മരിച്ചുപോയ എന്റെ അമ്മയുടെ വീട് വിൽക്കണോ? എന്റെ പ്രിയപ്പെട്ട, വിധവയായ അമ്മ മരിച്ചതിനുശേഷം ആ തീരുമാനം എന്റെ ഹൃദയത്തെ ഭാരപ്പെടുത്തി. വൈകാരികത എന്റെ മനോവികാരങ്ങളെ നിയന്ത്രിച്ചു. ഞാനും എന്റെ സഹോദരിയും അമ്മയുടെ ഒഴിഞ്ഞ വീട് വൃത്തിയാക്കാനും നന്നാക്കാനും രണ്ട് വർഷം ചെലവഴിച്ചു. എന്നിട്ടും, ഒടുവിൽ അത് വിൽക്കാൻ തീരുമാനിച്ചു. 2008 ലാണ്‌ ഇത് സംഭവിച്ചത്. ആഗോള മാന്ദ്യം കാരണം വീടു വാങ്ങാൻ തയ്യാറായ ആരെയും കണ്ടെത്താൻ സാധിച്ചില്ല. ഞങ്ങൾ വില കുറയ്ക്കുന്നത് തുടർന്നുവെങ്കിലും  ആരെയും ലഭിച്ചില്ല. അങ്ങനെയിരിക്കെ, ഒരു സുപ്രഭാതത്തിൽ വേദപുസ്തകം വായിക്കുമ്പോൾ, ഈ ഭാഗത്ത് എന്റെ കണ്ണുകൾ ഉടക്കി: “കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു” (സദൃശവാക്യങ്ങൾ 14:4).

വാക്യം കൃഷിയെക്കുറിച്ചാണ് പറഞ്ഞതെങ്കിലും, അതിന്റെ സന്ദേശം എന്നിൽ കൗതുകമുണർത്തി. ആളൊഴിഞ്ഞ ഇടം വൃത്തിയായി കിടക്കും, പക്ഷേ വസിക്കുന്നവരുടെ “കുഴപ്പം” കൊണ്ട് മാത്രമേ അത് നല്ല വിളവെടുപ്പു നൽകൂ. അഥവാ, ഞങ്ങളെ സംബന്ധിച്ച്, മൂല്യത്തിന്റെയും കുടുംബ പാരമ്പര്യത്തിന്റെയും വിള. സഹോദരിയെ വിളിച്ചു ഞാൻ ചോദിച്ചു, “അമ്മയുടെ വീട് നമ്മുടെ കൈവശം വച്ചാലോ? നമുക്ക് അതു വാടകയ്ക്കു കൊടുക്കാം.”

ആ തിരഞ്ഞെടുപ്പു ഞങ്ങളെ അത്ഭുതപ്പെടുത്തി. അമ്മയുടെ വീട് ഒരു നിക്ഷേപമാക്കി മാറ്റാൻ ഞങ്ങൾക്കു യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ല. എന്നാൽ വേദപുസ്തകം ഒരു ആത്മീയ വഴികാട്ടി എന്ന നിലയിൽ പ്രായോഗിക ജ്ഞാനവും പ്രദാനം ചെയ്യുന്നു. ദാവീദ് പ്രാർത്ഥിച്ചതുപോലെ, “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!” (സങ്കീർത്തനങ്ങൾ 25:4).

ഞങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ, നിരവധി ഉത്തമ കുടുംബങ്ങൾക്ക് അമ്മയുടെ വീട് വാടകയ്ക്കു കൊടുക്കാൻ എനിക്കും എന്റെ സഹോദരിക്കും അനുഗ്രഹം ലഭിച്ചു. ജീവിതത്തെ മാറ്റിമറിക്കുന്ന ഈ സത്യവും ഞങ്ങൾ മനസ്സിലാക്കി: നമ്മുടെ തീരുമാനങ്ങളെ നയിക്കാൻ തിരുവെഴുത്ത് സഹായിക്കുന്നു. “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു” (സങ്കീർത്തനങ്ങൾ 119:105) എന്ന് സങ്കീർത്തനക്കാരൻ എഴുതി.