ഛായാഗ്രഹണം? നന്നായി ചെയ്തു. കാഴ്ചയ്ക്കെങ്ങനെ? വിശ്വസനീയം. ഉള്ളടക്കം? കൗതുകകരവും ജീവിതത്തിൽ നിന്ന് അടർത്തിയെടുത്തതും. പ്രശസ്ത ബോളിവുഡ് നടൻ ആമിർ ഖാൻ രാഷ്ട്രീയ പ്രസ്താവന നടത്തുന്നതായിരുന്നു വീഡിയോ. അത്തരം പ്രസ്താവനകൾ നടത്തുന്ന ഒരു വ്യക്തിയായിരുന്നില്ല അദ്ദേഹം. ഓൺലൈനിൽ പലരും ഇത് സത്യമാണെന്ന് വിശ്വസിച്ചു. ഒരുപക്ഷേ ഇതു നടനിൽ നിന്നുള്ള പുതിയ പ്രഖ്യാപനമായിരിക്കാം എന്നു കരുതി.
എന്നാൽ വൈറലായ ഈ വീഡിയോ സത്യമല്ലായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചുകൊണ്ടു നടന്റെ ഡീപ് ഫേക്ക് പ്രതിരൂപം നിർമ്മിച്ചെടുത്തതായിരുന്നു ആ വീഡിയോ. സമൂഹത്തിൽ അശാന്തി സൃഷ്ടിക്കുക എന്ന സ്വാർത്ഥ താല്പര്യത്തോടെ ചെയ്ത പ്രവർത്തിയായിരുന്നു അത്. യഥാർത്ഥത്തിൽ നടൻ ആ പ്രസ്താവനകൾ നടത്തിയിട്ടില്ല. വീഡിയോ വളരെ ആവേശകരമായി തോന്നിയെങ്കിലും, അത് വ്യാജത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
നമ്മുടെ സാങ്കേതികവിദ്യകൾ കാരണം, നുണകൾ പെരുപ്പിച്ചു കാട്ടി അവ സത്യമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. സത്യവും നുണയും തമ്മിലുള്ള വ്യക്തമായ വ്യത്യാസത്തെക്കുറിച്ച് ദൈവിക ജ്ഞാനത്തിന്റെ സംഗ്രഹമായ സദൃശവാക്യങ്ങളുടെ പുസ്തകം പലപ്പോഴും സംസാരിക്കുന്നു. “സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും;” സദൃശവാക്യങ്ങൾ പറയുന്നു, “വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു” (12:19). “ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു.” (വാക്യം 20) എന്നു അടുത്ത വാക്യം നമ്മോട് പറയുന്നു.
ദൈവത്തിന്റെ കൽപ്പനകൾക്കു മുതൽ ബോളിവുഡ് അഭിനേതാക്കളെക്കുറിച്ചുള്ള വീഡിയോകൾക്കു വരെ സത്യസന്ധത ബാധകമാണ്. സത്യം “എന്നേക്കും നിലനിൽക്കും.”
നിങ്ങൾ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്യുന്നതിന്റെ ഉദ്ദേശ്യശുദ്ധി എപ്രകാരം നിങ്ങൾക്കു ബുദ്ധിപൂർവം ചോദ്യം ചെയ്യാം? സത്യത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധത നിങ്ങൾ എങ്ങനെ ജീവിതത്തിൽ പ്രാവർത്തികമാക്കാം?
പ്രിയപ്പെട്ട ദൈവമേ, ദിവസേന ഞാൻ സത്യത്തെ പിന്തുടരുമ്പോൾ എനിക്ക് വിവേചനബുദ്ധി നൽകേണമേ.