മരണാസന്നനായി കിടക്കുന്ന, പതിനേഴാം നൂറ്റാണ്ടിലെ വ്യാകരണ പണ്ഡിതനായ ഡൊമിനിക് ബൗഹോർസിന്റെ കിടക്കയ്ക്കു ചുറ്റും കുടുംബം ഒത്തുകൂടി. അവസാന ശ്വാസം എടുത്തപ്പോൾ അദ്ദേഹം പറഞ്ഞു, “ഞാൻ മരിക്കുകയാണ്—അഥവാ ഞാൻ മരിക്കാൻ പോകുകയാണ്; അതു രണ്ടും ശരിയായ പ്രയോഗങ്ങളാണ്. തന്റെ മരണക്കിടക്കയിൽ വ്യാകരണത്തെക്കുറിച്ച് ആരാണു ചിന്തിക്കുക? ജീവിതകാലം മുഴുവൻ വ്യാകരണത്തെക്കുറിച്ചു ചിന്തിച്ച ഒരാൾ മാത്രം.
വാർദ്ധക്യത്തിലെത്തുമ്പോഴേക്കും, നാം നമ്മുടെതായ രീതികളിൽ നിന്നു മാറാൻ കഴിയാത്ത വിധം ശാഠ്യമുള്ള നിലയിലായിരിക്കും. ഒരു ജീവിതകാലം മുഴുവൻ എടുത്ത തിരഞ്ഞെടുപ്പുകൾ നല്ലതോ ചീത്തയോ ആയ സ്വഭാവമായി കണക്കാക്കുന്ന ശീലങ്ങളായി കഠിനപ്പെടുന്നു. എന്തായിരിക്കാൻ നാം തിരഞ്ഞെടുത്തോ, അതാണ് നാം.
നമ്മുടെ സ്വഭാവം ചെറുപ്പവും വഴക്കമുള്ളതുമായിരിക്കുമ്പോൾ ദൈവിക ശീലങ്ങൾ വളർത്തിയെടുക എളുപ്പമാണ്. “അതുനിമിത്തം തന്നേ നിങ്ങൾ സകല ഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും പരിജ്ഞാനത്തോടു ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ” (2 പത്രൊസ് 1:5-7) എന്നു പത്രൊസ് ഉദ്ബോധിപ്പിക്കുന്നു. ഈ സദ്ഗുണങ്ങൾ പരിശീലിക്കുക. അപ്പോൾ “നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും” (വാ. 11).
പത്രൊസിന്റെ പട്ടികയിലെ ഏത് സ്വഭാവസവിശേഷതയാണ് നിങ്ങളിൽ ഏറ്റവും സജീവമായിരിക്കുന്നത്? ഏതൊക്കെ സവിശേഷതകളാണ് ഇനിയും മെച്ചപ്പെടുത്തേണ്ടത്? നാം ആരായിത്തീർന്നുവെന്നത് നമ്മെക്കൊണ്ടു മാറ്റാൻ സാധിക്കുന്ന ഒന്നല്ല, പക്ഷേ യേശുവിന് സാധിക്കും. നിങ്ങളെ രൂപാന്തരപ്പെടുത്തി, ശാക്തീകരിക്കാൻ അവനോട് അപേക്ഷിക്കുക. മന്ദഗതിയിലുള്ളതും ദുഷ്കരവുമായ ഒരു യാത്രയായിരിക്കാം അത്. എന്നാൽ, നമുക്ക് ആവശ്യമുള്ളത് കൃത്യമായി നൽകുന്നതിൽ യേശുവിനു വൈദഗ്ദ്ധ്യമുണ്ട്. നിങ്ങൾ അധികമായി അവനെപ്പോലെ ആയിത്തീരാനായി നിങ്ങളുടെ സ്വഭാവത്തിൽ രൂപാന്തരം വരുത്താൻ അവനോട് അപേക്ഷിക്കുക.
നിങ്ങളുടെ ഏത് സ്വഭാവമാണ് നിങ്ങൾ ഏറ്റവും അധികം മാറ്റം വരുത്താൻ ആഗ്രഹിക്കുന്നത്? എപ്രകാരം നിങ്ങൾക്കു ദൈവത്തിന്റെ ശക്തിയും കരുതലും തേടിക്കൊണ്ട്, മാറ്റത്തിനു ആരംഭം കുറിക്കാൻ സാധിക്കും?
പ്രിയ യേശുവേ, മറ്റുള്ളവർ അങ്ങയെ വ്യക്തമായി കാണും വിധം എന്നെ ദയവായി അങ്ങയെപ്പോലെയാക്കേണമേ.