മഹത്തായ വിഭജനം
ഒരു ക്ലാസിക് പീനട്ട് കോമിക് സ്ട്രിപ്പിൽ, ഗ്രേറ്റ് പംകിനിയിലുള്ള വിശ്വാസത്തിന്റെ പേരിൽ ലിനസിന്റെ സുഹൃത്ത് അവനെ ശകാരിക്കുന്നുണ്ട്. നിരാശയോടെ നടന്നകലുന്ന ലിനസ് പറയുന്നു, “ജനങ്ങളുമായി ഒരിക്കലും ചർച്ച ചെയ്യാൻ പാടില്ലാത്ത മൂന്നു കാര്യങ്ങളുണ്ടെന്നു ഞാൻ പഠിച്ചു… മതം, രാഷ്ട്രീയം, ഗ്രേറ്റ് പംകിൻ!”
ഗ്രേറ്റ് പംകിൻ ലിനസിന്റെ മനസ്സിൽ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ മറ്റു രണ്ടു വിഷയങ്ങൾ വളരെ യഥാർത്ഥമാണ് - രാഷ്ട്രങ്ങളെയും കുടുംബങ്ങളെയും സുഹൃത്തുക്കളെയും വിഭജിക്കുന്ന യാഥാർത്ഥ്യം. യേശുവിന്റെ നാളിലും ഈ പ്രശ്നം സംഭവിച്ചിരുന്നു. പഴയ നിയമം അക്ഷരംപ്രതി പിന്തുടരാൻ ശ്രമിച്ചിരുന്ന കഠിന മതവിശ്വാസികളായിരുന്നു പരീശന്മാർ. ഹെരോദ്യർ കൂടുതലും രാഷ്ട്രീയക്കാരായിരുന്നു. എന്നിരുന്നാലും യെഹൂദാജനം റോമൻ അടിച്ചമർത്തലിൽ നിന്നു മോചിപ്പിക്കപ്പെടണമെന്നു ഇരു കൂട്ടരും ആഗ്രഹിച്ചിരുന്നു. യേശു അവരുടെ ലക്ഷ്യങ്ങൾ പങ്കിടുന്നതായി കാണപ്പെട്ടുരുന്നില്ല. അതുകൊണ്ട് അവർ രാഷ്ട്രീയ മുനയുള്ള ഒരു ചോദ്യവുമായി അവനെ സമീപിച്ചു: ജനം കൈസർക്കു കരം നൽകണമോ (മര്‍ക്കൊസ് 12:14-15)? കൊടുക്കണം എന്നു യേശു പറഞ്ഞാൽ ജനം അവനോടു നീരസം കാണിക്കും. കൊടുക്കരുത് എന്ന് അവൻ പറഞ്ഞാൽ, റോമാക്കാർക്ക് അവനെ കലാപത്തിന്റെ പേരിൽ പിടികൂടാൻ സാധിക്കും.
യേശു ഒരു നാണയം ആവശ്യപ്പെട്ടു. “ഈ സ്വരൂപം ആരുടേതു?” അവൻ ചോദിച്ചു (വാ. 16). കൈസരുടേതാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. യേശുവിന്റെ വാക്കുകൾ ഇന്നും പ്രതിധ്വനിക്കുന്നു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” (വാ. 17). അവന്റെ മുൻഗണനകൾക്കു മാറ്റം വരുത്താതെ യേശു അവരുടെ കപടോപായം ഒഴിവാക്കി.
തന്റെ പിതാവിന്റെ ഹിതം ചെയ്യാനായി യേശു വന്നു. അവന്റെ നേതൃത്വം പിന്തുടർന്ന്, എല്ലാ വിയോജിപ്പുകളിൽ നിന്നും ശ്രദ്ധ തിരിച്ച് സത്യമായ ഒരുവനിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, നമുക്കും എല്ലാറ്റിനുമുപരിയായി ദൈവത്തെയും അവന്റെ രാജ്യത്തെയും അന്വേഷിക്കാം.
മനോഹരമായ ഒരു ആശ്ചര്യം
ഉഴുതുമറിച്ച നിലത്ത് ഒരു രഹസ്യം ഉണ്ടായിരുന്നു—ഒളിച്ചുവച്ച എന്തോ ഒന്ന്. തങ്ങളുടെ അമ്പതാം വിവാഹവാർഷികത്തിനായുള്ള ഒരുക്കത്തിൽ, തന്റെ ഭാര്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ പുഷ്പ സമ്മാനം നിർമ്മിക്കാനായി തന്റെ എൺപത് ഏക്കർ ഭൂമി ലീ വിൽസൺ മാറ്റിവച്ചു. അവൻ രഹസ്യമായി എണ്ണമറ്റ സൂര്യകാന്തി വിത്തുകൾ നട്ടുപിടിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ അത് മുളപൊട്ടി 12 ലക്ഷം സുവർണ്ണ സസ്യങ്ങൾ — തന്റെ ഭാര്യയുടെ പ്രിയപ്പെട്ടവ— ആയിത്തീർന്നു. സൂര്യകാന്തിപ്പൂക്കൾ തങ്ങളുടെ പീതവർണ്ണ കിരീടങ്ങൾ ഉയർത്തിയപ്പോൾ, ലീയുടെ മനോഹരമായ സ്നേഹപ്രകടനത്തിൽ റെനി ഞെട്ടിപ്പോയി.
യെശയ്യാ പ്രവാചകനിലൂടെ യെഹൂദാജനത്തോടു സംസാരിച്ചപ്പോൾ ദൈവം അവരോട് ഒരു രഹസ്യം പങ്കുവെച്ചു: അവർക്ക് അതു ഇപ്പോൾ കാണാൻ കഴിയില്ലെങ്കിലും, തന്നോടുള്ള അവിശ്വസ്തതയുടെ പേരിൽ അവർക്കെതിരായ ന്റെറെ വാഗ്ദത്ത ന്യായവിധിക്കു ശേഷം (യെശയ്യാവ് 3:1-4:1), പുതിയതും സുവർണ്ണവുമായ ഒരു ദിനം ഉദിക്കും. “അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന്നു മഹിമയും അഴകും ഉള്ളതും ആയിരിക്കും” ( 4:2). അതെ, അവർ ബാബേലിന്റെ കരങ്ങളാൽ നാശവും പ്രവാസവും അനുഭവിക്കുമെങ്കിലും മനോഹരമായ ഒരു “മുള”— ഭൂമിയിൽ നിന്ന് ഒരു പുതിയ മുളപൊട്ടൽ — അപ്പോൾ കാണപ്പെടും. അവന്റെ ജനത്തിന്റെ ഒരു ശേഷിപ്പ് വേർതിരിക്കപ്പെട്ട് (“വിശുദ്ധൻ”, വാ. 4), വെടിപ്പാക്കപ്പെട്ട് (വാ. 3), സ്നേഹപൂർവ്വം നയിക്കപ്പെട്ട്, അവനാൽ പരിപാലിക്കപ്പെടും (വാ. 5-6).
നമ്മുടെ ദിവസങ്ങൾ അന്ധകാരമായമായും ദൈവത്തിന്റെ വാഗ്ദത്തങ്ങളുടെ നിവൃത്തി മറഞ്ഞിരിക്കുന്നതായി തോന്നിയേക്കാം. എന്നാൽ വിശ്വാസത്താൽ നാം അവനോടു പറ്റിനിൽക്കുമ്പോൾ, ഒരു ദിവസം അവന്റെ എല്ലാ “വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും” നിറവേറപ്പെടും (2 പത്രൊസ് 1:4). മനോഹരമായ ഒരു പുതിയ ദിവസം കാത്തിരിക്കുന്നു.
പ്രാർത്ഥിക്കാൻ താൽക്കാലികമായി നിർത്തുക
2023 മാർച്ച് 24-നു തന്റെ കാലാവസ്ഥാ പ്രവചനത്തിനിടെ മിസിസിപ്പിയിലെ ഒരു കാലാവസ്ഥാ നിരീക്ഷകൻ ലളിതവും എന്നാൽ ഗഹനവുമായ ആറു വാക്കുകൾ പറഞ്ഞതിനെ തുടർന്നു വൈറലായി. ശക്തമായ ഒരു കൊടുങ്കാറ്റു നിരീക്ഷിക്കവേ, അമോറി പട്ടണത്തിൽ ഒരു വിനാശകരമായ ചുഴലിക്കാറ്റു വീശാൻ പോവുകയാണെന്നു മാറ്റ് ലൗബാൻ തിരിച്ചറിഞ്ഞു. അപ്പോഴാണു ലോകമെമ്പാടുമുള്ളവർ തന്നെ കേൾക്കുന്ന വേളയിൽ ഇപ്രകാരം പ്രാർത്ഥിക്കാനായി ലൗബാൻ തൽസമയ സംപ്രേക്ഷണത്തിനിടയിൽ താൽക്കാലികമായി നിർത്തിയത്: “പ്രിയപ്പെട്ട യേശുവേ, ദയവായി അവരെ സഹായിക്കേണമേ. ആമേൻ.” സുരക്ഷിതമായ ഇടങ്ങളിലേക്കു നീങ്ങാൻ ആ പ്രാർത്ഥന തങ്ങളെ പ്രേരിപ്പിച്ചുവെന്നു ചില കാഴ്ചക്കാർ പിന്നീടു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ സ്വതസിദ്ധവും ഹൃദയംഗമവുമായ പ്രാർത്ഥന എണ്ണമറ്റ ജീവൻ രക്ഷിക്കാൻ സഹായിച്ചിരിക്കാം.
നമ്മുടെ പ്രാർത്ഥനകൾക്കും ഒരു മാറ്റമുണ്ടാക്കാൻ സാധിക്കും. അവ ദീർഘ നേരം നീണ്ടു നിൽക്കുന്നവ ആയിരിക്കണമെന്നില്ല. അവ ഹ്രസ്വവും മധുരതരവുമാകാം. ദിവസത്തിലെ ഏതു നേരത്തും നിങ്ങൾ അതു ചെയ്യാം. നാം ജോലിയിലായാലും മറ്റു ആവശ്യങ്ങളുടെ പുറകെ ആയാലും ഒഴിവുസമയം ആസ്വദിക്കൂകയായാലും “ഇടവിടാതെ പ്രാർത്ഥിക്കാൻ” (1 തെസ്സലൊനീക്യർ 5:17) നമുക്കു സാധിക്കും.
ദിവസം മുഴുവൻ നാം പ്രാർത്ഥിക്കുന്നതു കേൾക്കാൻ ദൈവം ഇഷ്ടപ്പെടുന്നു. ഉത്കണ്ഠയുടെയും ഭയത്തിന്റെയും തടവുകാരായിരിക്കേണ്ടതില്ല, പകരം നമ്മുടെ എല്ലാ വ്യാകുലതകളും ആശങ്കകളും ദൈവത്തിങ്കലേക്ക് കൊണ്ടുചെല്ലാമെന്നു അപ്പൊസ്തലനായ പൗലൊസു നമ്മെ ഓർമിപ്പിക്കുന്നു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകലബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും” (ഫിലിപ്പിയർ 4:6-7).
പ്രസന്നമായ ഒരു ദിവസം ആസ്വദിക്കുകയാണെങ്കിലോ അല്ലെങ്കിൽ അക്ഷരീയമോ ആലങ്കാരികമോ ആയ കൊടുങ്കാറ്റിനാൽ ജീവിതം ബാധിക്കപ്പെടുകയാണെങ്കിലോ, താൽക്കാലികമായി ബാക്കിയെല്ലാം നിർത്തിവച്ചുകൊണ്ടു ദിവസം മുഴുവൻ പ്രാർത്ഥിക്കാൻ നമുക്ക് ഓർക്കാം.
ഭാരങ്ങൾ ഒഴിവാക്കുക
കോളേജിൽ ഒരു സെമസ്റ്ററിൽ, ഞാൻ വില്യം ഷേക്സ്പിയറുടെ കൃതികൾ പഠിക്കുകയുണ്ടായി. ഷേക്സ്പിയർ ഇതുവരെ എഴുതിയതെല്ലാം ഉൾക്കൊള്ളുന്ന ഒരു വലിയ പാഠപുസ്തകം ക്ലാസിന് ആവശ്യമായിരുന്നു. പുസ്തകത്തിന് അനേകം കിലോഗ്രാം ഭാരമുണ്ടായിരുന്നു. മണിക്കൂറുകളോളം എനിക്ക് അതു ചുമക്കേണ്ടതായി വന്നിട്ടുണ്ട്. ആ ഭാരം ചുമന്നു ചുറ്റിക്കറങ്ങുന്നത് എന്റെ നടുവു വേദനക്കു കാരണമായി. അത് ഒടുവിൽ എന്റെ പുസ്തക സഞ്ചിയെ കെട്ടിയുറപ്പിച്ചിരുന്ന ലോഹസ്ട്രാപ്പിനെ തകർത്തു!
ചില കാര്യങ്ങൾ നമുക്കു വഹിക്കാൻ കഴിയാത്തത്ര ഭാരമുള്ളതാണ്. ഉദാഹരണത്തിന്, മുൻകാല മനോവേദനയിൽ നിന്നുള്ള വൈകാരിക ഭാരങ്ങൾ കൈപ്പും വെറുപ്പും കൊണ്ടു നമ്മെ ഭാരപ്പെടുത്തും. എന്നാൽ മറ്റുള്ളവരോടു ക്ഷമിച്ചും സാധ്യമാകുമ്പോഴൊക്കെ അവരുമായി അനുരഞ്ജനപ്പെട്ടും നാം സ്വാതന്ത്ര്യം നേടിയെടുക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു (കൊലൊസ്സ്യർ 3:13). മനോവേദനയുടെ ആഴം കൂടുന്തോറും ഇതിനു കൂടുതൽ സമയം എടുത്തേക്കാം. അതു സാരമില്ല. തന്റെ ജന്മാവകാശവും അനുഗ്രഹവും അപഹരിച്ചതിനു യാക്കോബിനോടു ക്ഷമിക്കാൻ ഏശാവിനു വർഷങ്ങൾ വേണ്ടിവന്നു (ഉല്പത്തി 27:36).
ഒടുവിൽ ഇരുവരും വീണ്ടും ഒന്നിച്ചപ്പോൾ, ഏശാവു തന്റെ സഹോദരനോടു സദയം ക്ഷമിച്ചുകൊണ്ട് “അവനെ എതിരേറ്റു, ആലിംഗനം ചെയ്തു” (33:4). രണ്ടുപേരും പൊട്ടിക്കരയുന്നതിനുമുമ്പ് ഒരു വാക്കു പോലും കൈമാറിയില്ല. കാലക്രമേണ, കൊലപാതകം പരിഗണിക്കാൻ പ്രേരിപ്പിച്ച കോപം ഏശാവ് ഉപേക്ഷിച്ചു (27:41). തന്റെ സഹോദരനെ താൻ എപ്രകാരം ദ്രോഹിച്ചുവെന്നതിന്റെ വ്യാപ്തി കാണാൻ ആ നീണ്ട വർഷങ്ങൾ യാക്കോബിനു അവസരം നൽകി. ആ പുനഃസമാഗമത്തിലുടനീളം അവൻ എളിമയും ബഹുമാനവും ഉള്ളവനായിരുന്നു (33:8-11).
അവസാനം, ആ സഹോദരന്മാർ ഇരുവരും മറ്റെയാളിൽ നിന്നു യാതൊന്നും തനിക്ക് ആവശ്യമില്ലാത്ത ഒരു സ്ഥാനത്ത് എത്തിച്ചേർന്നു (വാ. 9, 15). പഴയകാലത്തെ ഭാരിച്ച ഭാണ്ഡക്കെട്ടിൽ നിന്നു മോചനം നേടിക്കൊണ്ട് ക്ഷമിക്കാനും ക്ഷമിക്കപ്പെടാനും അത് ധാരാളമായിരുന്നു.
വീണ്ടും ജനനം?
“വീണ്ടും ജനനം? എന്താണ് അതിനർത്ഥം?” ഫ്യൂണറൽ ഡയറക്ടർ ചോദിച്ചു. “ഞാൻ ഈ വാക്കു ഇതിനു മുമ്പു കേട്ടിട്ടില്ല.” ഈ അവസരം മുതലെടുത്തുകൊണ്ട്, മരിച്ചുപോയ പിതാവിന്റെ മകൻ യോഹന്നാൻ 3-ാം അധ്യായത്തിലെ വാക്കുകൾ വായിച്ച് അതിന്റെ അർത്ഥമെന്താണെന്നു വിശദീകരിച്ചു കൊടുത്തു.
“നമ്മളെല്ലാം ഈ ലോകത്ത് ഒരിക്കൽ ജനിച്ചവരാണ് എന്ന വസ്തുതയാണ് ഇതിന്റെ ആകെത്തുക,” അദ്ദേഹം പറഞ്ഞു. “നമ്മുടെ നല്ല പ്രവൃത്തികളെ തിന്മയ്ക്കെതിരെ തൂക്കിനോക്കാനായി ദൈവത്തിന്റെ പക്കൽ ഒരു മാന്ത്രിക തുലാസില്ല. നാം ആത്മാവിൽ ജനിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നു,” അദ്ദേഹം തുടർന്നു. “അതുകൊണ്ടാണു യേശു ക്രൂശിൽ മരിച്ചതു - അവൻ നമ്മുടെ പാപങ്ങൾ വീട്ടി, അവനോടൊപ്പം നിത്യജീവൻ സ്വന്തമാക്കാൻ നമുക്ക് അവസരമൊരുക്കി. ഇതു നമുക്കു സ്വന്തമായി സാധിച്ചെടുക്കാൻ കഴിയുന്ന ഒന്നല്ല.”
യോഹന്നാൻ 3-ൽ, താൻ യഥാർത്ഥത്തിൽ എല്ലാം മനസ്സിലാക്കിയിട്ടുണ്ടോ എന്നു നിക്കൊദേമൊസ് സംശയിക്കാൻ തുടങ്ങി. തിരുവെഴുത്തുകളിൽ പരിശീലനം ലഭിച്ച ഈ ഉപദേഷ്ടാവ് (വാ. 1), യേശു വ്യത്യസ്തനാണെന്നും അവന്റെ പഠിപ്പിക്കലിന് അധികാരമുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞു (വാ. 2). അവൻ സ്വയം കണ്ടുപിടിക്കാൻ ആഗ്രഹിച്ചു. അതിൻപ്രകാരം അവൻ ഒരു രാത്രി ക്രിസ്തുവിനെ സമീപിച്ചു. “നിങ്ങൾ പുതുതായി ജനിക്കേണം” (വാ. 7) എന്ന യേശുവിന്റെ പ്രസ്താവന നിക്കൊദേമൊസ് അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തിരിക്കണം. കാരണം, ക്രൂശിക്കപ്പെട്ടതിനു ശേഷം രക്ഷകന്റെ ശരീരം അടക്കം ചെയ്യാൻ അവൻ സഹായിച്ചിരുന്നു (19:39).
ഭവനത്തിൽ എത്തുമ്പോൾ യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായം വായിക്കാമെന്നു ഫ്യൂണറൽ ഡയറക്ടർ സമ്മതിച്ചു. ഡയറക്ടറുമായി സംസാരിച്ച മകനെപ്പോലെ, യേശുവിന്റെ വാക്കുകൾ ഹൃദയത്തിൽ ഏറ്റെടുത്തുകൊണ്ട് അവൻ നമ്മെ സഹായിക്കുന്നതനുസരിച്ച് മറ്റുള്ളവരുമായി പങ്കിടാം.