ചിരിച്ചുകൊണ്ടിരിക്കുന്ന, പിച്ചവയ്ക്കാൻ മാത്രം പ്രായമുള്ള കുഞ്ഞു ക്സറിയാനെ ആറടി മൂന്നിഞ്ച് ഉയരമുള്ള എന്റെ മകൻ സേവ്യർ അനായാസം വായുവിലേക്ക് എടുത്തുയർത്തി. അവൻ തന്റെ വലിയ കൈ കുഞ്ഞിന്റെ ചെറിയ പാദങ്ങളിൽ ചുറ്റിക്കൊണ്ടു കൈപ്പത്തിയിൽ ഉറപ്പിച്ചുപിടിച്ചു. തന്റെ നീണ്ട കൈ നീട്ടി, സ്വന്തം നിലയിൽ ബാലൻസ് ചെയ്യാൻ കുഞ്ഞിനെ അവൻ പ്രോത്സാഹിപ്പിച്ചുവെങ്കിലും ആവശ്യമെങ്കിൽ അവനെ പിടിച്ചുനിർത്താനായി സ്വതന്ത്രമായ തന്റെ മറ്റെ കൈ തയ്യാറാക്കിവച്ചു. ക്സറിയാൻ തന്റെ കാലുകൾ നേരെയാക്കി നവർന്നുനിന്നു. വിടർന്ന പുഞ്ചിരിയോടെ കൈകൾ ശരീരത്തോടു ചേർത്തുവച്ചു കൊണ്ട് അവൻ തന്റെ പിതാവിന്റെ കണ്ണുകളിൽ നോക്കിനിന്നു.

നമ്മുടെ സ്വർഗീയ പിതാവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രയോജനങ്ങൾ പ്രവാചകനായ യെശയ്യാവു പ്രഖ്യാപിച്ചു: “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു” (യെശയ്യാ വ്‌ 26:3). തിരുവെഴുത്തുകളിൽ അവനെ അന്വേഷിക്കാനും പ്രാർത്ഥനയിലൂടെയും ആരാധനയിലൂടെയും അവനുമായി ബന്ധം സ്ഥാപിക്കാനും പ്രതിജ്ഞാബദ്ധരായിരിക്കാൻ അവൻ ദൈവജനത്തെ പ്രോത്സാഹിപ്പിച്ചു. പിതാവുമായുള്ള തങ്ങളുടെ സ്ഥാപിത കൂട്ടായ്മയിലൂടെ വളർത്തിയെടുക്കപ്പെട്ട ആത്മവിശ്വാസം നിറഞ്ഞ ആശ്രയത്വം വിശ്വസ്തരായ ഇവർ അനുഭവിച്ചറിയും.

ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളെന്ന നിലയിൽ, നമുക്ക് ധൈര്യത്തോടെ പറയാം: “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ” (വാക്യം 4). എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് വിശ്വസ്തനാണ്. തിരുവെഴുത്തുകൾക്കും അവനും ഒരിക്കലും മാറ്റം സംഭവിക്കുന്നില്ല.

നമ്മുടെ സ്വർഗീയ പിതാവിൽ നമ്മുടെ കണ്ണുകൾ ഉറപ്പിക്കുമ്പോൾ, അവൻ നമ്മുടെ പാദങ്ങൾ അവന്റെ കരങ്ങളിൽ ഉറപ്പിച്ചു നിർത്തും. അവൻ എന്നേക്കും സ്നേഹമുള്ളവനും വിശ്വസ്തനും നല്ലവനുമായി തുടരുമെന്നു നമുക്ക് ഉറപ്പിക്കാൻ സാധിക്കും!