നെതർലൻഡ്സിലെ ശൈത്യകാലത്ത് വളരെ അപൂർവമായേ മഞ്ഞുവീഴ്ച സംഭവിക്കാറുള്ളൂ. പക്ഷേ കനാലുകൾ തണുത്തുറഞ്ഞുപോകും വിധം ശൈത്യം കഠിനപ്പെടാറുണ്ട്. എന്റെ ഭർത്താവ് ടോം അവിടെ വളർന്നുവന്ന കാലത്ത്, അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒരു നിയമം വച്ചിരുന്നു: “കുതിരയുടെ ഭാരം താങ്ങാൻ തക്ക കട്ടിയാകുന്നതുവരെ മഞ്ഞുപാളിയിൽ നിന്ന് അകന്നു നിൽക്കുക.” കുതിരകൾ തങ്ങളുടെ സാന്നിധ്യത്തിന്റെ തെളിവുകൾ അവശേഷിപ്പിക്കുമെന്നതിനാൽ, ടോമും സുഹൃത്തുക്കളും റോഡിൽ നിന്ന് കുറച്ച് കുതിരചാണകം നീക്കം ചെയ്യാൻ തീരുമാനിച്ചു. അവർ അത് നേർത്ത മഞ്ഞുപാളിയിൽ എറിഞ്ഞുകൊണ്ടു പാളിയുടെ ഉപരിതലത്തിലേക്ക് നീങ്ങി. അവർക്ക് ഒരു ദോഷവും സംഭവിച്ചില്ല. അവർ അങ്ങനെ ചെയ്യുന്നത് ആരും കണ്ടുപിടിച്ചുമില്ല. എന്നാൽ തങ്ങൾ അനുസരണക്കേടു കാണിക്കുകയാണെന്നു ഹൃദയത്തിൽ അവർക്ക് അറിയാമായിരുന്നു.
എല്ലായ്പ്പോഴും സ്വാഭാവികമായി വരുന്ന ഒന്നല്ല അനുസരണം. കടമ ബോധത്തിൽ നിന്നോ ശിക്ഷയെക്കുറിച്ചുള്ള ഭയത്തിൽ നിന്നോ ഉണ്ടാകാന്നതാണ് അനുസരിക്കണോ വേണ്ടയോ എന്ന തിരഞ്ഞെടുപ്പ്. എന്നാൽ നമ്മുടെമേൽ അധികാരമുള്ളവരോടുള്ള സ്നേഹവും ആദരവും നിമിത്തം നമുക്കു അനുസരിക്കാനായി തീരുമാനിക്കാവുന്നതാണ്.
“എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും… എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല” (വാ. 23-24) എന്നു യോഹന്നാൻ 14-ൽ പറഞ്ഞുകൊണ്ടു യേശു തന്റെ ശിഷ്യന്മാരെ ആഹ്വാനം ചെയ്തു. അനുസരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള ഒരു തിരഞ്ഞെടുപ്പല്ല. എന്നാൽ, നമ്മുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിന്റെ ശക്തി അവനെ അനുസരിക്കാനുള്ള ആഗ്രഹവും കഴിവും നൽകുന്നു (വാ. 15-17). അവൻ പ്രാപ്തനാക്കുന്നതു മുഖാന്തരം, നമ്മെ ഏറ്റവും സ്നേഹിക്കുന്നവന്റെ കൽപ്പനകൾ തുടർന്നും പിന്തുടരാൻ നമുക്ക് കഴിയും-ശിക്ഷയെ ഭയന്നല്ല, മറിച്ച് സ്നേഹത്താൽ.
ഏതെല്ലാം വിധങ്ങളിലാണ് നിങ്ങൾ മനഃപൂർവം അനുസരണക്കേട് കാണിച്ചിട്ടുള്ളത്? പ്രയാസകരമോ അസൗകര്യമോ ആണെങ്കിൽപ്പോലും നിങ്ങൾ ദൈവത്തെ അനുസരിക്കുന്നത് സുപ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
സ്നേഹമുള്ള ദൈവമേ, അങ്ങയുടെ നിർദ്ദേശങ്ങൾ ശ്രവിക്കാൻ എന്റെ ശാഠ്യമുള്ള ഹൃദയത്തെ മയപ്പെടുത്തേണമേ. എന്റെ സ്വന്തം അജണ്ട മാറ്റിവെച്ചുകൊണ്ട് അങ്ങയെ വിശ്വസ്തതയോടെ അനുസരിക്കാൻ എന്നെ സഹായിക്കണമേ.