“വീണ്ടും ജനനം? എന്താണ് അതിനർത്ഥം?” ഫ്യൂണറൽ ഡയറക്ടർ ചോദിച്ചു. “ഞാൻ ഈ വാക്കു ഇതിനു മുമ്പു കേട്ടിട്ടില്ല.” ഈ അവസരം മുതലെടുത്തുകൊണ്ട്, മരിച്ചുപോയ പിതാവിന്റെ മകൻ യോഹന്നാൻ 3-ാം അധ്യായത്തിലെ വാക്കുകൾ വായിച്ച് അതിന്റെ അർത്ഥമെന്താണെന്നു വിശദീകരിച്ചു കൊടുത്തു.
“നമ്മളെല്ലാം ഈ ലോകത്ത് ഒരിക്കൽ ജനിച്ചവരാണ് എന്ന വസ്തുതയാണ് ഇതിന്റെ ആകെത്തുക,” അദ്ദേഹം പറഞ്ഞു. “നമ്മുടെ നല്ല പ്രവൃത്തികളെ തിന്മയ്ക്കെതിരെ തൂക്കിനോക്കാനായി ദൈവത്തിന്റെ പക്കൽ ഒരു മാന്ത്രിക തുലാസില്ല. നാം ആത്മാവിൽ ജനിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നു,” അദ്ദേഹം തുടർന്നു. “അതുകൊണ്ടാണു യേശു ക്രൂശിൽ മരിച്ചതു – അവൻ നമ്മുടെ പാപങ്ങൾ വീട്ടി, അവനോടൊപ്പം നിത്യജീവൻ സ്വന്തമാക്കാൻ നമുക്ക് അവസരമൊരുക്കി. ഇതു നമുക്കു സ്വന്തമായി സാധിച്ചെടുക്കാൻ കഴിയുന്ന ഒന്നല്ല.”
യോഹന്നാൻ 3-ൽ, താൻ യഥാർത്ഥത്തിൽ എല്ലാം മനസ്സിലാക്കിയിട്ടുണ്ടോ എന്നു നിക്കൊദേമൊസ് സംശയിക്കാൻ തുടങ്ങി. തിരുവെഴുത്തുകളിൽ പരിശീലനം ലഭിച്ച ഈ ഉപദേഷ്ടാവ് (വാ. 1), യേശു വ്യത്യസ്തനാണെന്നും അവന്റെ പഠിപ്പിക്കലിന് അധികാരമുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു (വാ. 2). അവൻ സ്വയം കണ്ടുപിടിക്കാൻ ആഗ്രഹിച്ചു. അതിൻപ്രകാരം അവൻ ഒരു രാത്രി ക്രിസ്തുവിനെ സമീപിച്ചു. “നിങ്ങൾ പുതുതായി ജനിക്കേണം” (വാ. 7) എന്ന യേശുവിന്റെ പ്രസ്താവന നിക്കൊദേമൊസ് അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തിരിക്കണം. കാരണം, ക്രൂശിക്കപ്പെട്ടതിനു ശേഷം രക്ഷകന്റെ ശരീരം അടക്കം ചെയ്യാൻ അവൻ സഹായിച്ചിരുന്നു (19:39).
ഭവനത്തിൽ എത്തുമ്പോൾ യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം വായിക്കാമെന്നു ഫ്യൂണറൽ ഡയറക്ടർ സമ്മതിച്ചു. ഡയറക്ടറുമായി സംസാരിച്ച മകനെപ്പോലെ, യേശുവിന്റെ വാക്കുകൾ ഹൃദയത്തിൽ ഏറ്റെടുത്തുകൊണ്ട് അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച് മറ്റുള്ളവരുമായി പങ്കിടാം.
വീണ്ടും ജനിക്കുക എന്നത് നിങ്ങളെ സംബന്ധിച്ച് എന്താണ് അർത്ഥമാക്കുന്നത്? അതിന്റെ അർത്ഥം നിങ്ങൾക്ക് എപ്രകാരം മറ്റുള്ളവരുമായി പങ്കിടാൻ സാധിക്കും?
പ്രിയ പിതാവേ, എന്നെ വീണ്ടും ജനിക്കാൻ അനുവദിച്ചതിനു നന്ദി. വീണ്ടും ജനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞാൻ പങ്കിടുന്നവരുടെ ഹൃദയങ്ങളിൽ അങ്ങയുടെ ആത്മാവു ക്രിയ ചെയ്യട്ടെ.