വ്യായാമ കേന്ദ്രത്തിലെ ഒരു പതിവു സന്ദർശകനായിരുന്നു ട്രെ. അത് അവന്റെ ശരീരത്തിൽ കാണാനുമുണ്ടായിരുന്നു. അവന്റെ തോളുകൾ വിശാലവും അവന്റെ പേശികൾ ഉറച്ചതും അവന്റെ കൈകൾ എകദേശം എന്റെ തുടകളുടെ അത്രയും തന്നെ വലുപ്പമുള്ളവയും ആയിരുന്നു. അവന്റെ ശാരീരികാവസ്ഥ എന്നെ അവനുമായി ഒരു ആത്മീയ സംഭാഷണത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചു. ശാരീരിക ക്ഷമതയോടുള്ള അവന്റെ പ്രതിബദ്ധത ഏതെങ്കിലും വിധത്തിൽ ദൈവവുമായുള്ള ആരോഗ്യകരമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നു ഞാൻ അവനോടു ചോദിച്ചു. ഞങ്ങൾ കൂടുതൽ ആഴത്തിലേക്കു പോയില്ലെങ്കിലും, “തന്റെ ജീവിതത്തിൽ ദൈവത്തെ” ട്രെ അംഗീകരിച്ചു. നൂറ്റിഎണ്പതു കിലോ ഭാരമുള്ള, കാഴ്ചയ്ക്കു യോഗ്യനല്ലാത്ത, അനാരോഗ്യവാനായ തന്റെ ഒരു പതിപ്പിന്റെ ചിത്രം കാണിക്കാൻ അവൻ തയ്യാറാകും വിധം ഞങ്ങൾ വളരെനേരം സംസാരിച്ചു. അവന്റെ ജീവിതശൈലിയിലെ മാറ്റം ശാരീരികമായി അത്ഭുതങ്ങൾ സൃഷ്ടിച്ചു.
1 തിമൊഥെയൊസ് 4:6-10 ൽ, ശാരീരികവും ആത്മീയവുമായ അഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു” (വാ. 7-8). ബാഹ്യമായ കായികക്ഷമത ദൈവവുമായുള്ള നമ്മുടെ പദവിയിൽ മാറ്റം വരുത്തുന്നില്ല. നമ്മുടെ ആത്മീയ ക്ഷമത ഹൃദയത്തിന്റെ കാര്യമാണ്. നമുക്ക് പാപമോചനം ലഭ്യമാക്കുന്ന യേശുവിൽ വിശ്വസിക്കാനുള്ള തീരുമാനത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ആ നിമിഷം മുതൽ, ദൈവഭക്തിക്കു തക്കവണ്ണമുള്ള ജീവിതത്തിനായുള്ള പരിശീലനം ആരംഭിക്കുന്നു. ഇതിൽ “വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു” (വാ. 6). ദൈവത്തിന്റെ ശക്തിയാൽ നമ്മുടെ സ്വർഗീയ പിതാവിന് ആദരവുളവാക്കുന്ന ഒരു ജീവിതം നയിക്കുന്നത് ഉൾപ്പെടുന്നു.
യേശുവിനോടൊപ്പമുള്ള യാത്ര നിങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ആത്മീയ ആരോഗ്യത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തും? നിങ്ങളുടെ ജീവിതത്തിലെ എന്തു തെളിവാണ് നിങ്ങളുടെ ആത്മീയ ക്ഷമതയിലേക്കു വിരൽ ചൂണ്ടുന്നത്?
സ്വർഗ്ഗസ്ഥനായ പിതാവേ, ഞാൻ ബാഹ്യമായ കാര്യങ്ങളിൽ ആവശ്യത്തിലയധികം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ എന്നോട് ക്ഷമിക്കേണമേ. വേദപുസ്തക വായന, പ്രാർത്ഥന, മറ്റുള്ളവരെ സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക തുടങ്ങിയ ആത്മീയ അഭ്യാസങ്ങളിൽ ഏർപ്പെടാൻ എന്നെ സഹായിക്കേണമേ.