ക്രിസ്റ്റൽ ആദ്യമായി യുഎസിലെ വിർജീനിയയിലുള്ള ഒരു കോഫി ഷോപ്പിൽ ജോലി തുടങ്ങിയപ്പോൾ, അവൾ ഇബി എന്ന ഒരു വ്യക്തിക്കു സേവനം നൽകുകയുണ്ടായി. ഇബിക്ക് കേൾവിക്കുറവുള്ളതിനാൽ, തന്റെ ഫോണിൽ ടൈപ്പ് ചെയ്ത ഒരു കുറിപ്പ് ഉപയോഗിച്ചാണ് അവൻ ഓർഡർ നൽകിയിരുന്നത്. ഇബി ഷോപ്പിൽ ഒരു പതിവുകാരനാണെന്ന് മനസ്സിലാക്കിയ ശേഷം, അവന് വേണ്ടത് എഴുതിക്കാണിക്കാതെ തന്നെ ഓർഡർ നൽകാൻ ആവശ്യമായ അമേരിക്കൻ ആംഗ്യഭാഷ പഠിക്കാനും അങ്ങനെ അവനെ നന്നായി സേവിക്കാനും ക്രിസ്റ്റൽ തീരുമാനിച്ചു.
ഇപ്രകാരം ഒരു ചെറിയ രീതിയിൽ, നാം ഏവരും പരസ്പരം നൽകണമെന്നു പത്രൊസ് പ്രേരിപ്പിച്ച സ്നേഹവും സേവനവും ക്രിസ്റ്റൽ ഇബിയോട് കാണിച്ചു. ചിതറിപ്പോയവരും പ്രവാസികളുമായ, ക്രിസ്തീയ വിശ്വാസികൾക്ക്എഴുതിയ ലേഖനത്തിൽ, അവർ “തമ്മിൽ ഉറ്റസ്നേഹം ഉള്ളവരായിരിപ്പിൻ” എന്നും തങ്ങളുടെ വരങ്ങൾ ഉപയോഗിച്ചു “അന്യോന്യം ശുശ്രൂഷിപ്പിൻ” എന്നും അപ്പൊസ്തലൻ സൂചിപ്പിക്കുന്നു (1 പത്രൊസ് 4:8, 10). അവൻ നമ്മിൽ സജ്ജീകരിച്ചിരിക്കുന്ന ഏത് കഴിവുകളും ശേഷികളും മറ്റുള്ളവരുടെ പ്രയോജനത്തിനായി നമുക്ക് ഉപയോഗിക്കാവുന്ന വരങ്ങളാണ്. അപ്രകാരം നാം ചെയ്യുന്നതിലൂടെ, നമ്മുടെ വാക്കുകളും പ്രവൃത്തികളും ദൈവത്തിനു മഹത്വം വരുത്തും.
താൻ ആർക്ക് എഴുതിയോ അവരെ സംബന്ധിച്ചു പത്രൊസിന്റെ വാക്കുകൾ വളരെ പ്രാധാന്യമുള്ളതായിരുന്നു, കാരണം അവർ വേദനയുടെയും ഒറ്റപ്പെടലിന്റെയും ഒരു കാലഘട്ടത്തിലൂടെ കടന്നു പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. തങ്ങളുടെ പരീക്ഷകളിൽ പിടിച്ചുനിൽക്കാൻ അവരെ സഹായിക്കാനായി വൈഷമ്യത്തിന്റെ കാലത്തു പരസ്പരം ശുശ്രൂഷിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു. മറ്റൊരാൾ അനുഭവിക്കുന്ന പ്രത്യേകമായ വേദന നമുക്കറിയില്ലെങ്കിലും, നമ്മുടെ വാക്കുകൾ, വിഭവങ്ങൾ, കഴിവുകൾ എന്നിവ ഉപയോഗിച്ച് സഹാനുഭൂതി പ്രകടിപ്പിക്കാനും കൃപയോടെയും സന്തോഷത്തോടെയും പരസ്പരം ശുശ്രൂഷിക്കാനും ദൈവത്തിനു നമ്മെ സഹായിക്കാനാകും. അവന്റെ സ്നേഹത്തിന്റെ പ്രതിഫലനമായി മറ്റുള്ളവരെ ശുശ്രൂഷിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.
പത്രൊസ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അതിഥിസല്ക്കാരം നിങ്ങൾ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുണ്ടോ? നിങ്ങളുടെ വാക്കുകൾ, കഴിവുകൾ, വിഭവങ്ങൾ എന്നിവ ഉപയോഗിച്ചു നിങ്ങൾക്ക് ഇന്ന് ആരെ സേവിക്കാനാകും?
പിതാവേ, അങ്ങ് എനിക്ക് നൽകിയിട്ടുള്ളതെല്ലാം ഉപയോഗിച്ചുകൊണ്ടു ചുറ്റുമുള്ളവരെ സേവിക്കാൻ എന്നെ സഹായിക്കേണമേ.