ഞങ്ങളുടെ നാല് പേരക്കുട്ടികൾ കളിപ്പാട്ട തീവണ്ടികളുടെ ഒരു സെറ്റുമായി കളിക്കുകയായിരുന്നു. അതിനിടയിൽ ഇളയ രണ്ടുപേർ ഒരു എഞ്ചിനെച്ചൊല്ലി വഴക്കിടുകയുണ്ടായി. എട്ടുവയസ്സുള്ള ഞങ്ങളുടെ പേരക്കുട്ടി അതിൽ ഇടപെടാൻ തുടങ്ങിയപ്പോൾ, അവന്റെ ആറുവയസ്സുള്ള സഹോദരി പറഞ്ഞു, “അവരുടെ കാര്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ട.” സാധാരണഗതിയിൽ, നമുക്കെല്ലാവർക്കും വേണ്ടിയുള്ള ജ്ഞാനപൂർവമായ വാക്കുകൾ. എന്നാൽ തർക്കം കരച്ചിലായി മാറിയപ്പോൾ, മുത്തശ്ശി ഇടപെട്ട് വഴക്കിടുന്ന കുട്ടികളെ പിടിച്ചുമാറ്റി അവരെ ആശ്വസിപ്പിച്ചു.
നാം ഇടപെടുന്നതുകൊണ്ടു സ്ഥിതി വഷളാകുമെങ്കിൽ, മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാതിരിക്കുന്നതാണു നല്ലത്. എന്നാൽ ചിലപ്പോഴൊക്കെ നാം പ്രാർത്ഥനാപൂർവ്വം ഇടപെടേണ്ടതുണ്ട്. ഫിലിപ്പിയർക്കുള്ള തന്റെ ലേഖനത്തിൽ, എപ്പോൾ ഇടപെടണമെന്നതിന് ഒരു ഉദാഹരണം അപ്പൊസ്തലനായ പൗലൊസ് നൽകുന്നുണ്ട്. “കർത്താവിൽ ഏകചിന്തയോടിരിപ്പാൻ” (4:2) യുവൊദ്യ, സുന്തുക എന്നീ രണ്ടു സ്ത്രീകളെ അവൻ ഇവിടെ ഉദ്ബോധിപ്പിക്കുന്നു. താൻ തടവിലായിരുന്നിട്ടും, ഇടപെടാൻ അപ്പൊസ്തലൻ നിർബന്ധിതനാകും വിധം അവരുടെ അഭിപ്രായവ്യത്യാസം വളരെ തീവ്രമായിത്തീർന്നിരുന്നു.
ആ സ്ത്രീകളുടെ തർക്കം അനൈക്യത്തിന് കാരണമാവുകയും സുവിശേഷത്തിൽ നിന്ന് ശ്രദ്ധ എടുത്തുകളയുകയും ചെയ്യുന്നുവെന്ന് പൗലൊസിന് അറിയാമായിരുന്നു. അതിനാൽ, അവരുടെ പേരുകൾ “ജീവപുസ്തകത്തിൽ” (4:3) എഴുതപ്പെട്ടിട്ടുണ്ടെന്ന് അവരെ ഓർമ്മിപ്പിച്ചുകൊണ്ട് അവൻ സൗമ്യമായി സത്യം സംസാരിച്ചു. ഈ സ്ത്രീകളും സഭയിലെ എല്ലാവരും ചിന്തയിലും പ്രവൃത്തിയിലും ദൈവജനമായി ജീവിക്കണമെന്ന് പൗലൊസ് ആഗ്രഹിച്ചു (വാ. 4-9).
നിങ്ങൾ ഇടപെടേണ്ടതുണ്ടോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, “സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും” (വാക്യം 9; വാക്യം 7 കാണുക) എന്നതിൽ ആശ്രയിച്ചുകൊണ്ടു പ്രാർത്ഥിക്കുക.
നിങ്ങൾ അടുത്തിടെ എപ്പോഴെങ്കിലും ഒരു തർക്കത്തിലോ വിയോജിപ്പിലോ ഇടപ്പെട്ടിട്ടുണ്ടോ? അതിന്റെ ഫലം എന്തായിരുന്നു? ദൈവത്തിന്റെ നേതൃത്വം തേടുന്നത് നിങ്ങൾ സംഘർഷം കൈകാര്യം ചെയ്യുന്നതിനെ എങ്ങനെ ബാധിക്കുന്നു?
പ്രിയപ്പെട്ട ദൈവമേ, എപ്പോൾ ഇടപെടണമെന്ന് അറിയാനുള്ള ജ്ഞാനം എനിക്ക് നൽകുകയും രോഗശാന്തിയും ഐക്യവും നേടിയെടുക്കാൻ കഴിയുന്ന വാക്കുകൾ നൽകുകയും ചെയ്യേണമേ.