2007-ലെ T20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കുന്നതും കാത്തു ജോഹന്നാസ്ബർഗിലെ സ്റ്റേഡിയത്തിൽ ഏകദേശം 1,00,000 വ്യക്തികൾ അക്ഷമയോടെ ഇരുന്നു. അവസാന ഓവറിൽ 13 റൺസ് മാത്രം മതിയായിരുന്നു പാക്കിസ്ഥാനു ജയിക്കാൻ. 3 പന്തുകൾ ബാക്കി നിൽക്കെ മിസ്ബ ആദ്യം സിക്സർ പറത്തി. എന്നിരുന്നാലും, അപ്പോഴും ശാന്തനായി കാണപ്പെട്ട ജോഗീന്ദർ ശർമ്മ, വീണ്ടും പന്തെറിഞ്ഞു. ഇത്തവണ ഒരു ജോടി ഇന്ത്യൻ കൈകൾ ആ പന്തിനെ സ്വീകരിച്ചു – ഒരു വിക്കറ്റ്. മിസ്ബ പുറത്തായി. സ്റ്റേഡിയം ആർത്തുവിളിച്ചു, ഇന്ത്യ തങ്ങളുടെ ആദ്യ T 20 ലോകകപ്പ് നേടിയിരിക്കുന്നു.
അത്തരം തീവ്രമായ നിമിഷങ്ങളിലാണ് സങ്കീർത്തനം 23:1 പോലുള്ള വേദവാക്യങ്ങൾ പ്രധാന സ്ഥാനം പിടിക്കുന്നത്. സങ്കീർത്തനക്കാരൻ എഴുതുന്നു, “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.” ശക്തിയും ഉറപ്പും നമുക്ക് ആവശ്യമായി വരുമ്പോൾ, ഒരു ഇടയനെന്ന നിലയിൽ ദൈവത്തിന്റെ ആഴത്തിലുള്ള വ്യക്തിപരമായ രൂപകത്തിൽ നമുക്ക് അവ നേടിയെടുക്കാനാകും.
നമുക്കു സമാധാനത്തിലായിരിക്കാനോ ആശ്വാസം പ്രാപിക്കാനോ കഴിയുമെന്നു ഉറപ്പുനൽകുന്നതിനാലാണ് സങ്കീർത്തനം 23 ഇത്രമാത്രം പ്രിയപ്പെട്ടതായിരിക്കുന്നത്. നമ്മെ സജീവമായി പരിപാലിക്കുന്ന സ്നേഹവാനും വിശ്വസ്തനുമായ ഒരു ഇടയൻ നമുക്കുണ്ടെന്നതാണ് ആ സമാധാനത്തിനും ആശ്വാസത്തിനും കാരണം. തീവ്രമോ ബുദ്ധിമുട്ടുള്ളതോ ആയ സാഹചര്യങ്ങളിലെ ഭയത്തിന്റെ യാഥാർത്ഥ്യത്തിനും ദൈവം നൽകുന്ന ആശ്വാസത്തിനും ദാവീദ് സാക്ഷ്യം വഹിച്ചു (വാക്യം 4). അവന്റെ മാർഗനിർദേശക സാന്നിദ്ധ്യം നിമിത്തം മുന്നോട്ട് പോകാനുള്ള ഉറപ്പ് അഥവാ ആത്മവിശ്വാസം, ധൈര്യം എന്നിവയെ “ആശ്വാസം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം പ്രതിപാദിക്കുന്നു.
അനന്തരഫലം എന്തായിരിക്കുമെന്ന് അറിയാതെ, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലേക്ക് ചെന്നെത്തുമ്പോൾ നല്ല ഇടയൻ നമ്മോടൊപ്പം നടക്കുന്നുവെന്ന സൗമ്യമായ ഓർമ്മപ്പെടുത്തൽ ആവർത്തിച്ചുകൊണ്ടു നമുക്ക് സ്വയം ധൈര്യപ്പെടാം.
സ്നേഹമുള്ള ഒരു ഇടയൻ എന്ന നിലയിൽ നിങ്ങൾ ദൈവത്തെ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? അവന്റെ ആശ്രയയോഗ്യമായ കരുതൽ എങ്ങനെയാണ് നിങ്ങൾക്ക് ധൈര്യം പകർന്നിട്ടുള്ളത്?
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങ് എന്റെ സ്നേഹനിധിയായ ഇടയനാണെന്ന് അറിഞ്ഞുകൊണ്ടു ധൈര്യം ഏറ്റെടുക്കാൻ എന്നെ സഹായിക്കണമേ.