“താഴെ ഇറങ്ങിക്കേ!” പ്രസംഗപീഠത്തിൽ കയറി കൈകൾ വീശിക്കാണിക്കുന്ന തന്റെ മകനോട് എന്റെ സുഹൃത്ത് ഉച്ചത്തിൽ പറഞ്ഞു. “പാസ്റ്റർ എന്നെ കാണണം,” അവൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു. “ഞാൻ ഇവിടെ കയറി നിന്നില്ലെങ്കിൽ പാസ്റ്റർ എന്നെ കാണില്ല.”
മിക്ക സഭകളിലും പീഠങ്ങളിൽ കയറി നിൽക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും എന്റെ സുഹൃത്തിന്റെ മകൻ പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു. അവിടെ കയറി നിന്നുകൊണ്ടു കൈകൾ വീശികാണിക്കുന്നത് തീർച്ചയായും പാസ്റ്ററുടെ ശ്രദ്ധ ആകർഷിക്കാനുമുള്ള ഒരു നല്ല മാർഗമായിരുന്നു.
നാം ദൈവത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുമ്പോൾ, അവൻ നമ്മെ കാണുമോ എന്നതിനെക്കുറിച്ച് നാം വിഷമിക്കേണ്ടതില്ല. ദൈവം നമ്മെ ഓരോരുത്തരെയും എല്ലായ്പ്പോഴും കാണുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും താഴ്ന്ന, ഏകാന്തമായ, ഏറ്റവും നിരാശാജനകമായ സമയത്തായിരുന്നപ്പോൾ ഹാഗാറിനു തന്നെത്തന്നെ വെളിപ്പെടുത്തിയതും അവൻ തന്നെയാണ്. അവളെ ഒരു ഉപഭോഗ വസ്തുവായി ഉപയോഗിച്ചുകൊണ്ട്, അബ്രാമിന് ഒരു മകനെ ജനിപ്പിക്കാനായി ഭാര്യ സാറായി നൽകി (ഉല്പത്തി 16:3). അവൾ ഗർഭിണിയായപ്പോൾ, ഹാഗാറിനോടു മോശമായി പെരുമാറാൻ അബ്രാം തന്റെ ഭാര്യയെ അനുവദിച്ചു: “സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഓടിപ്പോയി” (വാക്യം 6).
ഓടിപ്പോയ ആ അടിമ ഗർഭിണിയും ഏകാകിനിയും നിരാശിതയുമായിരുന്നു. എന്നിട്ടും മരുഭൂമിയിലെ അവളുടെ നിരാശയുടെ നടുവിൽ, കാരുണ്യത്തോടെ ദൈവം അവളോട് സംസാരിക്കാനായി ഒരു ദൂതനെ അയച്ചു. ദൂതൻ അവളോട് പറഞ്ഞു, ദൈവം “നിന്റെ സങ്കടം” കേട്ടു (വാക്യം 11). “ദൈവമേ, നീ എന്നെ കാണുന്നു” (വാക്യം 13) എന്നു അവൾ മറുപടി പറഞ്ഞു.
എന്തൊരു തിരിച്ചറിവ്-പ്രത്യേകിച്ച് മരുഭൂമിയുടെ നടുവിൽ. ദൈവം ഹാഗാറിനെ കണ്ടു മനസ്സലിഞ്ഞു. എത്ര കഠിന്യമേറിയ അവസ്ഥയാണെങ്കിലും അവൻ നിങ്ങളെ കാണുന്നു.
മരുഭൂമി സമാനമായ എന്ത് സാഹചര്യങ്ങളാണ് നിങ്ങൾ നേരിടുന്നത്? ദൈവം നിങ്ങളെ കാണുന്നുവെന്ന അറിവ്, മുന്നോട്ടുനീങ്ങാൻ നിങ്ങളെ സഹായിക്കുന്നത് എങ്ങനെയാണ്?
പ്രിയപ്പെട്ട ദൈവമേ, എന്നെ കണുന്നതിന് അങ്ങേയ്ക്കു നന്ദി. എന്റെ ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ പോലും അങ്ങ് എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം.