ആഗ്രയിലെ താജ്മഹൽ. ഡൽഹിയിലെ ചെങ്കോട്ട. മൈസൂരിലെ രാജകൊട്ടാരം. മഹാബലിപുരത്തെ ഷോർ ടെമ്പിൾ എന്നിവയെല്ലാം പ്രശസ്തമായ പേരുകളാണ്. ചിലതു മാർബിൾ കൊണ്ടു നിർമ്മിച്ചവയാണ്. മറ്റു ചിലതു ചെങ്കല്ലു കൊണ്ടാണു നിർമ്മിച്ചിരിക്കുന്നത്. വേറെ ചിലതു പാറയിൽനിന്നു വെട്ടിയെടുത്തവയാണ്. മറ്റു ചിലത് സ്വർണ്ണം കൊണ്ടു പൊതിഞ്ഞിരിക്കുന്നു. എന്നാൽ ഇവയ്ക്കെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. ഇവയെല്ലാം ഒരു പൊതു സങ്കേതപദത്തിനു കീഴിലാണു വരുന്നത്. അവയെല്ലാം കെട്ടിടങ്ങളാണ്.

ഗൃഹം അഥവാ കെട്ടിടം എന്നതു വാസ്തവത്തിൽ, യേശുവിൽ വിശ്വസിക്കുന്നവർക്കുള്ള വേദപുസ്തകത്തിലെ പേരുകളിൽ ഒന്നാണ്. “നിങ്ങൾ… ദൈവത്തിന്റെ ഗൃഹനിർമ്മാണം” എന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതി (1 കൊരിന്ത്യർ 3:9). വിശ്വാസികൾക്കു വേറെയും പേരുകളുണ്ട്: “ആട്ടിൻകൂട്ടം” (പ്രവൃത്തികൾ 20:28), “ക്രിസ്തുവിന്റെ ശരീരം” (1 കൊരിന്ത്യർ 12:27), “സഹോദരീ സഹോദരന്മാർ” (1 തെസ്സലൊനീക്യർ 2:14) എന്നിവ കൂടാതെ മറ്റു പലതും.

കെട്ടിട രൂപകം 1 പത്രൊസ് 2:5-ൽ ആവർത്തിക്കുന്നു. പത്രൊസ് സഭയോട് പറയുന്നു, “നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി… പണിയപ്പെടുന്നു.” തുടർന്ന്, 6-ാം വാക്യത്തിൽ, “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു” എന്നു യെശയ്യാവ് 28:16-നെ ഉദ്ധരിച്ചുകൊണ്ട് പത്രൊസ് പറയുന്നു. യേശുവാണ് അവന്റെ കെട്ടിടത്തിന്റെ അടിസ്ഥാനം.

സഭ പണിയുക എന്നത് നമ്മുടെ കടമയാണെന്ന ബോധം നമുക്കുണ്ടായേക്കാം. എന്നാൽ, “ഞാൻ എന്റെ സഭയെ പണിയും” (മത്തായി 16:18) എന്നു യേശു പറഞ്ഞിരിക്കുന്നു. “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാൻ” (1 പത്രൊസ് 2:9) ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. നാം ആ സൽഗുണങ്ങൾ ഘോഷിക്കുമ്പോൾ, അവൻ തന്റെ നല്ല പ്രവൃത്തി ചെയ്യുന്ന വേളയിൽ, അവന്റെ കരങ്ങളിലെ ഉപകരണമായി നാം തീരുന്നു.