അമേരിക്കയിലെ ഒരു സംസ്ഥാനമായ മിഷിഗണിൽ 40 ലക്ഷം വൃക്ഷങ്ങളുണ്ട്. അവയിൽ മിക്കതും വളരെ സാധാരണമായ വൃക്ഷങ്ങളാണ്. എന്നിരുന്നാലും, ഏറ്റവും പഴക്കമേറിയതും വലിപ്പമുള്ളതുമായ, ജീവിക്കുന്ന ഒരു നാഴികക്കല്ലായി ആദരവു ലഭിക്കത്തക്ക വിധമുള്ള വൃക്ഷങ്ങളെ കണ്ടെത്താനായി ഒരു വാർഷിക “വലിയ വൃക്ഷ വേട്ട” സംസ്ഥാനം സംഘടിപ്പിക്കുന്നു. ഈ മത്സരം സാധാരണ വൃക്ഷങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു: ഏതു വനത്തിനുള്ളിലും ഒരു പുരസ്കാര ജേതാവ് ഉണ്ടായിരിക്കാം, ശ്രദ്ധിക്കപ്പെടാനായി കാത്തിരിക്കുന്ന ഒരു വൃക്ഷം!
മിക്കവരിൽ നിന്നും വ്യത്യസ്തമായി, ദൈവം എപ്പോഴും സാധാരണക്കാരനെ ശ്രദ്ധിക്കുന്നു. എന്താണോ, ആരെയാണോ മറ്റുള്ളവർ അവഗണിക്കുന്നത്, അവരെയാണ് അവൻ ശ്രദ്ധിക്കുന്നത്. യൊരോബെയാം രാജാവിന്റെ ഭരണകാലത്തു ദൈവം ആമോസ് എന്നൊരു സാധാരണ മനുഷ്യനെ യിസ്രായേലിലേക്ക് അയച്ചു. തിന്മയിൽ നിന്നു തിരിഞ്ഞു നീതി തേടാൻ ആമോസ് തന്റെ ജനത്തെ ഉപദേശിച്ചു. എന്നാൽ അവനെ അകറ്റിനിർത്തുകയും അവനോടു നിശബ്ദനായിരിക്കാൻ പറയുകയും ചെയ്തു. “എടോ ദർശകാ, ഓടിപ്പൊയ്ക്കൊൾക!” എന്ന് അവർ നിന്ദിച്ചു. “യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക” (ആമോസ് 7:12). അതിന് ആമോസ് ഇപ്രകാരം പ്രതികരിച്ചു, “ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ. ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു” (വാ. 14-15).
ആട്ടിൻകൂട്ടത്തെയും മരങ്ങളെയും പരിപാലിച്ചുകൊണ്ടിരുന്ന ഒരു സാധാരണ ഇടയനായിരുന്നപ്പോഴാണ് ആമോസിനെ ദൈവം അറിയുകയും ശ്രദ്ധിക്കുകയും ചെയ്തത്. നൂറുകണക്കിനു വർഷങ്ങൾക്കിപ്പുറം, സാധാരണക്കാരായ നഥനയേലിനെയും (യോഹന്നാൻ 1:48) കാട്ടത്തി മരത്തിനടുക്കൽവച്ചു സക്കായിയെയും (ലൂക്കൊസ് 19:4) യേശു ശ്രദ്ധിക്കുകയും അവരെ വിളിക്കുകയും ചെയ്തു. എത്രത്തോളം നമുക്കു ശ്രദ്ധ ലഭിക്കാത്തതായി തോന്നിയാലും, അവൻ നമ്മെ കാണുകയും നമ്മെ സ്നേഹിക്കുകയും അവന്റെ ഉദ്ദേശ്യങ്ങൾക്കായി നമ്മെ ഉപയോഗിക്കുകയും ചെയ്യുന്നു.
ദൈവം നിങ്ങളെ ഒരു വ്യക്തിയായി കാണുന്നുവെന്നു വിശ്വസിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടു തോന്നുന്നത് എന്തുകൊണ്ടാണ്? അവനെക്കുറിച്ചുള്ള അവബോധം അവന്റെ സ്നേഹത്തെ എപ്രകാരം അറിയിക്കുന്നു?
പ്രിയപ്പെട്ട ദൈവമേ, അവഗണിക്കപ്പെടുന്നതായി എനിക്കു തോന്നുമ്പോഴും എന്നെ സ്നേഹിക്കുന്നതിന് അങ്ങേയ്ക്കു നന്ദി.