2023 മാർച്ച് 24-നു തന്റെ കാലാവസ്ഥാ പ്രവചനത്തിനിടെ മിസിസിപ്പിയിലെ ഒരു കാലാവസ്ഥാ നിരീക്ഷകൻ ലളിതവും എന്നാൽ ഗഹനവുമായ ആറു വാക്കുകൾ പറഞ്ഞതിനെ തുടർന്നു വൈറലായി. ശക്തമായ ഒരു കൊടുങ്കാറ്റു നിരീക്ഷിക്കവേ, അമോറി പട്ടണത്തിൽ ഒരു വിനാശകരമായ ചുഴലിക്കാറ്റു വീശാൻ പോവുകയാണെന്നു മാറ്റ് ലൗബാൻ തിരിച്ചറിഞ്ഞു. അപ്പോഴാണു ലോകമെമ്പാടുമുള്ളവർ തന്നെ കേൾക്കുന്ന വേളയിൽ ഇപ്രകാരം പ്രാർത്ഥിക്കാനായി ലൗബാൻ തൽസമയ സംപ്രേക്ഷണത്തിനിടയിൽ താൽക്കാലികമായി നിർത്തിയത്: “പ്രിയപ്പെട്ട യേശുവേ, ദയവായി അവരെ സഹായിക്കേണമേ. ആമേൻ.” സുരക്ഷിതമായ ഇടങ്ങളിലേക്കു നീങ്ങാൻ ആ പ്രാർത്ഥന തങ്ങളെ പ്രേരിപ്പിച്ചുവെന്നു ചില കാഴ്ചക്കാർ പിന്നീടു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ സ്വതസിദ്ധവും ഹൃദയംഗമവുമായ പ്രാർത്ഥന എണ്ണമറ്റ ജീവൻ രക്ഷിക്കാൻ സഹായിച്ചിരിക്കാം.
നമ്മുടെ പ്രാർത്ഥനകൾക്കും ഒരു മാറ്റമുണ്ടാക്കാൻ സാധിക്കും. അവ ദീർഘ നേരം നീണ്ടു നിൽക്കുന്നവ ആയിരിക്കണമെന്നില്ല. അവ ഹ്രസ്വവും മധുരതരവുമാകാം. ദിവസത്തിലെ ഏതു നേരത്തും നിങ്ങൾ അതു ചെയ്യാം. നാം ജോലിയിലായാലും മറ്റു ആവശ്യങ്ങളുടെ പുറകെ ആയാലും ഒഴിവുസമയം ആസ്വദിക്കൂകയായാലും “ഇടവിടാതെ പ്രാർത്ഥിക്കാൻ” (1 തെസ്സലൊനീക്യർ 5:17) നമുക്കു സാധിക്കും.
ദിവസം മുഴുവൻ നാം പ്രാർത്ഥിക്കുന്നതു കേൾക്കാൻ ദൈവം ഇഷ്ടപ്പെടുന്നു. ഉത്കണ്ഠയുടെയും ഭയത്തിന്റെയും തടവുകാരായിരിക്കേണ്ടതില്ല, പകരം നമ്മുടെ എല്ലാ വ്യാകുലതകളും ആശങ്കകളും ദൈവത്തിങ്കലേക്ക് കൊണ്ടുചെല്ലാമെന്നു അപ്പൊസ്തലനായ പൗലൊസു നമ്മെ ഓർമിപ്പിക്കുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകലബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും” (ഫിലിപ്പിയർ 4:6-7).
പ്രസന്നമായ ഒരു ദിവസം ആസ്വദിക്കുകയാണെങ്കിലോ അല്ലെങ്കിൽ അക്ഷരീയമോ ആലങ്കാരികമോ ആയ കൊടുങ്കാറ്റിനാൽ ജീവിതം ബാധിക്കപ്പെടുകയാണെങ്കിലോ, താൽക്കാലികമായി ബാക്കിയെല്ലാം നിർത്തിവച്ചുകൊണ്ടു ദിവസം മുഴുവൻ പ്രാർത്ഥിക്കാൻ നമുക്ക് ഓർക്കാം.
ദിവസം മുഴുവനും പ്രാർത്ഥിക്കുന്നതിനായി കൂടുതൽ മനഃപൂർവ്വമായ ഒരു ശ്രമം നടത്താൻ എപ്രകാരം നിങ്ങൾക്കു സാധിക്കും? വർഷങ്ങളായി നിങ്ങളുടെ പ്രാർത്ഥനാ ജീവിതം എപ്രകാരം വളർന്നുവന്നു?
സ്വർഗ്ഗസ്ഥനായ പിതാവേ, എനിക്ക് എപ്പോൾ വേണമെങ്കിലും അങ്ങയോടു പ്രാർത്ഥിക്കാൻ കഴിയും എന്നതിനു നന്ദി.