ഏതാനും വർഷങ്ങൾക്ക് മുമ്പ് എന്റെ പിതാവിനൊപ്പം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജന്മനഗരം സന്ദർശിച്ചപ്പോൾ, അദ്ദേഹം വളർന്ന കുടുംബ ഫാം ഞങ്ങൾ സന്ദർശിച്ചു. വിചിത്രമായ ഒരു കൂട്ടം മരങ്ങൾ ഞാൻ അവിടെ ശ്രദ്ധിക്കാൻ ഇടയായി. കുട്ടിക്കാലത്ത് തനിക്കു കുസൃതി കാണിക്കാൻ തോന്നുമ്പോൾ, ഒരു ഫലവൃക്ഷത്തിൽ നിന്ന് ഒരു ശിഖരമെടുത്ത്, മറ്റൊരു വർഗ്ഗത്തിൽപെട്ട ഫലവൃക്ഷത്തിൽ ഒരു കീറലുണ്ടാക്കി, മുതിർന്നവർ ചെയ്യുന്നതുപോലെ ആദ്യത്തെ ശിഖരം രണ്ടാമത്തെ തടിയിൽ ചേർത്തുകെട്ടുമായിരുന്നുവെന്നു പിതാവു വിശദീകരിച്ചു. ആ മരങ്ങൾ പ്രതീക്ഷിച്ചതിൽനിന്നു വ്യത്യസ്തമായ ഫലം കായ്ക്കാൻ തുടങ്ങുന്നതുവരെ ആ തമാശകൾ ശ്രദ്ധിക്കപ്പെടാതെ പോയി.

എൻഗ്രാഫ്റ്റിങ്ങ് പ്രക്രിയയെക്കുറിച്ച് എന്റെ പിതാവു വിവരിച്ചപ്പോൾ, ദൈവത്തിന്റെ കുടുംബത്തിലേക്ക് ഒട്ടിച്ചുചേർക്കുന്നതിന്റെ അർത്ഥമെന്താണെന്നതിനെപ്പറ്റി എനിക്ക് ഒരു ചിത്രം ലഭിച്ചു. യേശുവിലുള്ള വിശ്വാസത്തിലൂടെ ദൈവകുടുംബത്തിലേക്ക് അദ്ദേഹത്തെ ഒട്ടിച്ചുചേർത്തതിനാൽ, അന്തരിച്ച എന്റെ പിതാവ് സ്വർഗ്ഗത്തിലാണെന്ന് എനിക്കറിയാം.

ആത്യന്തികമായി സ്വർഗ്ഗത്തിലായിരിക്കുമെന്ന ഉറപ്പു നമുക്കുമുണ്ടായിരിക്കും. ജാതികൾക്ക് അഥവാ യഹൂദരല്ലാത്തവർക്കു തന്നോട് നിരപ്പാകാൻ ദൈവം ഒരു വഴിയൊരുക്കിയിട്ടുണ്ടെന്ന് അപ്പൊസ്തലനായ പൗലൊസു റോമിലെ വിശ്വാസികളോടു വിശദീകരിച്ചു: “കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു…” (റോമർ 11:17). നാം ക്രിസ്തുവിൽ വിശ്വസിക്കുമ്പോൾ, നമ്മെ അവനുമായി ഒട്ടിച്ചുചേർത്തുകൊണ്ടു ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാക്കിത്തീർക്കുന്നു. “ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും” (യോഹന്നാൻ 15:5).

ഒട്ടിച്ചുചേർക്കപ്പെട്ട മരങ്ങൾ പോലെ, ക്രിസ്തുവിൽ നാം ആശ്രയിക്കുമ്പോൾ, നാം ഒരു പുതിയ സൃഷ്ടിയായിത്തീർന്നു ധാരാളം ഫലം കായ്ക്കും.