ജോലിയിൽ ഒരു പുതിയ ഉത്തരവാദിത്തം സ്വീകരിക്കുമോ എന്നു എന്നോടു ചോദിച്ചപ്പോൾ, ഇല്ല എന്നു പറയാൻ ഞാൻ ആഗ്രഹിച്ചു. അതിൽ ഉണ്ടാകാവുന്ന വെല്ലുവിളികളെക്കുറിച്ചു ചിന്തിച്ചപ്പോൾ, അവ കൈകാര്യം ചെയ്യാൻ ഞാൻ പ്രാപ്തനല്ലെന്ന് എനിക്കു തോന്നി. എന്നാൽ, പ്രാർത്ഥിക്കുകയും വേദപുസ്തകത്തിൽ നിന്നും മറ്റു വിശ്വാസികളിൽ നിന്നും മാർഗനിർദേശം തേടുകയും ചെയ്തപ്പോൾ, ഉവ്വ് എന്നു പറയാൻ ദൈവം എന്നെ വിളിക്കുകയാണെന്നു ഞാൻ മനസ്സിലാക്കി. തിരുവെഴുത്തു വഴി, അവന്റെ സഹായത്തെക്കുറിച്ച് എനിക്ക് ഉറപ്പു ലഭിക്കുകയും ചെയ്തു. അതിനാൽ, കുറച്ചു ഭയത്തോടെയെങ്കിലും, ഞാൻ ആ ചുമതല സ്വീകരിച്ചു.
കനാൻ അധിനിവേശത്തിൽ നിന്നു പിന്മാറിയ, ഒറ്റുനോക്കിയ പത്തുപേരിലും യിസ്രായേല്യരിലും ഞാൻ എന്നെത്തന്നെ കാണുന്നു (സംഖ്യാപുസ്തകം 13:27-29, 31-33; 14:1-4). അവരും വൈഷമ്യങ്ങൾ കണ്ട്, ആ ദേശത്തെ ശക്തരായ ജനത്തെ തോൽപ്പിക്കാനും കോട്ടകെട്ടി സുരക്ഷിതമാക്കപ്പെട്ട അവരുടെ നഗരങ്ങളെ കീഴടക്കാനും തങ്ങൾക്കു കഴിയില്ലെന്നു ഭയപ്പെട്ടു. “ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി,” ഒറ്റുനോക്കിയവർ പറഞ്ഞു (13:33). “വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു?” (14:3) അവർ പരാതിപ്പെട്ടു. ഇതു കേട്ട യിസ്രായേൽമക്കൾ പിറുപിറുത്തു.
തന്റെ ജനത്തിനു കനാൻദേശം നൽകുമെന്നു ദൈവം നേരത്തെ തന്നെ വാഗ്ദത്തം ചെയ്തിരുന്നതായി കാലേബും യോശുവയും മാത്രമാണ് ഓർത്തത് (ഉല്പത്തി 17:8; സംഖ്യാപുസ്തകം 13:2). ദൈവത്തിന്റെ സാന്നിധ്യത്തിന്റെയും സഹായത്തിന്റെയും വെളിച്ചത്തിൽ, വരാനിരിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ട് അവർ അവന്റെ വാഗ്ദത്തത്തിൽ ധൈര്യം പ്രാപിച്ചു. തങ്ങളുടേതല്ല, അവന്റെ ശക്തി, സംരക്ഷണം, വിഭവങ്ങൾ എന്നിവ കൊണ്ടായിരിക്കും അവർ ബുദ്ധിമുട്ടുകൾ നേരിടുക (സംഖ്യാപുസ്തകം 14:6-9).
ദൈവം എനിക്കു നൽകിയ ദൗത്യം എളുപ്പമുള്ള ഒന്നായിരുന്നില്ല — എന്നാൽ അവൻ എന്നെ അതിൽ സഹായിച്ചു. അവൻ നമ്മെ ഏല്പിക്കുന്ന ചുമതലകളിൽ നിന്നു എപ്പോഴും ബുദ്ധിമുട്ടുകൾ ഒഴിവാക്കി തരികയില്ലെങ്കിലും, കാലേബിനെയും യോശുവയെയും പോലെ, “നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു” (വാ. 9) നമുക്ക് അവയെ നേരിടാൻ കഴിയും.
നിങ്ങൾ ചെയ്യണമെന്നു ദൈവം ആവശ്യപ്പെടുന്നുവെന്നു നിങ്ങൾക്കറിയാവുന്ന ഒരു ജോലി ചെയ്യാൻ സ്വയം പര്യാപ്തത തോന്നാതിരുന്നത് എപ്പോഴാണ്? കാലേബിന്റെയും യോശുവയുടെയും ദൃഷ്ടാന്തങ്ങൾ എപ്രകാരം നിങ്ങളെ സഹായിക്കുന്നു?
പ്രിയപ്പെട്ട ദൈവമേ, അങ്ങയെ പൂർണ്ണഹൃദയത്തോടെ പിന്തുടരാൻ എന്നെ സഹായിക്കേണമേ.