യെഹൂദരുടെ ശുദ്ധീകരണ ചടങ്ങിനായി പൗലൊസ് ദേവാലയത്തിൽ പോയിരുന്നു (പ്രവൃത്തികൾ 21:26). എന്നാൽ, അവൻ ന്യായപ്രമണത്തിനെതിരെ പഠിപ്പിക്കുകയാണെന്നു കരുതിയ ചില പ്രക്ഷോഭകാരികൾ അവന്റെ ജീവനെടുക്കാൻ ശ്രമിച്ചു (വാ. 31). റോമൻ പടയാളികൾ പെട്ടെന്നുതന്നെ ഇടപെട്ടു പൗലൊസിനെ പിടികൂടി കെട്ടിയിട്ടു. “അവനെ കൊന്നുകളക” (വി. 35) എന്നു ആക്രോശിക്കുന്ന ജനക്കൂട്ടത്തിന്റെ ഇടയിലൂടെ ദേവാലയപ്രദേശത്തുനിന്നു അവനെ കൊണ്ടുപോയി.
ഈ ഭീഷണിയോട് അപ്പൊസ്തലൻ എങ്ങനെയാണ് പ്രതികരിച്ചത്? “ജനത്തോടു സംസാരിപ്പാൻ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു” (വ. 39) എന്ന് അവൻ സഹസ്രാധിപനോടു പറഞ്ഞു. റോമൻ നേതാവ് അനുവാദം നൽകിയപ്പോൾ, രക്തമൊലിച്ചും ചതവോടും കൂടിയ പൗലൊസ്, കോപാകുലരായ ജനക്കൂട്ടത്തിന്റെ നേരെ തിരിഞ്ഞ് യേശുവിലുള്ള തന്റെ വിശ്വാസം പങ്കുവെച്ചു (22:1-16).
രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പായിരുന്നു അത് സംഭവിച്ചത്—നമ്മുടെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്താൻ പ്രയാസമുള്ള ഒരു പഴയ വേദപുസ്തക കഥ. അടുത്തിടെ, വിശ്വാസികൾ നിരന്തരം പീഡിപ്പിക്കപ്പെടുന്ന ഒരു രാജ്യത്ത്, ജയിലിൽ കഴിയുന്ന ക്രിസ്തു വിശ്വാസിയായ ഒരു സുഹൃത്തിനെ സന്ദർശിക്കുന്നതിനിടെ, പീറ്റർ എന്നു പേരുള്ള ഒരാൾ അറസ്റ്റിലായി. പീറ്ററിനെ ഒരു ഇരുണ്ട ജയിൽമുറിയിലേക്കു വലിച്ചെറിയുകയും ചോദ്യം ചെയ്യലിനിടെ കണ്ണുകൾ മൂടിക്കെട്ടുകയും ചെയ്തു. കണ്ണിന്റെ കെട്ടഴിച്ചപ്പോൾ, തനിക്കു നേരെ ചൂണ്ടിയ തോക്കുകളുമായി നാല് സൈനികരെ അദ്ദേഹം കണ്ടു. പീറ്ററിന്റെ പ്രതികരണം? “തന്റെ വിശ്വാസം പങ്കുവയ്ക്കാനുള്ള ഒരു തികഞ്ഞ… അവസരം” ആയി അദ്ദേഹം അതിനെ കണ്ടു.
കഠിനവും സുപ്രധാനവുമായ ഒരു സത്യം പൗലൊസും ഈ ആധുനിക പീറ്ററും ചൂണ്ടിക്കാണിക്കുന്നു. ക്ലേശകരമായ സമയങ്ങൾ അനുഭവിക്കാൻ ദൈവം നമ്മെ അനുവദിച്ചാലും—പീഡനം പോലും—നമ്മുടെ ദൗത്യത്തിനു മാറ്റമില്ല: “സുവിശേഷം പ്രസംഗിപ്പിൻ” (മർക്കൊസ് 16:15). അവൻ നമ്മോടുകൂടെയിരുന്നു നമ്മുടെ വിശ്വാസം പങ്കുവയ്ക്കാനുള്ള ജ്ഞാനവും ശക്തിയും നമുക്കു നൽകും.
ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരിൽ നിങ്ങളോ നിങ്ങൾക്കറിയാവുന്ന ആരെങ്കിലുമോ പീഡനം നേരിട്ടിട്ടുണ്ടോ? ഇന്ന് നിങ്ങൾ എങ്ങനെ “സുവിശേഷം പ്രഘോഷിക്കും”?
പ്രിയ യേശുവേ, സ്നേഹത്തോടും ജ്ഞാനത്തോടും കൂടി അങ്ങയെ പ്രതിനിധീകരിക്കാൻ എനിക്ക് ധൈര്യം നൽകേണമേ.