിലനിന്നിരുന്ന ഇടത്തു നിന്നു തന്നെ ഉയർന്നുവരുന്നതുപോലെയുള്ള തോന്നലുളവാക്കി.
നോഹയുടെ കാലം മുതൽ ആകാശത്തിലെ മഴവില്ലുകൾ ദൈവത്തിന്റെ വിശ്വസ്തതയുടെ ഒരു ഉറപ്പു സുദൃഢമാക്കുന്നു. സങ്കൽപ്പിക്കാനാവാത്ത നാശത്തിൽ കലാശിച്ച പാപത്തെ സംബന്ധിച്ചുള്ള ദൈവന്യായവിധിയുടെ പശ്ചാത്തലത്തിൽ, “ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമത്തിന്റെ” (ഉല്പത്തി 9:16) ദൃഷ്ടിഗോചരമായ ഓർമ്മപ്പെടുത്തലായി വർണ്ണാഭമായ പ്രതിഭാസം അവൻ സ്ഥാപിച്ചു. മഴ പെയ്തുകൊണ്ടിരുന്ന നാൽപ്പത് ഇരുണ്ട ദിവസങ്ങൾക്കും മാസങ്ങൾ നീണ്ട വെള്ളപ്പൊക്കത്തിനും ശേഷം (7:17-24), നോഹയേയും കുടുംബത്തേയും സംബന്ധിച്ചിടത്തോളം മഴവില്ല് – “ഉടമ്പടിയുടെ അടയാളം” – എത്രമാത്രം ആശ്വാസദായകമായിരിക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ (9:12-13) . “ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല” (വാക്യം 11) എന്ന ദൈവത്തിന്റെ വിശ്വസ്തതയുടെ ഓർമ്മപ്പെടുത്തലായിരുന്നു അത്.
പ്രകൃതിദുരന്തമോ ശാരീരികമോ വൈകാരികമോ ആയ പീഡയോ രോഗത്തിന്റെ ദുരവസ്ഥയോ കാരണം നാം ഇരുണ്ട ദിനങ്ങളും ദാരുണമായ നഷ്ടങ്ങളും അഭിമുഖീകരിക്കുമ്പോൾ, അവയുടെ നടുവിൽ പ്രത്യാശക്കായി ദൈവത്തിലേക്ക് നമുക്കു നോക്കാം. ആ നിമിഷങ്ങളിൽ അവന്റെ മഴവില്ലിന്റെ ഒരു മിന്നൊളി നമുക്ക് ലഭിച്ചില്ലെങ്കിലും, തന്റെ വാഗ്ദാനങ്ങളോടുള്ള അവന്റെ വിശ്വസ്തതയെക്കുറിച്ചു നമുക്ക് ഉറപ്പുണ്ടായിരിക്കേണ്ടതാണ്.
ജീവിതത്തിന്റെ പ്രയാസകരമായ കാലങ്ങളിൽ ദൈവം എങ്ങനെയാണു തന്റെ സാന്നിധ്യം നിങ്ങൾക്കു വെളിപ്പെടുത്തി തന്നത്? നിങ്ങളുടെ ജീവിതകഥ ഇന്ന് ആരൊക്കെ കേൾക്കേണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?
പിതാവായ ദൈവമേ, ഇന്നത്തെ എന്റെ പോരാട്ടങ്ങൾക്കിടയിൽ അങ്ങയെ കാണാൻ എന്നെ സഹായിക്കേണമേ.