കലേകൂട്ടി പദ്ധതിയിട്ട, മറ്റൊരു രാജ്യത്തേക്കുള്ള യാത്രയ്ക്കായി മാഗ് കാത്തിരിക്കുകയായിരുന്നു. പക്ഷേ, അവളുടെ പതിവു രീതിപോലെ, അവൾ ആദ്യം അതിനെക്കുറിച്ച് പ്രാർത്ഥിച്ചു. “ഇത് വെറുമൊരു ഉല്ലാസയാത്രയാണ്,” ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടു. “അതിനെന്തിനാണ് ദൈവത്തോട് ചോദിക്കുന്നത്?” എന്നിരുന്നാലും, എല്ലാം അവനിൽ ഏൽപ്പിക്കുന്നതിൽ മാഗ് വിശ്വസിച്ചു. ഈ സമയം, യാത്ര റദ്ദാക്കാൻ അവൻ തന്നെ പ്രേരിപ്പിക്കുന്നതായി അവൾക്ക് തോന്നി. അതിനാൽ അവൾ യാത്ര ഉപേക്ഷിച്ചു. പിന്നീട് – അവൾ അവിടെ ഉണ്ടായിരിക്കുമായിരുന്ന സമയത്ത് – രാജ്യത്ത് ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടു. “ദൈവം എന്നെ സംരക്ഷിച്ചതായി എനിക്ക് തോന്നുന്നു,” അവൾ പറഞ്ഞു.

പ്രളയം മാറി ഏകദേശം രണ്ട് മാസത്തോളം കുടുംബത്തോടൊപ്പം പെട്ടകത്തിൽ കാത്തിരുന്നുകൊണ്ടു നോഹ ദൈവത്തിന്റെ സംരക്ഷണത്തിൽ ആശ്രയിച്ചു. പത്തുമാസത്തിലേറെ പെട്ടകത്തിൽ അടച്ചിടപ്പെട്ട അവസ്ഥയിൽ ജീവിച്ചതിനാൽ, പുറത്തിറങ്ങാൻ അവൻ ഉത്സാഹിച്ചിരിക്കണം. എല്ലാത്തിനുമുപരി, “ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു.” മാത്രമല്ല, “ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു” (ഉല്പത്തി 8:13). എന്നാൽ നോഹ താൻ കണ്ടതിനെ മാത്രം ആശ്രയിച്ചില്ല; പകരം, ദൈവം അവനോട് പറഞ്ഞപ്പോൾ മാത്രമാണ് അവൻ പെട്ടകം വിട്ടു പുറത്തിറങ്ങിയത് (വാക്യം 15-19). നീണ്ട കാത്തിരിപ്പിന് ദൈവത്തിന് മതിയായ കാരണമുണ്ടെന്ന് അവൻ വിശ്വസിച്ചു. ഒരുപക്ഷേ നിലം ഇനിയും പൂർണ്ണമായും സുരക്ഷിതല്ലായിരിക്കാം.

ദൈവദത്തമായ നമ്മുടെ കഴിവുകൾ ഉപയോഗിച്ചുകൊണ്ടു നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങളെക്കുറിച്ച് പ്രാർത്ഥിച്ചതിനുശേഷം, അവന്റെ നേതൃത്വത്തിനായി കാത്തിരിക്കുമ്പോൾ, നമ്മുടെ ജ്ഞാനിയായ സ്രഷ്ടാവിനു നമ്മെ സംബന്ധിച്ച് ഏറ്റവും മികച്ചത് എന്താണെന്ന് അറിയാമെന്ന് മനസ്സിലാക്കിക്കൊണ്ട് നമുക്ക് അവന്റെ സമയത്തിൽ ആശ്രയിക്കാം. സങ്കീർത്തനക്കാരൻ പ്രഖ്യാപിച്ചതുപോലെ, “യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു… എന്റെ കാലഗതികൾ നിന്റെ കയ്യിൽ ഇരിക്കുന്നു” (സങ്കീർത്തനങ്ങൾ 31:14-15)