വർഷയുടെ ഭക്ഷണ സ്റ്റാളിൽ ഏറ്റവുമധികം വിറ്റുപോയിരുന്നത് അവളുടെ ബിരിയാണിയായിരുന്നു. സ്വർണ്ണവും തവിട്ടും കലർന്ന നിറമാകുന്നതുവരെ ഉള്ളി അവൾ വളരെ ശ്രദ്ധാപൂർവ്വം വഴറ്റും. അതിനാൽ, “നിന്റെ ബിരിയാണിയുടെ രുചി എന്താ വ്യത്യസപ്പെട്ടിരിക്കുന്നത്. അത്ര ശുദ്ധമല്ലാത്ത ഒരു രുചി” എന്ന് ഒരു സ്ഥിരം സന്ദർശകൻ പറഞ്ഞപ്പോൾ അവൾ പരിഭ്രമിച്ചു.

വർഷയുടെ പുതിയ അസിസ്റ്റന്റാണ് ഇത്തവണ ബിരിയാണി തയ്യാറാക്കിയത്. എന്തുകൊണ്ടാണ് ഈ തവണ ബിരിയാണി വ്യത്യസ്തമായിരിക്കുന്നതെന്ന് അസിസ്റ്റന്റ്‌ വിശദീകരിച്ചു: “റെസിപ്പിയിൽ പറഞ്ഞത്ര സമയത്തോളം ഞാൻ ഉള്ളി വഴറ്റുന്നില്ല. കാരണം ഇങ്ങനെയാണ് ഞാൻ എന്റെ വീട്ടിൽ ഉണ്ടാക്കുന്നത്. കൂടാതെ ഞാൻ കൂടുതൽ മുളകുപൊടിയും ചേർത്തു. എന്റെ അഭിപ്രായത്തിൽ, ഇത്തരത്തിൽ പാചകം ചെയ്യുന്നതാണ് കൂടുതൽ രുചികരം.” അങ്ങനെ പാചകക്കുറിപ്പ് അവഗണിച്ചുകൊണ്ട് തന്റെ രീതിയിൽ ചെയ്യാൻ അവൾ തീരുമാനിച്ചു.

ദൈവത്തിന്റെ നിർദ്ദേശങ്ങളോട് ഞാൻ ചിലപ്പോഴൊക്കെ ഇങ്ങനെയാണ് പ്രതികരിക്കുന്നത്. തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്ന അവന്റെ കൽപ്പനകളെ പൂർണ്ണമായി അനുസരിക്കുന്നതിനു പകരം, ഞാൻ അവയെ എന്റെ അഭിപ്രായങ്ങൾക്ക് വിധേയമാക്കി എന്റെ വഴി തുടരുന്നു.

അരാമ്യ സൈന്യത്തിന്റെ സേനാപതിയായ നയമാൻ സമാനമായ ഒരു തെറ്റിന്റെ വക്കിലായിരുന്നു. കുഷ്ഠരോഗം ഭേദമാകാനായി യോർദ്ദാനിൽ കുളിക്കാൻ എലീശാ പ്രവാചകൻ മുഖേനയുള്ള ദൈവത്തിന്റെ നിർദ്ദേശം ലഭിച്ചപ്പോൾ, അഭിമാനിയായ ആ സൈനികൻ കോപിച്ചു. തന്റെ അഭിപ്രായം ദൈവത്തിന്റെ കൽപ്പനയെക്കാൾ ശ്രേഷ്ഠമാണെന്ന് വിശ്വസിച്ച നയമാൻ, തന്റെ ആവശ്യം എങ്ങനെ പരിഹരിക്കപ്പെടണം എന്നതിനെക്കുറിച്ച് സ്വന്തമായ പ്രതീക്ഷകൾ വച്ചു പുലർത്തി (2 രാജാക്കന്മാർ 5:11-12). എന്നിരുന്നാലും, എലീശായുടെ വാക്കുകൾ അനുസരിക്കാൻ അവന്റെ ദാസന്മാർ അവനെ പറഞ്ഞു മനസ്സിലാക്കി (വാക്യം 13). തത്ഫലമായി, നയമാൻ സുഖം പ്രാപിച്ചു.

ദൈവത്തിന്റെ രീതിയിൽ നാം കാര്യങ്ങൾ ചെയ്യുമ്പോൾ, വിവരണാതീതമായ ഒരു സമാധാനം നമുക്ക് അനുഭവപ്പെടുന്നു. അവന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിൽ അവനോടൊപ്പം നമുക്കു പ്രവർത്തിക്കാം.