ഹീതർ തന്റെ ജോലിയുടെ ഭാഗമായി ടിമ്മിന്റെ വീട്ടിൽ ഭക്ഷണം കൊടുക്കാൻ ചെന്നപ്പോൾ, ഭക്ഷണ സഞ്ചിയുടെ കെട്ടഴിക്കാൻ സഹായിക്കാൻ അവൻ അവളോട് ആവശ്യപ്പെട്ടു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ടിമ്മിന്  മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. അതിനാൽ അവനു സ്വയം കെട്ടഴിക്കാൻ കഴിയില്ലായിരുന്നു. ഹീതർ സന്തോഷത്തോടെ അതു ചെയ്തുകൊടുത്തു. അന്നത്തെ ദിവസം മുഴുവൻ, ഹീതറിന്റെ ചിന്തകൾ ടിമ്മിലേക്ക് ഇടയ്ക്കിടെ മടങ്ങിപ്പോയി. അവനുവേണ്ടി ഒരു കെയർ പാക്കേജ് ഒരുക്കാൻ അത് അവളെ പ്രചോദിപ്പിച്ചു. അവൾ വച്ചിട്ടുപോയ ധൈര്യപ്പെടുത്തുന്ന ഒരു കുറിപ്പിനോടൊപ്പമുള്ള ചൂടുകാപ്പിയും ചുവന്ന കമ്പിളിയും തന്റെ വാതിൽപ്പടിയിൽ കണ്ടപ്പോൾ, അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. 

ഹീതർ എത്തിച്ചുകൊടുത്ത വസ്തുക്കൾക്ക് അവൾ ആദ്യം പ്രതീക്ഷിച്ചതിലും വളരെയധികം പ്രാധാന്യം ടിമ്മിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. യിസ്രായേല്യരെ “ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി”യപ്പോൾ (1 ശമൂവേൽ 17:2), സഹോദരന്മാർക്കുള്ള ഭക്ഷണവുമായി യിശ്ശായി തന്റെ ഇളയ മകനായ ദാവിദിനെ അയച്ചപ്പോഴും ഇതുതന്നെയായിരുന്നു സംഭവിച്ചത്. അപ്പവും മലരുമായി ദാവിദ് എത്തിയപ്പോൾ, ദിവസേനയുള്ള തന്റെ പരിഹാസത്തിലൂടെ ഗൊല്യാത്ത് ദൈവജനത്തിൽ ഭയം ഉളവാക്കുന്നതായി അവൻ മനസ്സിലാക്കി (വാ. 8-10, 16, 24). “ജീവനുള്ള ദൈവത്തിന്റെ സേനകളെ” (വാ. 26) ഗൊല്യാത്ത് നിന്ദിച്ചത് ദാവീദിനെ പ്രകോപിപ്പിച്ചു. “ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും”  (വാ. 32) എന്ന് ശൗൽ രാജാവിനോടു പറയാൻ ആ നിന്ദ അവനെ പ്രേരിപ്പിച്ചു.

ചിലപ്പോഴൊക്കെ, നമ്മെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്ന ഇടങ്ങളിൽ നമ്മെ എത്തിക്കാൻ നമ്മുടെ ദൈനംദിന ജീവിതസാഹചര്യങ്ങൾ അവൻ ഉപയോഗിക്കുന്നു. നാം ആരെയെങ്കിലും എവിടെ, എങ്ങനെ ശുശ്രൂഷിക്കണമെന്ന് അവൻ ആഗ്രഹിച്ചേക്കാമെന്ന് കാണാൻ നമുക്ക് നമ്മുടെ കണ്ണുകളും (ഹൃദയങ്ങളും!) തുറന്നുവയ്ക്കാം.