വർ‌ഷം 1968. അമേരിക്ക വിയറ്റ്നാമുമായുള്ള യുദ്ധത്തിൽ മുഴുകിയിരിക്കുകയാണ്. നഗരങ്ങളിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്നു. പൊതു പ്രവർത്തകരായ രണ്ടു വ്യക്തികൾ വധിക്കപ്പെട്ടിരിക്കുന്നു. ഒരു വർഷം മുമ്പ്, വിക്ഷേപണത്തറയിൽ അഗ്നിബാധ മൂന്നു ബഹിരാകാശയാത്രികരുടെ ജീവൻ അപഹരിച്ചിരുന്നു. ചന്ദ്രനിലേക്കു പോകുക എന്ന ആശയം ഒരു സ്വപ്നമായി തോന്നി തുടങ്ങി. എന്നിരുന്നാലും, ക്രിസ്തുമസിന് അല്പ ദിവസങ്ങൾക്കു മുമ്പ് അപ്പോളോ 8 വിക്ഷേപിക്കപ്പെട്ടു.

ചന്ദ്രനെ വലംവയ്ക്കുന്ന ആദ്യത്തെ മനുഷ്യ ദൗത്യമായി ഇത് മാറി. സംഘാംഗങ്ങളായ ബോർമാൻ, ആൻഡേഴ്സ്, ലോവെൽ—മൂവരും ക്രിസ്തു വിശ്വാസികൾ—ക്രിസ്തുമസിന്റെ തലേദിനത്തേക്കുള്ള ഒരു സന്ദേശം പ്രക്ഷേപണം ചെയ്തു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പത്തി 1:1). അക്കാലത്ത്, ലോകത്ത് ഏറ്റവുമധികം വ്യക്തികൾ കണ്ട ടിവി സംഭവമായിരുന്നു അത്. ഇപ്പോൾ ജനപ്രീതിയാർജ്ജിച്ച ഒരു ചിത്രമായ ദൈവത്തിന്റെ കണ്ണുകളിലൂടെയുള്ള ഭൂമിയുടെ കാഴ്ച ദശലക്ഷക്കണക്കിനു മനുഷ്യർ പങ്കുവച്ചു. ഫ്രാങ്ക് ബോർമാൻ തന്റെ വായന പൂർത്തിയാക്കി: “നല്ലതു എന്നു ദൈവം കണ്ടു” (ഉല്പത്തി 1:10).

നാം ആഴ്ന്നുകിടക്കുന്ന എല്ലാ പ്രയാസങ്ങളും കാരണം ചിലപ്പോഴൊക്കെ നമ്മിലേക്കു തന്നെ നോക്കി നല്ലതെന്തെങ്കിലും കാണുക പ്രയാസമാണ്. എന്നാൽ നമുക്കു സൃഷ്ടിയുടെ കഥയിലേക്കു മടങ്ങി, നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം കാണാം: “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു (വാ. 27). ആ വാക്യത്തെ നമുക്കു മറ്റൊരു ദൈവിക വീക്ഷണവുമായി ചേർത്തു വായിക്കാം: “ദൈവം… ലോകത്തെ സ്നേഹിച്ചു” (യോഹന്നാൻ 3:16). ഇന്ന്, ദൈവം നിങ്ങളെ സൃഷ്ടിച്ചുവെന്നും പാപങ്ങൾക്കിടയിലും നിങ്ങളിലെ നന്മ കാണുന്നുവെന്നും അവൻ സൃഷ്ടിച്ച നിങ്ങളെ അവൻ സ്നേഹിക്കുന്നുവെന്നും ഓർക്കുക.