കരോലിനയിലെ വേനൽ സൂര്യന്റെ ചൂടിൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജോർജ്ജ്. അവൻ ജോലി ചെയ്യുന്ന മുറ്റത്തേക്ക് അടുത്തു താമസിക്കുന്ന ഒരാൾ കയറിവന്നു. വ്യക്തമായും കോപത്തോടെ, അയൽക്കാരൻ ജോർജ്ജിന്റെ പണിയെക്കുറിച്ചും അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും പറഞ്ഞുകൊണ്ടു വിമർശിക്കാനും ചീത്ത പറയാനും തുടങ്ങി. ദേഷ്യക്കാരനായ ആ അയൽക്കാരൻ ബഹളം നിർത്തുന്നതുവരെ മറുപടി പറയാതെ ജോർജ്ജ് വാക്കാലുള്ള ആ പ്രഹരങ്ങൾ ഏറ്റുവാങ്ങി. തുടർന്ന്, അവൻ സൗമ്യമായി പ്രതികരിച്ചു, “നിങ്ങൾക്ക് ഇന്നു വളരെ ബുദ്ധിമുട്ടുള്ള ദിവസമായിരുന്നു, അല്ലേ?” പെട്ടെന്ന്, കോപാകുലനായ അയൽക്കാരന്റെ മുഖം മൃദുവായി. അയാൾ തല കുനിച്ചുകൊണ്ടു പറഞ്ഞു, “ഞാൻ നിന്നോടു അങ്ങനെ സംസാരിച്ചതിന് എന്നോടു ക്ഷമിക്കണം.” ജോർജ്ജിന്റെ ദയ അയൽക്കാരന്റെ ക്രോധത്തെ ശമിപ്പിച്ചു.
തിരിച്ചടിക്കാൻ നാം ആഗ്രഹിക്കുന്ന സമയങ്ങളുണ്ടാകാം. അധിക്ഷേപത്തിനു പകരം അധിക്ഷേപവും അപമാനത്തിനു പകരം അപമാനവും നൽകാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ. അതിനു പകരം, നമ്മുടെ പാപങ്ങളുടെ അനന്തരഫലങ്ങൾ യേശു വഹിച്ച വിധത്തെ പൂർണ്ണമായി വെളിപ്പെടുത്തിയ ഒരു ദയയാണു ജോർജ്ജ് മാതൃകയാക്കിയതു: “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു” (1 പത്രൊസ് 2:23)
തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റായി പ്രതിനിധാനം ചെയ്യപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്ന നിമിഷങ്ങൾ നാമെല്ലാവരും നേരിടേണ്ടിവരും. ദയയോടെ പ്രതികരിക്കാൻ നാം ആഗ്രഹിച്ചേക്കാം. എന്നാൽ ദയയോടെ ആയിരിക്കാനും സമാധാനം പിന്തുടരാനും വിവേകം പ്രകടിപ്പിക്കാനും യേശുവിന്റെ ഹൃദയം നമ്മെ വിളിക്കുന്നു. അവൻ ഇന്നു നമ്മെ പ്രാപ്തരാക്കുമ്പോൾ, കഠിനമായ ഒരു ദിവസത്തിലൂടെ കടന്നുപോകുന്ന ഒരാളെ അനുഗ്രഹിക്കാൻ ഒരുപക്ഷേ ദൈവം നമ്മെ ഉപയോഗിച്ചേക്കാം.
മറ്റുള്ളവരുടെ ദയയില്ലാത്ത വാക്കുകൾക്ക് തിരിച്ചടി കൊടുക്കുന്നത് എളുപ്പമാക്കുന്നത് എന്താണ്? നിങ്ങളോടു ദയ കാണിക്കാത്തവരോടു ദയ കാണിക്കുന്നതിൽ കൂടുതൽ മനഃപൂർവ്വമായ ഇടപെടൽ നടത്താൻ എപ്രകാരം സാധിക്കും?
കരുതലുള്ള പിതാവേ, യേശുവിന്റെ ഹൃദയം പ്രകടിപ്പിക്കാനുള്ള ശക്തിയും കൃപയും ജ്ഞാനവും അങ്ങയിൽ കണ്ടെത്താൻ എന്നെ സഹായിക്കേണമേ.