ആൻഡ്രൂ തന്റെ ഫോക്സ്‌വാഗൺ കാർ നിർത്തി. ഗാർഡുകൾ കാറിന്റെ അടുത്തേക്കു നടന്നടുത്തു. ഇതിനുമുമ്പും പലതവണ ചെയ്തതുപോലെ അവൻ പ്രാർത്ഥിച്ചു: “ദൈവമേ, അങ്ങു ഭൂമിയിലായിരുന്നപ്പോൾ അന്ധതയുള്ള കണ്ണുകളെ കാണുമാറാക്കി. ഇപ്പോൾ, ദയവുതോന്നി കാഴ്ചയുള്ള കണ്ണുകളെ അന്ധമാക്കേണമേ.” ഗാർഡുകൾ കാർ പരിശോധിച്ചുവെങ്കിലും ലഗേജിലെ വേദപുസ്തകങ്ങളെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല. വേദപുസ്തകം സ്വന്തമാക്കാൻ കഴിയാത്തവരുടെ അടുത്തേക്കു തന്റെ പക്കലുള്ളവയുമായി ആൻഡ്രൂ അതിർത്തി കടന്നു.
ക്രിസ്ത്യാനിത്വം നിയമവിരുദ്ധമായ രാജ്യങ്ങളിലേക്കു തിരുവെഴുത്തുകൾ കൊണ്ടുചെല്ലുക എന്ന, അസാധ്യമെന്നു തോന്നുന്ന ദൗത്യത്തിനായി ദൈവം തന്നെ വിളിച്ചപ്പോൾ ആൻഡ്രൂ വാൻ ഡെർ ബിജിൽ, അഥവാ ബ്രദർ ആൻഡ്രൂ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചു. “ഞാൻ ഒരു സാധാരണ മനുഷ്യനാണ്,” തന്റെ പരിമിതമായ വിദ്യാഭ്യാസത്തിനും പണത്തിന്റെ അഭാവത്തിനും ഊന്നൽ നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു. “ഞാൻ ചെയ്ത കാര്യങ്ങൾ, ആർക്കും ചെയ്യാവുന്നതാണ്.” അദ്ദേഹത്തിന്റെ സംഘടനയായ ഓപ്പൺ ഡോർസ് ഇന്റർനാഷണൽ, പീഡനം ഏല്ക്കുന്ന ലോകമെമ്പാടുമുള്ള ക്രിസ്തുവിശ്വാസികളെ ഇന്നു ശുശ്രൂഷിക്കുന്നു.
യെഹൂദന്മാർ പ്രവാസത്തിൽ നിന്നു മടങ്ങിയെത്തിയതിനെ തുടർന്ന് ആലയം പുനർനിർമിക്കുക എന്ന അസാധ്യമായ ദൗത്യത്തെ താൻ അഭിമുഖീകരിച്ചപ്പോൾ, യെഹൂദാദേശാധിപതിയായി സെരുബ്ബാബേൽ നിരുത്സാഹപ്പെട്ടു. എന്നാൽ മനുഷ്യശക്തിയിലോ ശേഷിയിലോ ആശ്രയിക്കാതെ ദൈവാത്മാവിൽ ആശ്രയിക്കാൻ ദൈവം അവനെ ഓർമ്മപ്പെടുത്തി (സെഖര്യാവ് 4:6). അടുത്തുള്ള ഒലിവു മരങ്ങളിൽ നിന്നു വിതരണം ചെയ്യപ്പെടുന്ന എണ്ണയോടുകൂടി വിളക്കുകളുടെ ദർശനം സെഖര്യാ പ്രവാചകനു നൽകിക്കൊണ്ട് അവൻ സെരുബ്ബാബേലിനു ധൈര്യം പകർന്നു (വാ. 2-3). എണ്ണയുടെ തുടർച്ചയായ വിതരണം നിമിത്തം വിളക്കുകൾ കത്തുന്നതുപോലെ, ദൈവത്തിന്റെ നിരന്തരമായ ശക്തി വിതരണത്തിൽ ആശ്രയിച്ചുകൊണ്ട് അവന്റെ ദൗത്യം പൂർത്തിയാക്കാൻ സെരുബ്ബാബേലിനും യിസ്രായേൽമക്കൾക്കും കഴിയും.
നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ, നമുക്ക് അവനിൽ വിശ്വസിച്ചുകൊണ്ട് അവൻ നമ്മോട് ആവശ്യപ്പെടുന്നതു ചെയ്യാൻ കഴിയും.
എപ്രകാരം നിങ്ങൾക്കു ദൈവത്തിന്റെ ആത്മാവിൽ ആശ്രയിക്കാൻ കഴിയും? വിളക്കുകൾക്ക് എണ്ണ നൽകുന്ന ഒലിവു മരങ്ങളുടെ ദർശനം നിങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിച്ചേക്കാം?
പരിശുദ്ധാത്മാവേ, അങ്ങയിൽ ആശ്രയിക്കാൻ എന്നെ സഹായിക്കേണമേ.