കോളേജിൽ ഒരു സെമസ്റ്ററിൽ, ഞാൻ വില്യം ഷേക്സ്പിയറുടെ കൃതികൾ പഠിക്കുകയുണ്ടായി. ഷേക്സ്പിയർ ഇതുവരെ എഴുതിയതെല്ലാം ഉൾക്കൊള്ളുന്ന ഒരു വലിയ പാഠപുസ്തകം ക്ലാസിന് ആവശ്യമായിരുന്നു. പുസ്തകത്തിന് അനേകം കിലോഗ്രാം ഭാരമുണ്ടായിരുന്നു. മണിക്കൂറുകളോളം എനിക്ക് അതു ചുമക്കേണ്ടതായി വന്നിട്ടുണ്ട്. ആ ഭാരം ചുമന്നു ചുറ്റിക്കറങ്ങുന്നത് എന്റെ നടുവു വേദനക്കു കാരണമായി. അത് ഒടുവിൽ എന്റെ പുസ്തക സഞ്ചിയെ കെട്ടിയുറപ്പിച്ചിരുന്ന ലോഹസ്ട്രാപ്പിനെ തകർത്തു!

ചില കാര്യങ്ങൾ നമുക്കു വഹിക്കാൻ കഴിയാത്തത്ര ഭാരമുള്ളതാണ്. ഉദാഹരണത്തിന്, മുൻകാല മനോവേദനയിൽ നിന്നുള്ള വൈകാരിക ഭാരങ്ങൾ കൈപ്പും വെറുപ്പും കൊണ്ടു നമ്മെ ഭാരപ്പെടുത്തും. എന്നാൽ മറ്റുള്ളവരോടു ക്ഷമിച്ചും സാധ്യമാകുമ്പോഴൊക്കെ അവരുമായി അനുരഞ്ജനപ്പെട്ടും നാം സ്വാതന്ത്ര്യം നേടിയെടുക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു (കൊലൊസ്സ്യർ 3:13). മനോവേദനയുടെ ആഴം കൂടുന്തോറും ഇതിനു കൂടുതൽ സമയം എടുത്തേക്കാം. അതു സാരമില്ല. തന്റെ ജന്മാവകാശവും അനുഗ്രഹവും അപഹരിച്ചതിനു യാക്കോബിനോടു ക്ഷമിക്കാൻ ഏശാവിനു വർഷങ്ങൾ വേണ്ടിവന്നു (ഉല്പത്തി 27:36).

ഒടുവിൽ ഇരുവരും വീണ്ടും ഒന്നിച്ചപ്പോൾ, ഏശാവു തന്റെ സഹോദരനോടു സദയം ക്ഷമിച്ചുകൊണ്ട് “അവനെ എതിരേറ്റു, ആലിംഗനം ചെയ്തു” (33:4). രണ്ടുപേരും പൊട്ടിക്കരയുന്നതിനുമുമ്പ് ഒരു വാക്കു പോലും കൈമാറിയില്ല. കാലക്രമേണ, കൊലപാതകം പരിഗണിക്കാൻ പ്രേരിപ്പിച്ച കോപം ഏശാവ് ഉപേക്ഷിച്ചു (27:41). തന്റെ സഹോദരനെ താൻ എപ്രകാരം ദ്രോഹിച്ചുവെന്നതിന്റെ വ്യാപ്തി കാണാൻ ആ നീണ്ട വർഷങ്ങൾ യാക്കോബിനു അവസരം നൽകി. ആ പുനഃസമാഗമത്തിലുടനീളം അവൻ എളിമയും ബഹുമാനവും ഉള്ളവനായിരുന്നു (33:8-11).

അവസാനം, ആ സഹോദരന്മാർ ഇരുവരും മറ്റെയാളിൽ നിന്നു യാതൊന്നും തനിക്ക് ആവശ്യമില്ലാത്ത ഒരു സ്ഥാനത്ത് എത്തിച്ചേർന്നു (വാ. 9, 15). പഴയകാലത്തെ ഭാരിച്ച ഭാണ്ഡക്കെട്ടിൽ നിന്നു മോചനം നേടിക്കൊണ്ട് ക്ഷമിക്കാനും ക്ഷമിക്കപ്പെടാനും അത് ധാരാളമായിരുന്നു.