രണ്ട് സുഹൃത്തുക്കൾ ഒരു ഇലക്ട്രോണിക്സ് സ്റ്റോറിൽ ലാപ്ടോപ്പ് മേടിക്കാനായി നോക്കിക്കൊണ്ടിരിക്കുമ്പോൾ ബാസ്ക്കറ്റ്ബോൾ ഇതിഹാസം ഷക്വീൽ ഒനീലിനെ കണ്ടുമുട്ടി. അടുത്തിടെ ഒനീലിന് തന്റെ സഹോദരിയേയും ഒരു മുൻ സഹതാരത്തേയും നഷ്ടപ്പെട്ടുവെന്ന് അറിയാവുന്നതുകൊണ്ട്, അവർ തങ്ങളുടെ അനുശോചനം രേഖപ്പെടുത്തി. രണ്ടുപേരും തങ്ങളുടെ ഷോപ്പിംഗിലേക്കു മടങ്ങിയെത്തിയപ്പോൾ, ഷാക്ക് അവരെ സമീപിച്ച് അവിടെയുള്ളതിൽവച്ച് ഏറ്റവും നല്ല ലാപ്ടോപ്പ് തിരഞ്ഞെടുക്കാൻ അവരോടു പറഞ്ഞു. പ്രയാസകരമായ ഒരു സമയത്തിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയായി അദ്ദേഹത്തെ അവർ കണ്ടതുകൊണ്ട്, അവരുടെ ദയപൂർവ്വമായ പ്രവൃത്തിയിൽ സന്തുഷ്ടനായി അദ്ദേഹം അവർക്കായി അത് വാങ്ങിനൽകി.

“ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു” (സദൃശവാക്യങ്ങൾ 11:17) എന്നു സഹസ്രാബ്ദങ്ങൾക്ക് മുമ്പ്, ശലോമോൻ എഴുതി. മറ്റുള്ളവരുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടു അവരെ സഹായിക്കാനും ധൈര്യപ്പെടുത്താനും നമ്മളാൽ കഴിയുന്നത് ചെയ്യുമ്പോൾ, നമുക്കു പ്രതിഫലം ലഭിക്കുന്നു. ഇത് ഒരു ലാപ്ടോപ്പോ മറ്റു ഭൗതിക വസ്തുക്കളോ ആയിരിക്കണമെന്നില്ല, പക്ഷേ ഈ ലോകത്തിന് അളക്കാൻ കഴിയാത്തവിധം നമ്മെ അനുഗ്രഹിക്കാനുള്ള മാർഗ്ഗങ്ങൾ ദൈവത്തിന്റെ പക്കലുണ്ട്. അതേ അധ്യായത്തിൽ ഒരു വാക്യം മുമ്പ് ശലോമോൻ വിശദീകരിച്ചതുപോലെ, “ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു” (വാ. 16). പണത്തേക്കാൾ വിലമതിക്കുന്ന, ദൈവത്തിൽ നിന്നുള്ള ദാനങ്ങളുണ്ട്. അവൻ തന്റെ തികഞ്ഞ ജ്ഞാനത്തിലും വഴിയിലും ഉദാരമായി അവയെ അളക്കുന്നു.

ദയയും ഉദാരതയും ദൈവത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. അവ നമ്മുടെ സ്വന്തം ഹൃദയങ്ങളിലും ജീവിതത്തിലും പ്രകടിപ്പിച്ചു കാണാൻ അവൻ താല്പര്യപ്പെടുന്നു. ശലോമോൻ ഈ കാര്യം നന്നായി സംഗ്രഹിച്ചു: “തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും” (വാ. 25).