താൻ കണ്ടുമുട്ടിയ എല്ലാവരിലും പുഞ്ചിരി സമ്മാനിക്കുന്ന ഊർജ്ജസ്വലയും തമശക്കാരിയുമായ പെൺകുട്ടിയായിരുന്നു ലൂയിസ്. അഞ്ചാമത്തെ വയസ്സിൽ, അവൾ ഒരു അപൂർവ രോഗത്തിന് ദാരുണമായി കീഴടങ്ങി. അവളുടെ പെട്ടെന്നുള്ള വേർപാട് അവളുടെ മാതാപിതാക്കളായ ഡേ ഡേയ്ക്കും പീറ്ററിനും ഒപ്പം അവരോടൊപ്പം ജോലി ചെയ്തിരുന്ന ഞങ്ങൾക്കെല്ലാം ഒരു ഞെട്ടലായിരുന്നു. അവരോടൊപ്പം ഞങ്ങളും സങ്കടപ്പെട്ടു.
എന്നിരുന്നാലും, ഡേ ഡേയും പീറ്ററും മുന്നോട്ടു പോകാനുള്ള ശക്തി കണ്ടെത്തി. അവർ എങ്ങനെയാണ് നേരിടുന്നതെന്ന് ഞാൻ ഡേ ഡേയോട് ചോദിച്ചപ്പോൾ, ലൂയിസ് ആയിരിക്കുന്ന ഇടത്തിൽ – യേശുവിന്റെ സ്നേഹനിർഭരമായ കരങ്ങളിൽ – ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്നാണ് അവർ ശക്തി നേടിയതെന്ന് അവൾ പറഞ്ഞു. ”നിത്യജീവിതത്തിലേക്ക് കടക്കാനുള്ള സമയമായ ഞങ്ങളുടെ മകളെ ഓർത്ത് ഞങ്ങൾ സന്തോഷിക്കുന്നു,” അവൾ പറഞ്ഞു. “ദൈവത്തിന്റെ കൃപയാൽ, ശക്തിയാൽ, നമുക്ക് ദുഃഖത്തിലൂടെ സഞ്ചരിക്കാനും അവൻ നമ്മെ ഏൽപ്പിച്ച കാര്യങ്ങൾ തുടർന്നും ചെയ്യാനും കഴിയും.”
യേശുവിൽ തന്നെത്തന്നെ വെളിപ്പെടുത്തിയ ദൈവത്തിന്റെ ഹൃദയത്തിലുള്ള അവളുടെ ആത്മവിശ്വാസത്തിലാണ് ഡേ ഡേ ആശ്വാസം കണ്ടെത്തുന്നത്. ബൈബിൾ പ്രത്യാശ കേവലം ശുഭാപ്തിവിശ്വാസത്തേക്കാൾ വളരെ കൂടുതലായ ഒന്നാണ്; അത് ദൈവത്തിന്റെ വാഗ്ദത്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു തികഞ്ഞ ഉറപ്പാണ്, അത് അവൻ ഒരിക്കലും ലംഘിക്കുകയില്ല. വേർപിരിഞ്ഞ സുഹൃത്തുക്കളെ ഓർത്ത് ദുഃഖിക്കുന്നവരെ പൗലൊസ്ധൈര്യപ്പെടുത്തിയതുപോലെ, നമ്മുടെ ദുഃഖത്തിൽ, നമുക്ക് ഈ ശക്തമായ സത്യത്തെ മുറുകെ പിടിക്കാം: “യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും” (1 തെസ്സലൊനീക്യർ 4:14). ഈ പ്രത്യാശ ഇന്ന് നമ്മുടെ ദുഃഖത്തിലും നമുക്ക് ശക്തിയും ആശ്വാസവും നൽകട്ടെ.
തന്നെ അനുഗമിക്കുന്നവർക്കുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ ശക്തി നേടാനാകും? പ്രിയപ്പെട്ട ഒരാളെയോ സുഹൃത്തിനെയോ ഓർത്ത് ദുഃഖിക്കുന്ന ഒരാളെ നിങ്ങൾക്ക് എങ്ങനെ ആശ്വസിപ്പിക്കാനാകും?
പിതാവേ, ഇന്ന് അങ്ങു നൽകുന്ന പ്രത്യാശയ്ക്കും ആശ്വാസത്തിനും നന്ദി പറയുന്നു. ഇന്ന് എനിക്ക് മറ്റുള്ളവരെ ധൈര്യപ്പെടുത്താൻ കഴിയേണ്ടതിന് ഇന്ന് എന്നെ ശക്തീകരിക്കണമേ.