ജോലി നഷ്ടപ്പെട്ടപ്പോൾ ജോൺ ആകെ തകർന്നുപോയി. തുടക്കത്തേക്കാൾ തന്റെ ഉദ്യോഗവൃത്തിയുടെ അവസാനത്തോട് അടുത്തപ്പോൾ, എവിടെയെങ്കിലും പുതിയതായി ആരംഭിക്കുന്നതു ബുദ്ധിമുട്ടാണെന്നു അവൻ മനസ്സിലാക്കി. ശരിയായ ജോലിക്കായി അവൻ പ്രാർത്ഥിക്കാൻ ആരംഭിച്ചു. തുടർന്ന് ജോൺ തന്റെ റെസ്യൂമെ പുതുക്കുകയും അഭിമുഖത്തിൽ ഉപകാരപ്പെടുന്ന പൊടിക്കൈകൾ വായിക്കുകയും ഒരുപാടു ഫോൺ കോളുകൾ നടത്തുകയും ചെയ്തു. ആഴ്ചകളോളം അപേക്ഷിച്ചതിനു ശേഷം, മികച്ച സമയക്രമവും യാത്രാസൗകര്യവുമുള്ള ഒരു പുതിയ ജോലി അവൻ സ്വീകരിച്ചു. വിശ്വസ്തതയോടുകൂടിയ അവന്റെ അനുസരണവും ദൈവത്തിന്റെ കരുതലും തികഞ്ഞ ഒരു ഇടത്തുവച്ചു കൂട്ടിമുട്ടി.

യിസ്രായേൽജനം മിസ്രയീമിൽ അടിമത്തത്തിലായിരുന്ന കാലത്തു യോഖേബെദും (പുറപ്പാട് 6:20) അവളുടെ കുടുംബവും ഇതിലും നാടകീയമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിച്ചു. നവജാതരായ എല്ലാ എബ്രായ പുത്രന്മാരെയും നൈൽ നദിയിൽ എറിഞ്ഞുകളയണമെന്നു ഫറവോൻ ഉത്തരവിട്ടപ്പോൾ (1:22), യോഖേബെദ് ഭയന്നുപോയിരിക്കണം. നിയമം മാറ്റാനുള്ള കഴിവ് അവൾക്കില്ലെങ്കിലും ദൈവത്തെ അനുസരിച്ചുകൊണ്ടു തന്റെ മകനെ രക്ഷിക്കാനുള്ള ചില നടപടികൾ എടുക്കാൻ അവൾക്കു സാധിച്ചു. വിശ്വാസത്തിൽ അവൾ അവനെ മിസ്രയീമ്യരിൽ നിന്നു ഒളിച്ചുവച്ചു. വെള്ളം കയറാത്ത ചെറിയ ഒരു ഞാങ്ങണപ്പെട്ടകം ഉണ്ടാക്കി, “നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു” (2:3). അവന്റെ ജീവൻ അത്ഭുതകരമായി സംരക്ഷിക്കാനായി ദൈവം ഇടപെട്ടു (വാ. 5-10). പിന്നീട് യിസ്രായേൽമക്കളെ എല്ലാം അടിമത്തത്തിൽ നിന്നു വിടുവിക്കാൻ ദൈവം അവനെ ഉപയോഗിച്ചു (3:10).

ജോണും യോഖേബെദും വളരെ വ്യത്യസ്തമായ ചുവടുകളാണു വച്ചതെങ്കിലും രണ്ടു കഥകളും വിശ്വാസം നിറഞ്ഞ പ്രവർത്തനത്താൽ അടയാളപ്പെടുത്തിയിരിക്കുന്നു. ഭയം നമ്മെ തളർത്തിക്കളയും. നമ്മൾ പ്രതീക്ഷിച്ചതോ പ്രത്യാശിച്ചതോ അല്ല ഫലമെങ്കിലും, ഫലം എന്തുതന്നെ ആയിരുന്നാലും, ദൈവത്തിന്റെ നന്മയിൽ ആശ്രയിക്കാൻ വിശ്വാസം നമ്മെ പ്രാപ്തരാക്കുന്നു.