എന്റെ കുട്ടിക്കാലത്തു ഞാൻ ഒഹായോയിൽ ആയിരുന്നപ്പോൾ, നിരവധി നിർമ്മാണ സൈറ്റുകൾക്കു സമീപമായിരുന്നു ഞങ്ങളുടെ താമസം. അവരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട്, ഞാനും എന്റെ സുഹൃത്തുക്കളും ഒരു കോട്ട പണിയുന്നതിനായി ഉപേക്ഷിക്കപ്പെട്ട നിർമ്മാണ വസ്തുക്കൾ ശേഖരിച്ചു. ഞങ്ങളുടെ മാതാപിതാക്കളിൽ നിന്നു ഉപകരണങ്ങൾ കടംവാങ്ങി, ഞങ്ങൾ മരത്തടികൾ വലിച്ചുകൊണ്ടുവന്നു, ഞങ്ങളുടെ പക്കലുള്ള സാമഗ്രികൾ ഞങ്ങളുടെ ഉദ്ദേശ്യങ്ങൾ അനുസരിച്ചു മാറ്റിയെടുക്കാൻ ദിവസങ്ങൾ ചെലവഴിച്ചു. വളരെ വിനോദം നിറഞ്ഞ പ്രവൃത്തികളായിരുന്നു അതെങ്കിലും ഞങ്ങൾക്കു ചുറ്റുമുള്ള മികച്ച കെട്ടിടങ്ങളുടെ, മോശം പ്രതിഫലനങ്ങളായിരുന്നു ഞങ്ങളുടെ ശ്രമങ്ങൾ. അവ അധികനാൾ ഈടുനിന്നില്ല.

ഉല്പത്തി 11-ൽ, ഒരു പ്രധാന കെട്ടിട നിർമ്മാണ പദ്ധതിയെക്കുറിച്ചു നാം കാണുന്നുണ്ട്. “ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക” (വാ. 4) എന്നു ജനം പറയുന്നു. ഈ പരിശ്രമത്തിന്റെ ഒരു വലിയ പ്രശ്നമെന്തെന്നാൽ, “നമുക്കു ഒരു പേരുമുണ്ടാക്കുക” (വാ. 4) എന്ന ഉദ്ദേശ്യത്തോടെയാണ് അവർ അതു ചെയ്തത് എന്നതാണ്. 

മനുഷ്യരെ സംബന്ധിച്ചു ആവർത്തിക്കുന്ന ഒരു പ്രശ്നമാണിത്; നമുക്കും നമ്മുടെ നേട്ടങ്ങൾക്കുമായി നാം സ്മാരകങ്ങൾ നിർമ്മിക്കുന്നു. പിന്നീടു വേദപുസ്തക വിവരണത്തിൽ, ദേവാലയം പണിയുന്നതിനുള്ള ശലോമോന്റെ പ്രേരണയുമായി ഈ കഥ വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം: “എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ ഞാൻ വിചാരിക്കുന്നു” (1 രാജാക്കന്മാർ 5:5) എന്നാണു ശലോമോൻ പറഞ്ഞത്.

താൻ നിർമ്മിക്കുന്നവ തന്നിലേക്കല്ല, ദൈവത്തിലേക്കാണു വിരൽ ചൂണ്ടേണ്ടതെന്നു ശലോമോൻ മനസ്സിലാക്കി. ഇതിനെക്കുറിച്ചു അവൻ ഒരു സങ്കീർത്തനം പോലും എഴുതുവാൻ തക്കവിധം വളരെ പ്രധാനപ്പെട്ട ഒരു പാഠമായിരുന്നു ഇത്. “യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണു സങ്കീർത്തനം 127 ആരംഭിക്കുന്നത്. എന്റെ കുട്ടിക്കാലത്തെ കോട്ട നിർമ്മാണം പോലെ, നം നിർമ്മിക്കുന്നവ ഈടുനിൽക്കില്ല. എന്നാൽ, ദൈവത്തിനായും അവന്റെ നാമത്തിനായും ചെയ്യുന്ന കാര്യങ്ങൾക്കു ശാശ്വത പ്രാധാന്യമുണ്ട്.