എന്റെ സുഹൃത്തിന്റെ കണ്ണുകൾ എന്റെ വികാരത്തെ വെളിപ്പെടുത്തി- ഭയം! ഞങ്ങൾ രണ്ട് കൗമാരക്കാർ മോശമായി പെരുമാറി, ഇപ്പോൾ ക്യാമ്പ് ഡയറക്ടറുടെ മുമ്പാകെ ഭയന്നു. ഞങ്ങളുടെ പിതാക്കന്മാരെ നന്നായി അറിയാവുന്ന ആ മനുഷ്യൻ, ഞങ്ങളുടെ പിതാക്കന്മാർ വല്ലാതെ നിരാശരാകുമെന്ന് സ്നേഹത്തോടെ എന്നാൽ ഗൗരവത്തോടെ ചൂണ്ടിക്കാണിച്ചു. മേശയ്ക്കടിയിൽ നുഴഞ്ഞുകയറാൻ ഞങ്ങൾ ആഗ്രഹിച്ചു-ഞങ്ങളുടെ കുറ്റത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തിന്റെ ഭാരം ഞങ്ങൾക്കനുഭവപ്പെട്ടു.
യെഹൂദയിലെ ജനങ്ങൾക്കായി ദൈവം സെഫന്യാവിന് ഒരു സന്ദേശം നൽകി, അതിൽ പാപത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ശക്തമായ വാക്കുകൾ അടങ്ങിയിരുന്നു (സെഫന്യാവ് 1:1, 6-7). യെഹൂദയുടെ ശത്രുക്കൾക്കെതിരെ അവൻ കൊണ്ടുവരുന്ന ന്യായവിധികൾ വിവരിച്ച ശേഷം (അദ്ധ്യായം 2), അവൻ തന്റെ കുറ്റക്കാരായ, ഞെരുങ്ങുന്ന ആളുകളിലേക്ക് കണ്ണുതിരിച്ചു (അദ്ധ്യായം 3). “മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം!” ദൈവം പ്രഖ്യാപിച്ചു (3:1). “അവർ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികൾ ഒക്കെയും ചെയ്തുപോന്നു” (വാ. 7).
അവൻ തന്റെ ജനത്തിന്റെ മരവിച്ച ഹൃദയങ്ങൾ-അവരുടെ ആത്മീയ നിസ്സംഗത, സാമൂഹിക അനീതി, വൃത്തികെട്ട അത്യാഗ്രഹം എന്നിവ – കണ്ടു. അവൻ സ്നേഹപൂർവമായ അച്ചടക്കം കൊണ്ടുവരികയായിരുന്നു. വ്യക്തികളോ പ്രഭുക്കളോ, ന്യായാധിപന്മാരോ പ്രവാചകന്മാരോ (വാ. 3-4) എന്ന വ്യത്യാസമില്ലാതെ എല്ലാവരും അവന്റെ മുമ്പിൽ കുറ്റക്കാരായിരുന്നു.
യേശുവിൽ വിശ്വസിക്കുന്നവരും പാപത്തിൽ തുടരുന്നവരുമായ ആളുകൾക്ക്് അപ്പൊസ്തലനായ പൗലൊസ് എഴുതി: ”നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു. അവൻ ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും” (റോമർ 2:5-6). അതിനാൽ, യേശുവിന്റെ ശക്തിയിൽ, നമ്മുടെ പരിശുദ്ധനും സ്നേഹനിധിയുമായ പിതാവിനെ ബഹുമാനിക്കുന്ന വിധത്തിൽ, പശ്ചാത്താപത്തിനിടയില്ലാത്ത വിധത്തിൽ നമുക്ക് ജീവിക്കാം.
നിങ്ങളുടെ പാപത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കേണ്ടത് എന്തുകൊണ്ടാണ്? നിങ്ങളുടെ തെറ്റായ തിരഞ്ഞെടുപ്പുകൾ എങ്ങനെയാണ് ദൈവത്തിന് അപമാനം വരുത്തുന്നത്?
സ്വർഗ്ഗീയ പിതാവേ, അങ്ങേയ്ക്കായി നല്ല തിരഞ്ഞെടുപ്പുകൾ നടത്താൻ എന്നെ സഹായിക്കണമേ.