അലാസ്കയിലെ വിറ്റിയറിലെ മുന്നൂറ് നിവാസികളിൽ ഭൂരിഭാഗവും ഒരു വലിയ അപ്പാർട്ട്മെന്റു സമുച്ചയത്തിലാണ് താമസിക്കുന്നത്. അതുകൊണ്ടാണ് വിറ്റിയറിനെ “ഒരു മേൽക്കൂരയ്ക്ക് കീഴിലുള്ള പട്ടണം” എന്ന് വിളിക്കുന്നത്. അവിടുത്തെ ഒരു മുൻ താമസക്കാരിയായ ഏയ്മി പറയുന്നു, “എനിക്ക് കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങേണ്ടി വരാറില്ലായിരുന്നു. പലചരക്ക് കട, നോട്ടറി പബ്ലിക്, സ്കൂൾ, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം ഞങ്ങളുടെ താഴത്തെ നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എലിവേറ്ററിൽ യാത്ര ചെയ്താൽ എത്താവുന്ന അത്ര അടുത്ത്!”

“അവിടുത്തെ ജീവിതം വളരെ സൗകര്യപ്രദമായിരുന്നതിനാൽ, എനിക്ക് ആരെയും ആവശ്യമില്ലെന്ന് കരുതി ഞാൻ പലപ്പോഴും എന്നിൽത്തന്നെ ഒതുങ്ങിക്കൂടാൻ ആഗ്രഹിച്ചു,” ഏയ്മി പങ്കുവെക്കുന്നു. “എന്നാൽ അവിടുത്തെ മറ്റു താമസക്കാർക്ക് വളരെ സ്നേഹനിർഭരമായ സമീപനമായിരുന്നു ഉണ്ടായിരുന്നത്. അവർ പരസ്പരം കരുതൽ കാണിച്ചു. അവർക്ക് എന്നെ ആവശ്യമാണെന്നും എനിക്ക് അവരെയും ആവശ്യമാണെന്നും ഞാൻ മനസ്സിലാക്കി.’’ 

ഏയ്മിയെപ്പോലെ, ചില സമയങ്ങളിൽ നമ്മിൽത്തന്നെ ഒതുങ്ങിക്കൂടി, സമൂഹത്തെ ഒഴിവാക്കാൻ നാം ആഗ്രഹിച്ചേക്കാം. അങ്ങനെ ചെയ്യുന്നതു നമ്മുടെ സമ്മർദ്ദം കുറയ്ക്കുമെന്നു തോന്നും! എന്നാൽ യേശുവിൽ വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഏകാന്തതയുടെയും മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മയുടെയും ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണമെന്നു തിരുവെഴുത്തു പറയുന്നു. അപ്പൊസ്തലനായ പൗലൊസ്‌ വിശ്വാസികളുടെ ശരീരത്തെ മനുഷ്യ ശരീരത്തോട് ഉപമിക്കുന്നു. ഓരോ ശരീരഭാഗത്തിനും വ്യത്യസ്തമായ പ്രവർത്തനങ്ങളുള്ളതുപോലെ, ഓരോ വിശ്വാസിക്കും ഒരു പ്രത്യേക പങ്കുണ്ട് (റോമർ 12:4). ഒരു ശരീരഭാഗത്തിന് ഒറ്റയ്ക്ക് നിലനിൽക്കാൻ കഴിയാത്തതുപോലെ, ഒരു വിശ്വാസിക്ക് ഒറ്റപ്പെട്ടു വിശ്വാസജീവിതം നയിക്കാൻ കഴിയില്ല (വാക്യം 5). സമൂഹത്തിന്റെ നടുവിലാണ് നാം നമ്മുടെ കൃപകൾ ഉപയോഗിച്ച് (വാക്യങ്ങൾ 6-8; 1 പത്രൊസ് 4:10) യേശുവിനെപ്പോലെ വളരുന്നത് (റോമർ 12:9-21).

നമുക്ക് അന്യോന്യം ആവശ്യമുണ്ട്; നമ്മുടെ ഐക്യം ക്രിസ്തുവിലാണ് (വാക്യം 5). അവന്റെ സഹായത്താൽ, നാം “പരസ്പരം കരുതുമ്പോൾ” നമുക്ക് അവനുമായി ആഴത്തിലുള്ള ഒരു ബന്ധം വളർത്തിയെടുക്കാനും മറ്റുള്ളവർക്ക് അവന്റെ സ്നേഹം കാണിച്ചുകൊടുക്കാനും കഴിയും.