സംസ്കാരത്തിന്റെ നാശത്തെ ചിത്രീകരിക്കുന്ന മഹാദുരന്താനന്തര ഭൂപ്രകൃതി ചിത്രങ്ങൾക്ക് പേരുകേട്ട വ്യക്തിയായിരുന്നു ബ്രിട്ടീഷ് ചിത്രകാരനായ ജോൺ മാർട്ടിൻ (1789-1854). അതിമനോഹരമായ ഈ ചിത്രങ്ങളിൽ, നാശത്തിന്റെ വ്യാപ്തിയിലും ആസന്നമായ വിനാശത്തിനെതിരെ ചെറുത്തുനിൽക്കാനുള്ള ശക്തിയില്ലായ്മയിലും മനുഷ്യർ സംഭ്രമിച്ചുപോകുന്നു. ദി ഫാൾ ഓഫ് നിനെവേ എന്ന ഒരു പെയിന്റിംഗിൽ, ഇരുണ്ട മേഘങ്ങൾക്ക് കീഴിൽ ഉയർന്നുവരുന്ന തിരമാലകളുടെ വരാനിരിക്കുന്ന നാശത്തിൽ നിന്ന് പലായനം ചെയ്യുന്ന വ്യക്തികളെ ചിത്രീകരിക്കുന്നു.

മാർട്ടിന്റെ പെയിന്റിംഗിന് രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ്, നഹൂം പ്രവാചകൻ നിനവേയ്ക്കെതിരെ അതിന്റെ ന്യായവിധി പ്രവചിച്ചു. സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ അടിച്ചമർത്തുന്നവരുടെ മേലുള്ള ദൈവക്രോധത്തെ പ്രതീകപ്പെടുത്താൻ പ്രവാചകൻ പർവതങ്ങൾ കുലുങ്ങുന്നതിന്റെയും കുന്നുകൾ ഉരുകിപ്പോകുന്നതിന്റെയും ഭൂമി ഞെട്ടിപ്പോകുന്നതിന്റെയും സാദൃശ്യങ്ങൾ ഉപയോഗിച്ചു (നഹൂം 1:5). എന്നിരുന്നാലും, പാപത്തോടുള്ള ദൈവത്തിന്റെ പ്രതികരണം കൃപയില്ലാത്തതല്ല. ദൈവത്തിന്റെ ശക്തിയെക്കുറിച്ച് നഹൂം തന്റെ ശ്രോതാക്കളെ ഓർമ്മിപ്പിക്കുമ്പോഴും, അവൻ “ദീർഘക്ഷമ” (വാക്യം 3) ഉള്ളവനെന്നും “തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു” (വാ. 7) എന്നും നഹൂം കുറിക്കുന്നു. 

ന്യായവിധിയുടെ വിവരണങ്ങൾ വായിക്കുന്നതു മനഃപ്രയാസമുളവാക്കുന്നതാണ്. എങ്കിലും, തിന്മ എതിർക്കപ്പെടാത്ത ഒരു ലോകം ഭയങ്കരമായിരിക്കും. ഭാഗ്യവശാൽ പ്രവാചകൻ ആ കുറിപ്പിൽ അവസാനിപ്പിക്കുന്നില്ല. നല്ലതും നീതിയുക്തവുമായ ഒരു ലോകത്തെ ദൈവം ആഗ്രഹിക്കുന്നുവെന്ന് അവൻ നമ്മെ ഓർമിപ്പിക്കുന്നു: “ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ” (വാക്യം 15). ദൈവവുമായി നമുക്കു സമാധാനം പുലർത്താൻ കഴിയുന്നതിനായി പാപത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ച യേശുവാണ് ആ സുവാർത്ത (റോമർ 5:1, 6).