ഒരു പുതിയ നഗരത്തിലേക്ക് താമസം മാറ്റിയ ഉടനെതന്നെ മിഥുൽ ആരാധനയ്ക്കു പോകാൻ കഴിയുന്ന ഒരു സഭ കണ്ടെത്തി. ഏതാനും ആഴ്ചകൾ അദ്ദേഹം ശുശ്രൂഷകളിൽ പങ്കെടുത്തു. തുടർന്ന്, ആവശ്യമായ ഏതെങ്കിലും വിധത്തിൽ ശുശ്രൂഷിക്കാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് ഒരു ഞായറാഴ്ച അദ്ദേഹം പാസ്റ്ററോട് സംസാരിച്ചു. “ചൂലെടുത്തു വൃത്തിയാക്കാൻ വരെ ഞാൻ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു. ശുശ്രൂഷകൾക്കായി കസേരകൾ സജ്ജീകരിക്കാനും ശുചിമുറികൾ വൃത്തിയാക്കാനും സഹായിച്ചുകൊണ്ട് അദ്ദേഹം ആരംഭിച്ചു. മിഥുലിന്റെ കഴിവ് അദ്ധ്യാപനത്തിലാണെന്നു സഭ പിന്നീടു കണ്ടെത്തിയെങ്കിലും എന്തും ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു.
തന്റെ രണ്ട് ശിഷ്യന്മാരായ യാക്കോബ്, യോഹന്നാൻ എന്നിവരെയും അവരുടെ അമ്മയെയും ശുശ്രൂഷയുടെ ഒരു പാഠം യേശു പഠിപ്പിച്ചു. ക്രിസ്തു തന്റെ രാജ്യത്തിൽ വരുമ്പോൾ തന്റെ പുത്രന്മാർക്ക് അവന്റെ ഇരുവശത്തും ഇരിക്കാൻ അവസരം ലഭിക്കണമെന്ന് അവരുടെ അമ്മ അഭ്യർത്ഥിച്ചു (മത്തായി 20:20-21). ഇതറിഞ്ഞ മറ്റു ശിഷ്യന്മാർക്ക് അവരോട് ദേഷ്യം തോന്നി. ഒരുപക്ഷേ അവരും ആ സ്ഥാനങ്ങൾ ആഗ്രഹിച്ചിരുന്നോ? മറ്റുള്ളവരുടെ മേൽ അധികാരം പ്രയോഗിക്കുക എന്നതു ജീവിതത്തിൽ പിന്തുടരേണ്ട ഒരു മാതൃകയല്ല (വാക്യം 25-26), മറിച്ച്, ശുശ്രൂഷ ചെയ്യുക എന്നതാണ് പരമ പ്രധാനമെന്ന് യേശു അവരോട് പറഞ്ഞു. “നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം” (മത്തായി 20:26).
ക്രിസ്തുവിനെ ശുശ്രൂഷിക്കുന്നതിനായി നമ്മുടെ സമൂഹങ്ങളിലും സഭകളിലും നമുക്ക് ഓരോരുത്തർക്കും എന്തുചെയ്യാൻ കഴിയും എന്നതിന്റെ പ്രായോഗിക ചിത്രമാണ് മിഥുലിന്റെ ‘ചൂലെടുത്തു വൃത്തിയാക്കാൻ വരെ’ എന്ന വാക്കുകൾ. ദൈവത്തോടുള്ള തന്റെ ജീവിതത്തിലെ അഭിനിവേശത്തെ മിഥുൽ വിവരിച്ചത് ഇങ്ങനെയാണ്: “ദൈവത്തിന്റെ മഹത്വത്തിനും ലോകത്തിന്റെ നന്മയ്ക്കും എന്റെ ആനന്ദത്തിനും വേണ്ടി ശുശ്രൂഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ദൈവം നമ്മെ നയിക്കുന്നതുപോലെ ഞാനും നിങ്ങളും എങ്ങനെ ‘ചൂലെടുത്തു വൃത്തിയാക്കാൻ വരെ’ തയ്യാറാകും?
നിങ്ങളുടെ സഭാ കുടുംബത്തെ ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്കു സേവിക്കാം? എപ്പോൾ നിങ്ങൾക്ക് അത് ചെയതു തുടങ്ങാം?
പ്രിയപ്പെട്ട ദൈവമേ, അങ്ങ് എനിക്ക് വേണ്ടി വളരെയധികം ചെയ്തിരിക്കുന്നു. അങ്ങ് എന്റെ സ്നേഹത്തിന് അർഹതനാണ്. ദയവായി എന്നെ ശക്തിപ്പെടുത്തി എന്റെ കൂട്ടത്തിലുള്ള മറ്റുള്ളവരെ എങ്ങനെ സേവിക്കാമെന്ന് എനിക്കു കാണിച്ചു തരേണമേ.