2023 ജൂണിൽ കൊളംബിയയിലെ ആമസോൺ വനത്തിൽ ഒന്നു മുതൽ പതിമൂന്നു വയസ്സുവരെ പ്രായമുള്ള നാലു സഹോദരങ്ങളെ ജീവനോടെ കണ്ടെത്തിയപ്പോൾ ലോകം അമ്പരന്നു. തങ്ങളുടെ മാതാവിന്റെ മരണത്തിനു ഇടയാക്കിയ വിമാനാപകടത്തിനു ശേഷം ഈ സഹോദരങ്ങൾ നാൽപ്പതു ദിവസം വനത്തിൽ അതിജീവിച്ചിരുന്നു. വനത്തിന്റെ കഠിനമായ ഭൂപ്രദേശം പരിചയമുള്ള ഈ കുട്ടികൾ, കാട്ടുമൃഗങ്ങളിൽ രക്ഷ നേടാൻ മരത്തടികളിൽ ഒളിച്ചിരുന്നും തോടുകളിൽ നിന്നും മഴയിൽ നിന്നും കുപ്പികളിൽ വെള്ളം ശേഖരിച്ചും വിമാന അവശിഷ്ടങ്ങളിൽ നിന്നു ലഭിച്ച മരച്ചീനി മാവു പോലുള്ള ഭക്ഷണം കഴിച്ചും വനത്തിൽ ജീവിച്ചു. ഏതൊക്കെ കാട്ടുഫലങ്ങളും വിത്തുകളുമാണ് ഭക്ഷണയോഗ്യമെന്ന് അവർക്ക് അറിയാമായിരുന്നു.

ദൈവം ഈ സഹോദരങ്ങളെ പരിപാലിച്ചു. 

പുറപ്പാട്, സംഖ്യാ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളതും വേദപുസ്തകത്തിൽ ഉടനീളവും പരാമർശിച്ചിരിക്കുന്നതുമായ, നാൽപ്പതു വർഷത്തോളം യിസ്രായേൽ ജനത്തെ മരുഭൂമിയിൽ അത്ഭുതകരമായി ദൈവം നിലനിർത്തിയ സംഭവത്തെ, ഈ കുട്ടികളുടെ അവിശ്വസനീയമായ ജീവിതകഥ എന്നെ ഓർമ്മപ്പെടുത്തി. താൻ അവരുടെ ദൈവമാണെന്ന് അവർ അറിയേണ്ടതിന് അവൻ അവരുടെ ജീവൻ സംരക്ഷിച്ചു.

കയ്പേറിയ നീരുറവയെ ദൈവം കുടിക്കാവുന്ന ജലമാക്കി മാറ്റി, രണ്ടുതവണ പാറയിൽ നിന്നു ജലം നൽകി, പകൽ മേഘസ്തംഭം കൊണ്ടും രാത്രി അഗ്നിസ്തംഭം കൊണ്ടും തന്റെ ജനത്തെ നയിച്ചു. അവർക്കുവേണ്ടി അവൻ മന്നയും നൽകി. “മോശെ അവരോടു: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു. ഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ” (പുറപ്പാട് 16:15-16).

അതേ ദൈവം നമുക്കു “ആവശ്യമുള്ള ആഹാരം ഇന്നു” (മത്തായി 6:11) നൽകുന്നു. “മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ” (ഫിലിപ്പിയർ 4:19) നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവൻ പര്യാപ്തനായതിനാൽ അവനിൽ നമുക്ക് ആശ്രയിക്കാം. എത്ര ശക്തനായ ദൈവത്തെയാണു നാം സേവിക്കുന്നത്!