ഹെൻറി വാഡ്‌സ്‌വർത്ത് ലോംഗ്‌ഫെല്ലോയുടെ 1863 ലെ കവിതയെ അടിസ്ഥാനമാക്കിയുള്ള “ക്രിസ്മസ് ദിനത്തിൽ ഞാൻ മണിമുഴക്കം കേട്ടു’’ എന്നത് അസാധാരണമായ ഒരു ക്രിസ്മസ് ഗാനമാണ്. പ്രതീക്ഷിച്ച ക്രിസ്മസ് സന്തോഷത്തിനും ഉന്മേഷത്തിനും പകരം, ഈ വരികൾ ഒരു വിലാപം രൂപപ്പെടുത്തുന്നു: “നിരാശയോടെ ഞാൻ തല കുനിച്ചു / ഭൂമിയിൽ സമാധാനമില്ലെന്ന് ഞാൻ പറഞ്ഞു / വെറുപ്പ് ശക്തമാണ്, ഭൂമിയിൽ ദൈവപ്രസാദമുള്ള / മനുഷ്യർക്കു സമാധാനം എന്ന ഗാനം പരിഹസിക്കപ്പെടുന്നു.’’ എന്നിരുന്നാലും, ഈ വിലാപം പ്രതീക്ഷയിലേക്ക് നീങ്ങുന്നു, “ദൈവം മരിച്ചിട്ടില്ല, അവൻ ഉറങ്ങുന്നുമില്ല / തെറ്റ് പരാജയപ്പെടും, ശരി വിജയിക്കും / ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം.”
വിലാപത്തിൽ നിന്നുയരുന്ന പ്രത്യാശയുടെ മാതൃക ബൈബിളിലെ വിലാപ സങ്കീർത്തനങ്ങളിലും കാണാം. അതുപോലെ, സങ്കീർത്തനക്കാരൻ സങ്കീർത്തനം 43 ആരംഭിക്കുന്നത്, തന്നെ ആക്രമിക്കുന്ന ശത്രുക്കളെക്കുറിച്ചും (വാ. 1) തന്നെ മറന്നതായി തോന്നുന്ന തന്റെ ദൈവത്തെക്കുറിച്ചും (വാ. 2) നിലവിളിച്ചുകൊണ്ടാണ്. എന്നാൽ ഗായകൻ തന്റെ വിലാപത്തിൽ തുടരുന്നില്ല – തനിക്ക് പൂർണ്ണമായി മനസ്സിലാകാത്തതും എന്നാൽ താൻ ആശ്രയിക്കുന്നതുമായ ദൈവത്തെ നോക്കി അവൻ പാടുന്നു, “എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും’’ (വാ. 5).
വിലാപത്തിനുള്ള കാരണങ്ങളാൽ ജീവിതം നിറഞ്ഞിരിക്കുന്നു, നാമെല്ലാവരും അവ പതിവായി അനുഭവിക്കുന്നു. പക്ഷേ, ആ വിലാപം നമ്മെ പ്രത്യാശയുടെ ദൈവത്തിലേക്ക് ചൂണ്ടിക്കാണിക്കാൻ അനുവദിക്കുകയാണെങ്കിൽ, നമുക്ക് സന്തോഷത്തോടെ പാടാൻ കഴിയും – നമ്മുടെ കണ്ണുനീരിലൂടെ നാമതു പാടുന്നതെങ്കിലും.
ഈ നിമിഷത്തിൽ നിങ്ങൾ എന്ത് ആശങ്കകളാണ് അനുഭവിക്കുന്നത്? തിരുവെഴുത്തുകളുടെ സാക്ഷ്യത്തിൽ നിന്ന്, ജീവിതത്തിന്റെ ഈ കാലഘട്ടത്തിൽ ദൈവത്തിന് നിങ്ങൾക്ക് എങ്ങനെ പ്രത്യാശ നൽകാൻ കഴിയും?
ജീവിതഭാരങ്ങളെടു ഞാൻ മല്ലിടുമ്പോൾ, പിതാവേ, ഞാൻ നിന്നോട് നിലവിളിക്കുന്നു. എന്റെ സഹായം ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവിൽ നിന്ന്, ഉയരത്തിൽനിന്നാണ് വരുന്നതെന്ന് എന്നെ ഓർമ്മിപ്പിക്കണമേ.